നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവ്; നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകീട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി

നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന മൂന്ന് പേരുടെ ഫലം നെഗറ്റീവെന്ന് പരിശോധനയിൽ കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജിലെ വി ആർ ഡി എൽ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇവർക്ക് നിപ ഇല്ലെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധന ഫലം നെഗറ്റീവ് ആയതിനാൽ ഇവരുടെ സാംപിളുകൾ പുണെയിലേക്ക് അയക്കില്ല. നിപ ലക്ഷണങ്ങളോടെ ചികിത്സ തേടിയ മൂന്ന് പേരുടെ സാംപിളുകളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ചത്..

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകീട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി. ഐസിഎംആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വിമാനമാര്‍ഗം മരുന്ന് എത്തിക്കുമെന്ന് അവര്‍ അറിയച്ചതായും വീണാ ജോര്‍ജ് പറഞ്ഞു. രോഗിയുടെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിപ വൈറസ് സ്ഥീരീകരിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലും തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിപ സ്ഥിരീകരിക്കാനാകും. കേരളത്തില്‍ കാണുന്നത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ്. മരണനിരക്ക് കൂടുതലും വ്യാപനശേഷി കുറവുമാണെന്ന് വീണാ ജോര്‍ജ് പറഞ്ഞു.

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ജില്ലയിലെ ഏഴു ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെട്ട വാര്‍ഡുകള്‍ കണ്ടയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എ ഗീത ഉത്തരവിട്ടു. കണ്ടെയിന്‍മെന്റ് സോണായ പ്രദേശങ്ങളില്‍നിന്ന് അകത്തേക്കോ പുറത്തേക്കോ യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമെ അനുവദനീയമായിട്ടുള്ളു. പ്രവര്‍ത്തന സമയം രാവിലെ 07 മണി മുതല്‍ വൈകുന്നേരം 05 മണി വരെ മാത്രം. മരുന്ന് ഷോപ്പുകള്‍ക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധിയില്ല. തദ്ദേശസ്വയംഭരണ സ്ഥാപനവും/ വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കേണ്ടതും എന്നാല്‍ സര്‍ക്കാര്‍ -അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖല- ബാങ്കുകള്‍,സ്‌കൂളുകള്‍,അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ മറ്റൊരു സ്ഥാപനവും ഇനിയൊരുത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വില്ലേജുകളിലും പൊതുജനങ്ങള്‍ എത്തുന്നത് തടയേണ്ടതും പരമാവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്.

വയനാട് ജില്ലയിലും നിപ ജാഗ്രത പുറപ്പെടുവിച്ചു. കുറ്റ്യാടിക്ക് അടുത്തുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലാണ് ജാഗ്രതാനിര്‍ദേശം. നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് കോഴിക്കോട് എത്തും. പൂനെ എന്‍ഐവിയുടെ മൊബൈല്‍ ലാബ് യൂണിറ്റും എത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

Comments

COMMENTS

error: Content is protected !!