KERALA

തെരുവുനായകള്‍ക്ക് കൂട്ട വാക്‌സിനേഷനുമായി സര്‍ക്കാര്‍;പേവിഷബാധ ഒഴിവാക്കലിനാണ് മുന്‍ഗണനയെന്നും തദ്ദേശമന്ത്രി എം.ബി രാജേഷ്

 

തിരുവനന്തപുരം: തെരുവുനായ ശല്യം നേരിടാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. തെരുവുനായകള്‍ക്ക് കൂട്ട വാക്‌സിനേഷന്‍ നല്‍കാനാണ് പ്രധാനപ്പെട്ട തീരുമാനം. ഒരു മാസം നീളുന്ന വാക്‌സിനേഷന്‍ യജ്ഞമാണ് നടത്തുക. ഈ മാസം 20 മുതല്‍ ഒക്ടോബര്‍ 20 വരെയാണ് വാക്‌സിനേഷന്‍ യജ്ഞം. പേവിഷബാധ ഒഴിവാക്കലിനാണ് മുന്‍ഗണനയെന്നും തദ്ദേശമന്ത്രി എം.ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളാണ് ഇന്ന് യോഗം തീരുമാനിച്ചത്. തെരുവുനായകളുടെ കടിയേല്‍ക്കുന്ന പലര്‍ക്കും പേവിഷബാധയുണ്ടാവുന്നതാണ് അത് മരണകാരണമാകുന്നതെന്ന് മന്ത്രി പറഞ്ഞു. അതിനാല്‍ വലിയ പേവിഷബാധാ ഭീതി നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തെരുവുനായകള്‍ക്ക് കൂട്ടവാക്‌സിനേഷന്‍ നല്‍കാനും അതിനായി ഒരു മാസം നീണ്ടുനില്‍ക്കുന്ന യജ്ഞം നടത്താനും തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.

അതിനായി ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവയ്ക്ക് പ്രത്യേകം സജ്ജീകരിച്ച വാഹനം വാടകയ്ക്ക് എടുക്കാന്‍ അനുമതി നല്‍കും. നായകളെ പിടികൂടാന്‍ പരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് വാക്‌സിനേഷന്‍ യജ്ഞം ആരംഭിക്കും. കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ കോവിഡ് കാലത്ത് രൂപീകരിച്ച സന്നദ്ധസേനയില്‍ നിന്ന് താല്‍പര്യമുള്ളവരെ ക്ഷണിക്കും. അവര്‍ക്കൊപ്പം കുടുംബശ്രീ ലഭ്യമാക്കുന്ന ആളുകള്‍ക്കും പരിശീലനം നല്‍കും. സെപ്തംബറില്‍ തന്നെ പരിശീലനം നല്‍കാനാണ് തീരുമാനം. ഇതിനായി വെറ്ററിനറി സര്‍വകലാശാലയുടെ സഹായം തേടിയിട്ടുണ്ട്. പരിശീലനത്തിന് ഒമ്പതു ദിവസം വേണ്ടിവരും.

അങ്ങനെ കൂട്ട വാക്‌സിനേഷന്‍ നല്‍കുന്നതോടുകൂടി, തെരുവുനായകളുടെ കടിയേറ്റാലും അപകടകരമായൊരു സാഹചര്യത്തിലേക്ക് എത്തില്ലെന്ന് ഉറപ്പാക്കാനാവും. അതിനുവേണ്ട വാക്‌സിന്‍ അടിയന്തരമായി വാങ്ങാനുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് സ്വീകരിക്കാം എന്നറിയിച്ചിട്ടുണ്ട്. വളര്‍ത്തുനായകള്‍ക്കും വാക്‌സിനേഷന്‍ നടത്തും. വാക്‌സിനേഷന്‍ നടത്തുന്ന നായകളെ തിരിച്ചറിയാന്‍ മൈക്രോ ചിപ്പിങ്, സ്േ്രപ പെയ്ന്റിങ് പോലുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തും. പലരും ഭക്ഷണം കൊടുത്തൊക്കെ ഇണങ്ങിവളരുന്ന പട്ടികള്‍ തെരുവിലുണ്ടാവും. അവയെ വാക്‌സിനേഷനു കൊണ്ടുവരുന്നവര്‍ക്ക് സര്‍ക്കാര്‍ 500 രൂപ നല്‍കും.

പഞ്ചായത്ത് തലത്തില്‍ നായകള്‍ക്ക് ഷെല്‍ട്ടറുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങള്‍ കണ്ടെത്തും. ഹോട്ട്‌സ് സ്‌പോട്ടുകളില്‍ ഇക്കാര്യങ്ങള്‍ക്ക് പ്രത്യേകം ഊന്നല്‍ നല്‍കും. വായിലൂടെയുള്ള വാക്‌സിനേഷന്റെ സാധ്യതകള്‍ തേടാനും തീരുമാനിച്ചിട്ടുണ്ട്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button