Politics
നിലപാടില്‍ മാറ്റമില്ലാതെ രാഹുല്‍; പുതിയ അധ്യക്ഷനായുള്ള ചർച്ചകളിലേക്ക് കോണ്‍ഗ്രസ്

കോൺഗ്രസ് അധ്യക്ഷ പദം ഒഴിയാനുള്ള നിലപാടിൽ രാഹുൽ ഗാന്ധി ഉറച്ചു നിൽക്കുന്നതോടെ പുതിയ അധ്യക്ഷനായുള്ള ചർച്ചകളിലേക്ക് കടന്ന് കോൺഗ്രസ്. പിന്നാക്ക വിഭാഗത്തിൽ നിന്നുള്ള സുശീൽ കുമാർ ഷിൻഡേ, മല്ലികാർജുൻ ഖാർഗെ എന്നിവരാണ് സജീവ പരിഗണനയിലുള്ളത്. വർക്കിങ് പ്രസിഡന്റുമാരെയും നിയമിക്കും.
ഉടൻ ഗാന്ധി കുടുംബത്തിനു പുറത്തു നിന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണം. നേരത്തെ വൃക്തമാക്കി നിലപാട് തന്നെയായിരുന്നു കോൺഗ്രസ് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലും രാഹുൽ ഗാന്ധി ആവർത്തിച്ചത്. ഇതിനു പിന്നാലെയാണ് മുതിർന്ന നേതാക്കൾ പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള അനൗപചാരിക ചർച്ചകൾ ആരംഭിച്ചത്. ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ മറികടക്കാൻ അടിസ്ഥാന വർഗ്ഗത്തെ ഒപ്പം നിർത്തിയുള്ളതാണ് ചർച്ചകൾ. അതിനാൽ സുശീൽ കുമാർ ഷിൻഡേ, മല്ലികാർജുൻ ഖാർഗെ എന്നിവരാണ് പരിഗണനയിൽ ഉള്ളത്. സുപ്രധാന ഘട്ടങ്ങളിൽ പാർട്ടിയിൽ സജീവ സാന്നിധ്യമായി നിന്നവർ, രാഷ്ട്രീയ പക്വത, വിവാദരഹിത പ്രതിച്ഛായ എന്നിവയാണ് ഇരുവരും അനുകൂല ഘടകം.
പ്രിയങ്ക ഗാന്ധി,ജ്യോതിരാദിത്യ സിന്ധ്യ, സുഷ്മിത ദേവ് ഒപ്പം കേരളത്തിൽ നിന്ന് ഒരു നേതാവിനെയും വർക്കിങ് പ്രസിഡന്റുമായി കൊണ്ടുവന്നേക്കും. പ്രവർത്തക സമിതിയിൽ മുതിർന്ന നേതാക്കൾക്കൊപ്പം യുവാക്കളെയും ഉൾപ്പെടുത്തി അഴിച്ചുപണി ഉണ്ടാകും. പക്ഷെ അധ്യക്ഷ പദവിയിലേക്കു മുതിർന്ന നേതാവിനെ കൊണ്ടുവരുന്നത് തെറ്റായ സന്ദേശം നൽകുമെന്നും എന്നും യുവ വോട്ടർമാർ പാർട്ടിയിൽ നിന്ന് അകലുമെന്നുമുള്ള ആശങ്ക നേതാക്കൾക്കുണ്ട്. നിലവിലെ ചർച്ചകളിൽ ധാരണയായാൽ പ്രവർത്തകസമിതി ചേർന്നു അന്തിമ തീരുമാനമെടുക്കും.
Comments