വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ കെ പി അനില്‍ കുമാര്‍ സിപിഎം സ്ഥാനാര്‍ത്ഥിയായേക്കും

തിരുവനന്തപുരം/കോഴിക്കോട്: കെപിസിസി നേതൃത്വവുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാര്‍ വടകര ലോക്‌സഭ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായേക്കും. കെ പി അനില്‍ കുമാറിനെ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ തിരക്കിട്ട് ഉള്‍പ്പെടുത്തിയത് ഇതിന്റെ മുന്നോടിയാണെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

വടകര ലോക്സഭാ മണ്ഡലത്തില്‍ കെ പി അനില്‍ കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കുമ്പോള്‍ മത്സരം കടുക്കുമെന്നാണ് നേതൃത്വം കരുതുന്നത്. നിലവിലുളള എം പിയും കോണ്‍ഗ്രസ്സിന്റെ സീനിയര്‍ നേതാവുമായ കെ മുരളീധരന്‍ വീണ്ടും വടകരയില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്

രണ്ടുവര്‍ഷം മുമ്പ്‌ അനില്‍ കുമാറിനെ സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് എ കെ ജി സെന്ററില്‍ വെച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. രണ്ട് ദിവസത്തിന് ശേഷം കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന് വരവേല്‍പ്പ് നല്‍കി. തൊട്ടടുത്ത ദിവസം തന്നെ ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എംപ്ലോയീസ് യൂണിയന്‍ (സി ഐ ടി യു) ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് അനില്‍ കുമാറിനെ കൊണ്ടുവന്നു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ ഇദ്ദേഹം, സി ഐ ടി യു സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗവുമാണ്. ഒഡേപക് ചെയര്‍മാന്‍ സ്ഥാനവും ഇതിനിടയില്‍ ലഭിച്ചു. തുടര്‍ന്ന് സി പി എമ്മിന്റെ ജില്ലാ സമ്മേളനം കോഴിക്കോട് നടന്നപ്പോള്‍ പ്രധാന സംഘാടകരില്‍ ഒരാളാക്കി. പിന്നീടിങ്ങോട്ട് സി പി എം വേദികളില്‍ കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കാന്‍ അനില്‍കുമാറിനെയാണ് പാര്‍ട്ടി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ മാസമാണ് സി പി എം സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ അനില്‍ കുമാറിനെ ഉള്‍പ്പെടുത്തിയത്.

വടകര ലോക്സഭാ മണ്ഡലത്തില്‍ കെ പി അനില്‍ കുമാറിനെ പാര്‍ട്ടി ചിഹ്നത്തില്‍ മല്‍സരിപ്പിക്കുമ്പോള്‍ മത്സരം കടുക്കുമെന്നാണ് നേതൃത്വം കരുതുന്നത്. നിലവിലുളള എം പിയും കോണ്‍ഗ്രസ്സിന്റെ സീനിയര്‍ നേതാവുമായ കെ മുരളീധരന്‍ വീണ്ടും വടകരയില്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മുരളീധരനെ നേരിടാന്‍ സി പി എമ്മിന് രംഗത്തിറക്കാന്‍ കഴിയുന്ന പ്രാപ്തനായ സ്ഥാനാര്‍ത്ഥി അനില്‍ കുമാര്‍ തന്നെയായിയിരിക്കും എന്നാണ് സി പി എം നേതാക്കള്‍ സ്വകാര്യ സംഭാഷണങ്ങളില്‍ പറയുന്നത്.

മണ്ഡലത്തിന്റെ പേര് വടകര എന്നാണെങ്കിലും കാലാകാലമായി കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ളവരാണ് സ്ഥിരമായി ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്. ഇവരാകട്ടെ തുടര്‍ച്ചയായി പരാജയപ്പെടുകയും ചെയ്യുന്നു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളാണ് നിയമസഭ മണ്ഡലങ്ങള്‍ എല്ലാം തന്നെ. എന്നിട്ടും സി പി എമ്മിന് വിജയിക്കാന്‍ കഴിയാത്തത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. അതുകൂടി കണക്കിലെടുത്താണ് കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരാളെ ഗോദയിലിറക്കി ബലപരീക്ഷണം നടത്താന്‍ സി പി എം ആലോചിക്കുന്നത്. നിലവിലുളള സ്പീക്കര്‍ എ എം ഷംസീറിനേയും കഴിഞ്ഞ തവണ പി ജയരാജനേയും സി പി എം മാറി മാറി രംഗത്തിറക്കിയെങ്കിലും കനത്ത പരാജയമായിരുന്നു ഫലം. യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ വലിയ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.

