നിപ വൈറസ് എവിടെ നിന്ന് വന്നു. വവ്വാലിൻ്റെയും ആടിൻ്റെയും ഫലം നെഗറ്റീവ്
നിപാ ബാധിച്ച് 12 വയസ്സുകാരനായ വിദ്യാർഥി മുഹമ്മദ് ഹാഷിം മരിച്ച ചാത്തമംഗലത്തുനിന്ന് ശേഖരിച്ച പക്ഷി മൃഗങ്ങളുടെ സാമ്പിളും നെഗറ്റീവ്. വവ്വാലുകളുടെയും ആടുകളിലെയും സാമ്പിളുകളിൽ നിപാ വൈറസ് സാന്നിധ്യമില്ലെന്ന് പരിശോധനാ ഫലം.
ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് വൈറസ് സാന്നിധ്യം ഇല്ലെന്ന് കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകളാണ് പരിശോധിച്ചത്.
കാട്ടുപന്നിയുടേതടക്കം സാമ്പിൾ പരിശോധനാഫലങ്ങൾ ഇനിയും വരാനുണ്ട്. റമ്പൂട്ടാൻ സാമ്പിൾ പരിശോധനാ ഫലവും വരാനുണ്ട്. ആറ് ചത്ത വവ്വാലുകളും വവ്വാലുകളുടെ വിസർജ്യവും 23 ആടുകളുടെ രക്തവും സ്രവവും വവ്വാലുകൾ കടിച്ച റമ്പൂട്ടാൻ പഴവുമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ഡിസീസിലേക്ക് അയച്ചത്.
നേരത്തെ കേരളത്തിൽ നിപ റിപ്പോർട്ട ചെയ്ത സ്ഥലങ്ങളിൽ എല്ലാം പരിശോധനകൾ തുടർന്നിരുന്നു. എങ്കിലും കൃത്യമായ ഉറവിടത്തിലേക്ക് എത്താൻ കഴിഞ്ഞില്ല. ചാത്തമംഗലത്ത് ഇപ്പോൾ മരിച്ച മുഹമ്മദ് ഹാഷിമിൻ്റെ ഒരു റിസൾട്ട് മാത്രമാണ് നിപ സാന്നിധ്യം കണ്ടെത്തയതായി ഉള്ളത്.