രാജ്യത്ത് കേസുകൾ അതിവേ​ഗം തീർപ്പാക്കുന്നതിൽ കേരള ഹൈക്കോടതി മുന്നിൽ

കൊച്ചി: രാജ്യത്ത് കേസുകൾ അതിവേ​ഗം തീർപ്പാക്കുന്നതിൽ കേരള ഹൈക്കോടതി മുന്നിൽ. 2023ൽ ഫയൽ ചെയ്ത ഒരു ലക്ഷത്തോളം കേസുകളിൽ എൺപത്തി ആറായിരത്തി എഴുനൂറ് കേസുകളും കേരള ഹൈക്കോടതി തീർപ്പാക്കി. രാജ്യത്തെ മറ്റ് ഹൈക്കോടതികളിൽ മദ്രാസ് ഹൈക്കോടതി മാത്രമാണ് കേരളത്തിനൊപ്പമുള്ളത്. മുൻ വർഷത്തെ അപേക്ഷിച്ച് മൂന്ന് ശതമാനത്തോളം കേസുകൾ അധികമായി തീർപ്പാക്കാനും കേരള ഹൈക്കോടതിക്ക് കഴിഞ്ഞു. അതേസമയം, ഇതുവരെ തീരുമാനമെടുക്കാതെ രണ്ടര ലക്ഷത്തോളം മുൻകാല കേസുകൾ ഹൈക്കോടതിയിൽ ഇപ്പോഴും കെട്ടിക്കിടപ്പുണ്ട്.

2023 ൽ സിവിൽ , ക്രിമിനൽ അപ്പീലുകൾ, റിവിഷൻ ഹർജികൾ, റിട്ട് ഹർജികൾ ജാമ്യാപേക്ഷകൾ എന്നിവയിലൂടെ 98,985 ഹർജികളാണ് ഹൈക്കോടതിയിലെത്തിയത്. ഇതിൽ 44,368 റിട്ട് ഹർജിയും, 11,649 ജാമ്യാപേക്ഷയുമുണ്ട്. ഇതിൽ 86,700 കേസുകളും ഈ വർഷം തന്നെ തീർപ്പാക്കാൻ കഴിഞ്ഞു. ഏതാണ്ട് 88 ശതമാനത്തോളം കേസുകളാണ് തീർപ്പാക്കിയത്.

9,360 കേസുകളിൽ വിധിപറഞ്ഞ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണനാണ് കൂടുതൽ കേസുകളിൽ തീരുമാനമെടുത്തത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6,160 കേസുകളിൽ ഒരുവർഷം കൊണ്ട് വിധിപറഞ്ഞു. ജസ്റ്റിസുമാരായ പി ഗോപിനാഥ്, മുഹമ്മദ് നിയാസ്, എൻ നഗരേഷ്, സിയാദ് റഹ്മാൻ എന്നിവരും കേസുകൾ തീർപ്പാക്കുന്നതിൽ മുന്നിലുണ്ട്.

36 ജഡ്ജിമാരുള്ള ഹൈക്കോടതിയിലെ ഭൂരിഭാഗം ബഞ്ചുകളും പൂർണമായി പേപ്പർ രഹിതമാക്കി. ഇതോടൊപ്പം കീഴ്കോടതികളെയും പേപ്പർ രഹതിമാക്കുന്ന നടപടികളും അതിവേഗം പുരോഗമിക്കുകയാണ്.

Comments
error: Content is protected !!