Uncategorized

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രമേശ് ചെന്നിത്തല

 

നിത്യോപയോഗസാധനങ്ങളുടെ കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണിയിൽ ഇടപെടാതെ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.  

വൻവിലക്കയറ്റം സാധാരണക്കാരുടെ കുടംബ ബജറ്റിന്റെ താളം തെറ്റിച്ചിട്ടും സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ് സാധനങ്ങള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്. അരിക്ക് മാത്രം പത്ത് മുതൽ പതിനഞ്ച് രൂപ വരെയാണ് കൂടിയത്. പിണറായി സർക്കാർ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ വാഗ്ദാനം അഞ്ച് വര്‍ഷത്തേക്ക് അവശ്യ സാധനങ്ങളുടെ വില മാവേലി സ്റ്റോറുകളിൽ വര്‍ധിക്കില്ലെന്നായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിലും വന്‍വിലക്കയറ്റമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോള്‍ ജനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നട്ടം തിരിയുകയാണ്. സര്‍ക്കാരിന്റെ കെടു കാര്യസ്ഥത വിലക്കയറ്റത്തെ രൂക്ഷമാക്കുകയാണ് ഉണ്ടായത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമുണ്ടാവുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിദേശയാത്ര സംബന്ധിച്ച് നടത്തിയ വാർത്താസമ്മേളത്തിൽ പറഞ്ഞ കാര്യങ്ങൾ ഒരു ഉയർന്ന ഉദ്യോഗസ്ഥന് ചെയ്യാവുന്ന കാര്യങ്ങളാണ്. ഈ കൊച്ചുകാര്യങ്ങൾക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ പോകേണ്ട കാര്യമില്ല.

ഈ യാത്ര രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ഉല്ലാസയാത്രയാണ്. സർക്കാർ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. സർക്കാർ അടിയന്തരമായി  വിപണിയിൽ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിർത്തി  ജനങ്ങൾക്ക് ന്യായവിലയ്ക്ക് നിത്യോപയോഗസാധനങ്ങൾ ഉറപ്പ് വരുത്തണമെന്ന്  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button