നിയമവിരുദ്ധമായി എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
നിയമവിരുദ്ധമായി എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് സഞ്ചരിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. വാഹനം വാങ്ങുമ്പോള്‍ അതിലുണ്ടാകുന്ന ലൈറ്റുകള്‍ക്ക് പുറമെ ഒരു അലങ്കാര ലൈറ്റുകളും വാഹനത്തില്‍ സ്ഥാപിക്കാന്‍ പാടുള്ളതല്ല. മന്ത്രിമാരുടെ വാഹനങ്ങള്‍ അടക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിയമലംഘനം നടത്തുന്നുവെന്ന് ഹൈക്കോടതി കണ്ടെത്തി. ഇത്തരത്തില്‍ നിയമം ലംഘിക്കുന്ന എല്ലാ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കുമെതിരെ നടപടി വേണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
രാജ്യത്തെ മോട്ടോര്‍വാഹന നിയമപ്രകാരം ഒരു വാഹനത്തിലും ഇത്തരം ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിക്കാനാവില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ സ്വകാര്യ വാഹന ഉടമകള്‍ നടത്തുന്ന നിയമലംഘനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍പ് ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളിലാണ് മന്ത്രിമാര്‍ സഞ്ചരിച്ചിരുന്നത്. പിന്നീട് അത് വിഐപി സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തി പ്രധാനമന്ത്രിയുടെ വാഹനത്തില്‍നിന്നടക്കം കേന്ദ്രസര്‍ക്കാര്‍ ബീക്കണ്‍ ലൈറ്റുകള്‍ നീക്കിയിരുന്നു. ഇതോടെ സംസ്ഥാന മന്ത്രിമാരുടെ കാറുകളില്‍നിന്നടക്കം ബീക്കണ്‍ ലൈറ്റുകള്‍ നീക്കി. പിന്നീടാണ് മന്ത്രിമാരുടെ വാഹനങ്ങളിലടക്കം എല്‍ഇഡി ഫ്‌ളാഷ് ലൈറ്റുകള്‍ ഘടിപ്പിച്ച് തുടങ്ങിയത്.