സ്കൂള്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഇരട്ടി വേഗതയില്‍; കൈറ്റ് ബി എസ് എന്‍ എൽ ധാരണ

തിരുവനന്തപുരം: കേരള സംസ്ഥാനത്തിലെ  ഹൈസ്കൂള്‍ – ഹയർസെക്കന്ററി – വി എച്ച് എസ് ഇ സ്കൂളുകളില്‍ 100 എം ബി പി എസ് വേഗതയില്‍  ബ്രോഡ്ബാന്റ് ഇന്റർനെറ്റ്  സൗകര്യം ഏർപ്പെടുത്താന്‍ കൈറ്റ് ബി എസ് എന്‍ എല്ല് ധാരണ. നിലവിലുള്ള 8 എം ബി പി എസ് വേഗതയിലുള്ള ഫൈബർ കണക്ഷനുകളിലാണ് പന്ത്രണ്ടര ഇരട്ടി വേഗതയില്‍ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നല്‍കാനുള്ള ധാരണാപത്രം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി  ശിവന്‍കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം.മുഹമ്മദ് ഹനീഷിന്റെയും സാന്നിധ്യത്തില്‍ കൈറ്റ് സി ഇ ഒയായ കെ അന്‍വർ സാദത്തും ബി എസ് എന്‍ എല്‍ കേരളാ സി ജി എം സി വി വിനോദും കൈമാറി.

ഇതോടെ ഹൈടെക് സ്കൂള്‍ പദ്ധതിയില്‍പ്പെട്ട 4685 സ്കൂളുകളിലെ 45000 ക്ലാസ്‍മുറികളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യമാകും. നിലവില്‍ ക്ലാസ്‍മുറികളില്‍ സമഗ്ര വിഭവ പോർട്ടലും സഹിതം മെന്ററിംഗ് പോർട്ടലും ഓഫ്‍ലൈന്‍ രൂപത്തില്‍ ഉപയോഗിക്കാന്‍ സൗകര്യ മുണ്ടെങ്കിലും വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് എല്ലാ ക്ലാസ്‍മുറികളിലും എത്തുന്നത് ഡിജിറ്റല്‍/ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ്‍റൂം വിനിമയങ്ങള്‍ക്ക് ശക്തി പകരും. ഇതോടെ കൈറ്റ് വിക്ടേഴ്സ് ചാനല്‍ എല്ലാ ക്ലാസ് മുറിയിലും തടസങ്ങളില്ലാതെ ലഭ്യമായി തുടങ്ങും.

രാജ്യത്ത് ആദ്യമായി നടപ്പാക്കുന്ന ഈ പദ്ധതി ഒരു വി‍ജ്ഞാന സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് കരുത്തു പകരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Comments

COMMENTS

error: Content is protected !!