നൂറ്റാണ്ടിന്റെ സമരവീര്യത്തിന് നൂറായുസ്സ് ; വി എസിന് ഇന്ന് നൂറാം പിറന്നാൾ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര യൗവ്വനം വിഎസ് അച്യുതാനന്ദൻ നൂറിന്റെ നിറവിലേക്ക്. വിഎസ് പൊതുവേദിയിൽ നിന്ന് മാറി നിന്ന് തുടങ്ങിയിട്ടിപ്പോൾ മൂന്ന് വര്‍ഷമായി. നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ടതിനാൽ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാൽ കാര്യമായ പിറന്നാൾ ആഘോഷവുമില്ല.

ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20നായിരുന്നു വിഎസിന്റെ ജനനം. പിന്നോക്ക കുടുംബത്തില്‍ ജനിച്ച്‌ കുട്ടിക്കാലത്തേ മാതാപിതാക്കളെ നഷ്‌ടപ്പെട്ട്‌, ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച്‌ തൊഴില്‍ തേടേണ്ടി വന്നകാലം മുതല്‍ വി.എസ്‌. പോരാടുകയായിരുന്നു.

അച്യുതാനന്ദന് നാല് വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. നാട്ടിൽ തന്നെ ആദ്യം വസൂരി ബാധിച്ചത് മാതാവ് അക്കമ്മയ്ക്കാണ്. വസൂരി അക്കമ്മയെ കൊണ്ടുപോയി. കുട്ടികൾ നാലുപേരും പിന്നെ അപ്പച്ചിയുടെ മേൽനോട്ടത്തിലായി. വസൂരിയെ അതിജീവിച്ച കുട്ടികൾക്കു സങ്കടങ്ങളും ആധികളും പിന്നെയും വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.

അച്യുതാനന്ദന് 11 വയസായപ്പോൾ അച്ഛൻ ശങ്കരൻ മരിച്ചു. പിന്നെ, കുട്ടികൾ സ്‌കൂളിൽ പോയില്ല. തയ്യൽക്കട നടത്തിയിരുന്ന ജ്യേഷ്ഠൻ ഗംഗാധരന്റെ ഒപ്പം കൂടി അച്യുതാനന്ദൻ. പിന്നീട്‌ കയര്‍ ഫാക്‌ടറിയിലും ജോലി നോക്കി. അക്ഷരാർത്ഥത്തിൽ പോരാട്ടങ്ങളുടെ തുടക്കമായിരുന്നു അത്.

പരിസ്ഥിതി പ്രശ്‌നങ്ങളിലും ജനകീയ വിഷയങ്ങളിലും എന്തിന്‌ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെയും വി.എസ്‌. നടത്തിയ പോരാട്ടങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്‌. നിലപാടുകളുടെ പേരില്‍ വെട്ടിനിരത്തല്‍ വീരനെന്നും വികസന വിരോധിയെന്നുമൊക്കെയുള്ള പരിഹാസങ്ങളും ആക്ഷേപങ്ങളും ഉയര്‍ന്നപ്പോഴും അദ്ദേഹത്തിന്‌ ചാഞ്ചല്യമുണ്ടായില്ല. സിപിഐ കേന്ദ്രസമിതിയില്‍ നിന്ന്‌ ഇറങ്ങിപ്പോയി സിപിഐഎം രൂപീകരിച്ച 32 പേരില്‍ ഇന്നു ജീവിച്ചിരിക്കുന്ന ഏക നേതാവാണ്‌ വി.എസ്‌.അച്യുതാനന്ദന്‍. രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും വി.എസ് എന്ന രണ്ടക്ഷരം ഇന്നും കേരള രാഷ്ട്രീയത്തിൽ ആവേശം ജനിപ്പിക്കുന്ന വിസ്മയമാണ്.

ചരിത്രം കുറിച്ച തുടര്‍ഭരണത്തിലൂടെ അധികാരത്തിലെത്തിയ പാര്‍ട്ടി കേരളം ഭരിക്കുകയാണ്. ഭരണ സിരാകേന്ദ്രത്തിന്റെ ഒരു വിളിപ്പാടകലെ മകന്റെ വീട്ടിൽ പരിപൂര്‍ണ്ണ വിശ്രമത്തിലാണ് വിഎസ്. ചുറ്റും നടക്കുന്ന എല്ലാം അറിയുന്നുണ്ട്. മിന്നിയും മാ‍ഞ്ഞും മുഖത്ത് തെളിയുന്ന പ്രതികരണങ്ങളിൽ നിന്നാണ് അടുത്ത ബന്ധുക്കൾ അതെല്ലാം വായിച്ചെടുക്കുന്നത്. നിലയ്ക്കാതെ എത്തുന്ന ക്ഷേമാന്വേഷണങ്ങളിൽ നിറയെ നിന്ന് നാടിന് വിഎസിനോടുള്ള സ്നേഹ വായ്പാണ്.

കലഹിച്ചാലും പിണങ്ങിയാലും സിപിഎമ്മിനകത്തെ തിരുത്തലിന്റേയും കരുതലിന്റേയും പേരാണ് വിഎസ്. പൊതുജീവിതത്തിന്‍റെ സജീവതയിൽ നിന്ന് ആ മനുഷ്യൻ വീട്ടിലേക്ക് ഒതുങ്ങിയപ്പോൾ വിഎസ് ഉണ്ടായിരുന്നെങ്കിലെന്ന് ചിന്തിച്ച എത്രയെത്ര സന്ദര്‍ഭങ്ങൾ. പാര്‍ട്ടിക്കും മുന്നണിക്കും പ്രത്യയ ശാസ്ത്ര വ്യതിയാനം ഉണ്ടായപ്പോഴും , ഒരിക്കലും പ്രതീക്ഷിക്കാത്ത ബന്ധങ്ങളിൽ ഇടതുമുന്നണി ചെന്ന് നിന്നപ്പോഴും വിഎസ് പ്രതികരിക്കണമെന്ന് ആഗ്രഹിച്ചവര് പാര്‍ട്ടിക്കകത്തും പുറത്തുമുണ്ട്. വലതുപക്ഷ വ്യതിയാനമെന്ന ആരോപണം ഉയരുമ്പോൾ, സംസ്ഥാന നേതൃത്വത്തെ ദേശീയ ഘടകം പൊതിഞ്ഞു പിടിക്കുമ്പോൾ, എന്തിനേറെ വികസനത്തിന്റെ പേരിൽ മുതലാളിത്തത്തോട് സന്ധി ചെയ്യുന്നെന്ന ആക്ഷേപമുയരുന്ന സമീപകാലത്തു പോലും പൊതു സമൂഹത്തിന് മുന്നിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാണ് വിഎസ്. 

സഖാവ് വിഎസിന് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ

Comments

COMMENTS

error: Content is protected !!