കഴിഞ്ഞ തവണ കെ മുരളീധരന് 5,26,755 വോട്ടും, തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി സി പി എമ്മിലെ പി ജയരാജന് 4,42,092 വോട്ടും ബി ജെ പി സ്ഥാനാര്‍ത്ഥി അഡ്വ. വി കെ സജീവന് 80,128 വോട്ടുമാണ് ലഭിച്ചത്. കെ മുരളീധരന് 84,663 വോട്ടിന്റെ ഭൂരിപക്ഷമാണ് വടകര സമ്മാനിച്ചത്. കെ പി അനില്‍കുമാര്‍ മല്‍സരിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സിനുള്ളില്‍ നിന്നുളള പിന്തുണയും ലഭിച്ചേക്കാം എന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്. എന്നാല്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് പാര്‍ട്ടിയിലേക്ക് കടന്നു വരുന്ന ഭാഗ്യാന്വേഷികളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധവുമുണ്ട്. സി പി എം ഒറ്റക്കെട്ടായി നിന്നാല്‍ അനായാസം ജയിക്കാവുന്ന മണ്ഡലമാണിത്. മാത്രവുമല്ല ഈ അടുത്ത കാലത്ത് നടത്തിയ ചില സര്‍വ്വെ ഫലങ്ങള്‍ പ്രകാരം കേരളത്തില്‍ എല്‍ ഡി എഫിന് വിജയസാധ്യതയുളള ഒരു മണ്ഡലമായി വടകരയെ പരിഗണിക്കുന്നുമുണ്ട്.

എല്ലാ നിയമ സഭാമണ്ഡലങ്ങളിലും എല്‍ ഡി എഫിന് നിര്‍ണ്ണായകമായ മേധാവിത്വമുണ്ട്. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ സ്വീകാര്യത ലഭിക്കുന്ന സ്ഥിതിവിശേഷമാണ് ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്ന് വടകരയിലുണ്ടായത്.

 

വടകരയില്‍ കെ പി അനില്‍കുമാറിന് നറുക്ക് വീണില്ലെങ്കില്‍ മുന്‍ ആരോഗ്യ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ കെ ശൈലജയെ പരിഗണിച്ചേക്കും. എന്നാല്‍ കെ കെ ശൈലജയെ കണ്ണൂര്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കകത്ത് ശക്തമായി ഉയരുന്നുണ്ട്. ഇവര്‍ രണ്ടു പേരേയും മത്സരിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സിനോജോ, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയോ പരിഗണിക്കപ്പെട്ടേക്കാം. ഒരു ഘട്ടത്തില്‍ എ പ്രദീപ് കുമാറിന്റെ പേരും മുന്‍പന്തിയിലേക്ക് വന്നെങ്കിലും മുഹമ്മദ് റിയാസിന് ഒട്ടും താല്‍പ്പര്യമില്ലാത്തതിനാല്‍ തുടക്കത്തിലെ ഒഴിവാക്കപ്പെട്ടു. ഇപ്പോള്‍ മുന്‍തൂക്കം കെ പി അനില്‍ കുമാറിന് തന്നെയാണ്. ഇതിന് വേണ്ടിയാണ് അദ്ദേഹത്തെ പെട്ടെന്ന് തന്നെ ജില്ലാ കമ്മിറ്റിയിലേക്ക് എടുത്തതെന്നാണ് പുറത്ത് വരുന്ന സൂചനകള്‍. നേരത്തെ ആലപ്പുഴയില്‍ ഡോ ജെ എസ് മനോജിനെയും ഒറ്റപ്പാലത്ത് ശിവരാമനെയും ലോക്സഭാ സ്ഥാനാര്‍ത്ഥിയാക്കി പാര്‍ട്ടി വിജയിപ്പിച്ചെടുത്തിരുന്നു.
കെ പി അനില്‍ കുമാറാകട്ടെ നേരത്തെ പാലക്കാട് ശ്രീകൃഷ്ണപുരം മണ്ഡലത്തിലും, പിന്നീട് കൊയിലാണ്ടിയിലും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു. ചെറിയ വോട്ടിനാണ് രണ്ടിടത്തും പരാജയപ്പെട്ടത്. കഴിഞ്ഞ രണ്ട് തവണയും അനില്‍ കുമാറിന് കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സി പി എമ്മിനെ ശരണം പ്രാപിച്ചത്. കൊയിലാണ്ടിയില്‍ എന്‍ സുബ്രഹ്മണ്യനാണ് കഴിഞ്ഞ രണ്ട് തവണയും നറുക്ക് വീണത്. രണ്ട് തവണയും അദ്ദേഹം പരാജയപ്പെടുകയായിരുന്നു.
വടകര ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫാണ് വിജയിച്ചത്. വടകരയില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിച്ച ആര്‍ എം പിയുടെ കെ കെ രമയും വിജയിച്ചു. എല്ലാ നിയമ സഭാമണ്ഡലങ്ങളിലും എല്‍ ഡി എഫിന് നിര്‍ണ്ണായകമായ മേധാവിത്വമുണ്ട്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് വന്‍ സ്വീകാര്യത ലഭിക്കുന്നതാണ് പാര്‍ട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നത്. ടിപി ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്നാണ് ഇത്തരം ഒരു സ്ഥിതിവിശേഷം വടകരയിലുണ്ടായത്.

Comments
error: Content is protected !!