ന്യൂനമര്‍ദ്ദം: നാളെ പരക്കെ മഴയ്ക്ക് സാധ്യത; അതിതീവ്ര മഴയില്ല,

 

തിരുവനന്തപുരം> മഴയുടെ ശക്തി കുറഞ്ഞെങ്കിലും വടക്കന്‍ മേഖലയിലും കുട്ടനാട്ടിലും മഴക്കെടുതി തുടരുകയാണ്. കിഴക്കന്‍ വെള്ളത്തിന്റെ വരവില്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കമുണ്ടായി. ആലപ്പുഴ- ചങ്ങനാശേരി പാത പൂര്‍ണമായി തടസപ്പെട്ടു. കൂടൂതല്‍ പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയിലാണ്.

മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും രക്ഷാപ്രവര്‍ത്തനം ഇന്നും തുടരും. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ പരക്കെ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും എന്നാല്‍ അതിതീവ്ര മഴയ്ക്ക് സാധ്യത ഇല്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കവളപ്പാറയില്‍ ഇനി അന്‍പത് പേരെയാണ് കണ്ടെത്താനുള്ളത്. പുത്തുമലയില്‍ ഏഴുപേരെയും. മഴയുടെ കുറവ് തെരച്ചില്‍ കാര്യക്ഷമമായി നടത്തുന്നതിന് ഉപകരിക്കും. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

പാലക്കാട്- ഷൊര്‍ണൂര്‍ പാത പുനസ്ഥാപിച്ചതോടെ തിരുവനന്തപുരം വരെ ട്രെയിനുകള്‍ ഓടിത്തുടങ്ങി. ചാലിയാറിലെ ജലനിരപ്പ് താഴ്ന്നെങ്കിലും കോഴിക്കോട് -ഷൊര്‍ണൂര്‍ പാത സഞ്ചാരയോഗ്യമായിട്ടില്ല.

ഫറോക് പാലത്തില്‍ മരത്തടികള്‍ കുടുങ്ങിയത് നീക്കം ചെയ്യണം. ഇന്ന് പത്തരയോടെ പരിശോധന പൂര്‍ത്തിയാക്കി പാലം സുരക്ഷിതമെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇതുവഴി ട്രെയിന്‍ കടത്തിവിടൂ.

ഇരട്ടയാര്‍, കല്ലാര്‍ എന്നീ ഡാമുകളുടെ ഷട്ടറുകള്‍ അടച്ചിട്ടുണ്ട്. അരുവിക്കര ഡാമിന്റെ ഷട്ടറിന്റെ ഉയരം 50 മുതല്‍ 20 സെന്റീമീറ്റര്‍ വരെ കുറഞ്ഞിട്ടുണ്ട്. മറ്റു റിസര്‍വോയറിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കും റിസര്‍വോയറില്‍ നിന്നുള്ള വെള്ളത്തിന്റെ ഒഴുക്കും ഇപ്പോള്‍ സ്ഥിര ഗതിയിലാണ്.

അതേസമയം മഴയെ തുടര്‍ന്ന് ഇന്നും പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍- കണ്ണൂര്‍, കോഴിക്കോട്– തൃശൂര്‍, തൃശൂര്‍- കോഴിക്കോട് പാസഞ്ചറുകളാണ് റദ്ദാക്കിയത്.

Comments

COMMENTS

error: Content is protected !!