നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
നിപ പരിശോധനക്ക് അയച്ച 11 സാംപിളുകൾ കൂടി നെഗറ്റീവ് എന്ന് റിപ്പോർട്ട് ലഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. പുതിയ പോസിറ്റീവ് കേസുകൾ ഒന്നും ഇല്ലെന്നും ചികിത്സയിലുള്ള 9 വയസ്സുകാരന്റെ നില മെച്ചപ്പെട്ടതായും മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമ്പർക്കപട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ആദ്യം മരിച്ച വ്യക്തി പോയ സ്ഥലങ്ങൾ കണ്ടെത്താൻ പോലീസ് സഹായത്തോടെ ശ്രമിക്കുന്നത്. മരുതോങ്കര സ്വദേശിക്ക് രോഗ ലക്ഷണം ഉണ്ടായ ദിവസത്തിന് മുമ്പുള്ള ദിവസങ്ങളിൽ അയാൾ പോയ സ്ഥലങ്ങൾ കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
രണ്ടു കുഞ്ഞുങ്ങളടക്കം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി. അവസാനം പോസിറ്റീവായ വ്യക്തിയുടെ കോണ്ടാക്ട് ട്രേസിങ് ഉടന്‍ പൂര്‍ത്തിയാക്കും. ആദ്യം വൈറസ് ബാധിച്ച വ്യക്തിയുടെ രോഗ ഉറവിടം തിരിച്ചറിയാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. അതിനായി അദ്ദേഹത്തിന്റെ മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പടെ ശേഖരിക്കും. ഇതിന് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. സാമ്പിള്‍ ശേഖരണത്തിന് രോഗികളെ എത്തിക്കാന്‍ കൂടുതല്‍ ആംബുലന്‍സ് ലഭ്യമാക്കും.