നേതാജിയെ സ്മരിച്ചു കൊണ്ട് സിസംബർ 31 ന് മകൾ അനിതാ ബോസ് ഇന്ത്യയോട് സംസാരിക്കുന്നു

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികാഘോഷങ്ങളുടെ സമാപന പരിപാടികൾക്ക് ദേശീയ തലത്തിൽ തുടക്കം കുറിച്ചു കൊണ്ടുള്ള കർട്ടൻ റൈസർ വെബിനാർ ഉദ്ഘാടനം ചെയ്തു കൊണ്ട്, നേതാജിയുടെ മകൾ അനിതാ ബോസ് ഡിസംബർ 31 വൈകിട്ട് മൂന്നു മണിക്ക് ഇന്ത്യയിലെ ജനങ്ങളോട് സംസാരിക്കുന്നു.

125-ാം ജന്മവാർഷികാഘോഷങ്ങൾക്കായി ഡോ. സൗമിത്രോ ബാനർജിയുടെ അദ്ധ്യക്ഷതയിൽ 2021 ജനുവരി 23 മുതൽ പ്രവർത്തിച്ചു വരുന്ന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് ദേശീയ വെബിനാർ നടക്കുന്നത്.
കഴിഞ്ഞ 2 വർഷക്കാലമായി ദേശീയ തലത്തിൽ നടന്നു വരുന്ന ആഘോഷങ്ങളുടെ ഭാഗമായുള്ള സമാപന പരിപാടികൾ 2022 ഡിസംബർ 31 മുതൽ 2023 ജനുവരി 23 വരെ വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു.
അതിന്റെ ഉദ്ഘാടനമാണ് അനിതാ ബോസ് നിർവ്വഹിക്കുന്നത്.

രാജ്യമെമ്പാടും വിവിധ കേന്ദ്രങ്ങളിലായി ഒത്തു ചേർന്നുകൊണ്ട് ജനലക്ഷങ്ങൾ ഈ സമ്മേളനത്തിൽ പങ്കുചേരും.
Netaji Subhash 125 bacc എന്ന ഫേസ് ബുക്ക് പേജിലും Netaji 125th birth anniversary committee യുടെ യു ട്യൂബ് ചാനലിലൂടെയും ഈ വെബിനാറിൽ പങ്കെടുക്കുവാൻ ജനങ്ങൾക്ക് സാധിക്കും.കേരളത്തിൽ പ്രൊഫ.കെ. അരവിന്ദാക്ഷൻ, പ്രൊഫ. വിൻസന്റ് മാളിയേക്കൽ, ഡോ. ജ്യോതിരാജ്, ഡോ. ശ്രീകുമാരൻ എന്നിവരുടെ നേതൃത്വത്തിലുള്ള ആചരണകമ്മിറ്റി വിവിധ ജില്ലകളിലെ പ്രവർത്തനങ്ങളെ നയിക്കും.

ജനുവരി 23 കേരളത്തിലെ വിവിധ ജില്ലകളിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള റാലികൾ, സമ്മേളനങ്ങൾ, കലാപരിപാടികൾ ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ നടക്കും.
ദേശീയതല സമ്മേളനം ജനു.23 ന് കൊൽക്കൊത്തയിൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ അണിനിരക്കുന്ന വൻ റാലിയോടുകൂടി നടത്തപ്പെടും.

വിദേശ ആധിപത്യത്തിനെതിരായ പോരാട്ടത്തിലൂടെ ദേശീയ രാഷ്ട്ര രൂപീകരണത്തിനും നാടിന്റെ വിമോചനത്തിനും വേണ്ടി നടന്ന മഹത്തായ ത്യാഗങ്ങളുടെയും പ്രയത്നങ്ങളുടെയും സ്മരണകളുയർത്തുന്ന സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ സമാഗതമായിട്ടുള്ള നേതാജിയുടെ 125-ാം ജന്മവാർഷികം അർഹമായ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ആ ജീവിത സമരത്തിൽ നിന്നുള്ള മഹത്തായ പാഠങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്. മഹത്തായ ഈ അചരണ പരിപാടികൾ ഏറ്റെടുക്കാൻ, പങ്കെടുക്കാൻ മുഴുവൻ ദേശസ്നേഹികളും മുന്നോട്ടു വരണമെന്നും നേതാജിയുടെ ജന്മദിനമായ ജനുവരി 23 ന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേതാജി അനുസ്മരണ റാലികളും സമ്മേളനങ്ങളും നടത്തണമെന്നും കേരള സംസ്ഥാനത്തെ അചരണ സമിതി ആഹ്വാനം ചെയ്തു.

Comments

COMMENTS

error: Content is protected !!