നൈറ്റിങ്ഗേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോയ നേഴ്‌സ് കോഴിക്കോട് വിമാനത്തില്‍ കുഴഞ്ഞുവീണയാള്‍ക്ക് രക്ഷകയായി
നൈറ്റിങ്ഗേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പോയ നേഴ്‌സ് കോഴിക്കോട് വിമാനത്തില്‍ കുഴഞ്ഞുവീണയാള്‍ക്ക് രക്ഷകയായി. ആതുരശുശ്രൂഷാ മികവിനുള്ള ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി പി. ഗീത സഹയാത്രികന് തുണയായത്.
ഇന്നലെ രാവിലെ കോഴിക്കോട്ട് നിന്നുള്ള എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് അധികം വൈകാതെയാണ് നിലമ്പൂര്‍ സ്വദേശി ജമ്മുവില്‍ സൈനികനായ സുമന്‍ ജോലിസ്ഥലത്തേക്കുള്ള യാത്രയിൽ അബോധാവസ്ഥയിലായത്. വിമാന ജീവനക്കാര്‍ സഹായം അഭ്യര്‍ഥിച്ചതോടെ ഗീത ഓടിയെത്തുകയായിരുന്നു. പരിശോധിക്കുമ്പോള്‍ ഹൃദയമിടിപ്പില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ ജീവനക്കാരുടെ സഹായത്തോടെ സിപിആര്‍ നല്‍കി.
ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശ്വാസം വീണ്ടെടുത്തു. വിമാനത്തിലുണ്ടായിരുന്ന അഞ്ചോളം ഡോക്ടര്‍മാര്‍ പരിശോധിച്ച്, പ്രഥമ ശുശ്രൂഷ നല്‍കി. എന്നാല്‍ ബി.പി കുറവായ യാത്രക്കാരന് പൂര്‍ണശ്രദ്ധ ആവശ്യമായിരുന്നതിനാല്‍ ഗീത, തന്റെ സീറ്റിലേക്ക് മടങ്ങാതെ മുഴുവന്‍ സഹായങ്ങളുമായി ഒപ്പം നിന്നു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ എയര്‍പോര്‍ട്ടിലെ ആരോഗ്യപ്രവര്‍ത്തര്‍ക്കു കൈമാറി.
വിമാനത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലാണ് ഗീതയെ പറ്റിയും അവിടെ നടന്ന സംഭവത്തെ പറ്റിയും ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പങ്കുവച്ചത്. താന്‍ ആദ്യം വിചാരിച്ചത് കുഴഞ്ഞുവീണയാളുടെ റിലേറ്റീവ് ആയിരിക്കുമെന്നാണെന്ന് മുഹമ്മദ് വീഡിയോയില്‍ പറയുന്നു. കാരണം മുഴുവന്‍ സമയവും അദ്ദേഹത്തെ പരിചരിക്കുന്നത് ഗീത ആയിരുന്നു. എല്ലാം കഴിഞ്ഞ് ഇറങ്ങാന്‍ നേരത്ത് ഗീത തന്റെ സീറ്റിന് മുന്നില്‍ വന്നിരുന്നപ്പോള്‍ റിലേറ്റീവ് ആണോ എന്ന ചോദ്യത്തിന് അല്ല എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
താന്‍ ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരത്തിന് പങ്കെടുക്കാനാണ് ഡല്‍ഹിയിലെത്തിയത്. ആ നിമിഷം തന്നെ മുന്‍ മന്ത്രി ശൈലജ ടീച്ചറിനെ ഫോണില്‍ ബന്ധപ്പെട്ട് വിവരം അറിയിച്ച് ഗീതയുമായി സംസാരിച്ച് സന്തോഷം പങ്കിട്ടുവെന്നും ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2020ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ പി. ഗീത രാഷ്ട്രപതി ഭവനില്‍ ഇന്നു നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഡല്‍ഹിയിലെത്തിയത്.