നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യലിന് ശേഷം സോണിയാ ഗാന്ധി ഇഡി ഓഫീസ് വിട്ടു. കേസിൽ ഇനി ഹാജരാകുന്നത് സംബന്ധിച്ച് അറിയിപ്പ് ഒന്നും നൽകിയിട്ടില്ല. അതേസമയം ഇഡിയുടെ ചോദ്യം ചെയ്യലിനെതിരെ ഇന്നും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സോണിയ ഗാന്ധി ചോദ്യം ചെയ്യലിനോട് പൂർണമായി സഹകരിച്ചുവെന്നാണ് ഇഡി വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതുവരെ 11 മണിക്കൂറാണ് സോണിയാ ഗാന്ധിയെ ഇഡി സംഘം ചോദ്യം ചെയ്തത്.

പ്രിയങ്ക ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഒപ്പമാണ് മൂന്നാം ദിവസവും സോണിയ ഗാന്ധി ഇ ഡി ഓഫീസിലെത്തിയത്. തുടർച്ചയായി രണ്ടാം ദിവസമാണ് സോണിയയുടെ ചോദ്യം ചെയ്യൽ. വലിയ പ്രതിഷേധമാണ് ഇഡി നടപടികൾക്കെതിരെ കോൺഗ്രസ് ഉയർത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 55 ചോദ്യങ്ങള്‍ സോണിയയോട് ചോദിച്ചതായാണ് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയോടുന്നയിച്ച അതേ ചോദ്യങ്ങളാണ് സോണിയയോടും ചോദിച്ചത്. 

ഡൽഹിയിൽ കോൺഗ്രസ് എംപിമാർ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തി. തുടർന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച എംപിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. 66 കോൺഗ്രസ് എംപിമാരെ കസ്റ്റഡിയിലെടുത്തിരുന്നു. എഐസിസി അസ്ഥാനത്തും കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. മാർച്ച് നയിച്ച കെസി വേണുഗോപാൽ, മുകുൾ വാസ്‌നിക് അടക്കമുള്ള എംപിമാരെ പോലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു. രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നിവരേയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്ഭവനിന്റെ മുന്നിൽ ബാരിക്കേഡ് വെച്ച് പോലീസ് മാർച്ച് തടഞ്ഞു. പിന്നീട് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

അഡീഷൽ ഡയറക്ടർ ഉൾപ്പെടെ അഞ്ച് വനിത ഉദ്യോഗസ്ഥർ അടങ്ങുന്ന  സംഘമാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടെ ക്ഷീണം അനുഭവപ്പെട്ടാൽ വിശ്രമിക്കാൻ സമയം അനുവദിക്കുമെന്നും ഇഡി അറിയിച്ചിരുന്നു.

Comments

COMMENTS

error: Content is protected !!