നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസമായി ഗൃഹസന്ദര്‍ശന ടീം

കോവിഡ്- 19  പ്രതിരോധത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഗൃഹസന്ദര്‍ശന ടീം വലിയ ആശ്വാസമാവുകയാണ്. ഇവര്‍ക്ക് വ്യക്തമായ മാര്‍ഗ നിര്‍ദ്ദേശമാണ് ആരോഗ്യ വകുപ്പ് നല്‍കിയിട്ടുള്ളത്. നിരീക്ഷണത്തില്‍ കഴിയുന്നവരോട് 21 ചോദ്യങ്ങളാണ് ടീം ചോദിക്കേണ്ടത്. വിവരങ്ങള്‍ ശേഖരിക്കുന്നതിനൊപ്പം മാനസിക പിന്തുണയും ആവശ്യമെങ്കില്‍ ബോധവല്‍കരണവും നല്‍കും.
കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ടീം അംഗങ്ങള്‍ സന്ദര്‍ശനം പൂര്‍ത്തീകരിക്കേണ്ടത്. ഇവര്‍ നിര്‍ബന്ധമായും മൂന്ന് ലെയര്‍ മാസ്‌കുകള്‍ ധരിച്ചിരിക്കണം. ആളുകളെ സന്ദര്‍ശിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് വൃത്തിയാക്കിയിരിക്കണം. വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കുന്ന വ്യക്തികള്‍ എന്തെങ്കിലും തരത്തിലുള്ള മാനസിക വിഷമതകളോ ലക്ഷണങ്ങളോ സാമൂഹികമായ ഒറ്റപ്പെടലോ അനുഭവിക്കുന്നുണ്ടെങ്കില്‍ ആ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും ഔദ്യോഗികതലത്തില്‍ അറിയിക്കുകയും ചെയ്യണം.
നിരീക്ഷണത്തിലിരിക്കുന്ന വ്യക്തിയുടെ സമീപത്തായിരിക്കുമ്പോള്‍ ഒരു മീറ്ററില്‍ കൂടുതല്‍ അകലം പാലിക്കുകയും കൈകള്‍ മുഖത്ത് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. വ്യക്തിയോടുള്ള ഇടപെടല്‍ മാന്യതയോടെയും ആത്മവിശ്വാസം നല്‍കുന്ന രീതിയിലും ആയിരിക്കണം.  വ്യക്തികളില്‍ നിന്നും ശേഖരിക്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുകയും ഇത് സംബന്ധിച്ച് വ്യക്തികള്‍ക്ക് ഉറപ്പു കൊടുക്കുകയും വേണം. ബന്ധപ്പെട്ട മേലധികാരികള്‍ക്ക് ഓരോ വ്യക്തികളുടെയും ശേഖരിച്ച വിവരങ്ങള്‍ കൈമാറണം.
ഗൃഹ സന്ദര്‍ശനം നടത്തുന്ന ടീം നിരീക്ഷണത്തിലുള്ള വ്യക്തികളുടെ മുറിയില്‍ ആവശ്യമായ സൗകര്യങ്ങള്‍  ഉണ്ടോ എന്ന് ഉറപ്പുവരുത്തണം. പ്രത്യേകം പാത്രങ്ങള്‍,  ശൗചാലയം, വസ്ത്രങ്ങള്‍ ഇവ ഉണ്ടോ എന്നും ഇവര്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്നും വൃത്തിയാക്കുന്നതെന്നും ഉറപ്പുവരുത്തണം. മുറിക്ക് ആവശ്യമായ വായുസഞ്ചാരം ഉണ്ടെന്നും എ.സി ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തുക. കൃത്യമായ ഇടവേളകളില്‍ പോഷകസമൃദ്ധമായ ആഹാരം വ്യക്തിക്ക് ലഭ്യമാകുന്നുണ്ടെന്നും ആവശ്യാനുസരണം വെള്ളം കുടിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്.
കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോള്‍ വ്യക്തിയും അവരുടെ കുടുംബവും മാസ്‌ക് ശരിയായി ധരിച്ചാണോ ഇടപെടുന്നത് എന്ന് ചോദിച്ച് മനസ്സിലാക്കുക. കുടുംബാംഗങ്ങളില്‍ ആരോഗ്യമുള്ള ഒരു വ്യക്തിയുമായി മാത്രമാണോ ഇടപെടുന്നത് എന്നും കുടുംബാംഗങ്ങളില്‍ ഗര്‍ഭിണികള്‍, പ്രായമായവര്‍ കുഞ്ഞുങ്ങള്‍ എന്നിവര്‍ ഉണ്ടോയെന്നും അവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടോ എന്നും ചോദിക്കുക. വ്യക്തിക്കോ അവരെ പരിചരിക്കുന്ന കുടുംബത്തിനോ കുടുംബാംഗങ്ങള്‍ക്കോ പുതുതായി രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ചറിയുക. മുറി വിട്ട് പുറത്തേക്ക് ഇറങ്ങുന്നില്ല എന്ന് ഉറപ്പുവരുത്തുക.
കുടുംബാംഗങ്ങളുമായി നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികളോട് ഇടപെടുന്നതിനു മുന്‍പും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ കഴുകുന്നുണ്ടെന്നും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്  വൃത്തിയാക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുക.  തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ ടവ്വല്‍കൊണ്ട് മൂടാറുണ്ടോ അല്ലെങ്കില്‍ എങ്ങനെയെന്ന് ചോദിച്ചറിയുക. ശരീരസ്രവങ്ങള്‍ ശരിയായി നിര്‍മാര്‍ജനം ചെയ്യാറുണ്ടോ എന്ന് ചോദിച്ചറിയുക.
ജില്ലയില്‍ വാര്‍ഡ് തല ജാഗ്രത കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗൃഹസന്ദര്‍ശനം നടത്തുന്നത്. വാര്‍ഡ് അംഗം, ആരോഗ്യ, ആശ, കുടുംബശ്രീ, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്നതാണ് വാര്‍ഡ്തല കമ്മിറ്റി.

Comments

COMMENTS

error: Content is protected !!