ന്യൂസിലാൻഡ് വെടിവയ്പ്പ്; ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളിന് 21 മാസം തടവ് ശിക്ഷ

ന്യൂസിലൻഡ് ക്രൈസ്റ്റ്ചർച്ച് മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളിന് 21 മാസം തടവ് ശിക്ഷ. നാൽപ്പത്തിനാലുകാരനായ ഫിലിപ്പ് ആർപ്സിനാണ് ക്രൈസ്റ്റ്ചർച്ച് കോടതി തടവ് ശിക്ഷ വിധിച്ചത്. വ്യാജ ദൃശ്യങ്ങൾ കൈവശം സൂക്ഷിച്ചു എന്ന കുറ്റവും ആർപ്സിന് മേൽ ചുമത്തിയിട്ടുണ്ട്.

 

മുപ്പതിലധികം ആളുകൾക്ക് ഫിലിപ്പ് ആർപ്പ്സ് ദൃശ്യങ്ങൾ പങ്കുവെച്ചു എന്നാണ് ആരോപണം. കൂട്ടക്കൊലയെ പ്രോത്സാഹിപ്പിക്കുകയും മഹത്വവത്ക്കരിരക്കുകയും ചെയ്യുന്ന കുറ്റമാണ് ആർപ്സിന്റ‍െ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ജഡ്ജി സ്റ്റീഫൻ ഒഡ്രിസ്കോൾ പ്രസ്താവിച്ചു. വംശീയവും മതപരവുമായ കാരണങ്ങൾ കൊണ്ടാണ് ആർപ്സ് ദൃശ്യങ്ങൾ പങ്കുവെച്ചതെന്ന് കോടതി നിരീക്ഷിച്ചു.

 

ക്രൈസ്റ്റ് ചർച്ച് വെടിവെയ്പ്പിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നത് ന്യൂസിലൻഡ് സർക്കാർ നിയമവിരുദ്ധമാക്കിയിരുന്നു. രാജ്യത്തെ നിയമപ്രകാരം നിയമവിരുദ്ധമാക്കിയ ദൃശ്യങ്ങൾ പങ്കുവെക്കുന്നത് 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

 

കഴിഞ്ഞ മാർച്ച് 15 നാണ് ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് പള്ളിയിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനക്കിടെ വെടിവെയ്പ്പുണ്ടായത്. 51 പേരുടെ മരണത്തിനിടയാക്കിയ വെടിവെയ്പ്പിന്‍റെ തത്സമയ ദൃശ്യങ്ങൾ ഫേസ്ബുക്ക് ലൈവിലൂടെ പ്രതി ബ്രെണ്ടന്‍റ് ടാരന്‍റ് പങ്കുവെച്ചിരുന്നു.
Comments

COMMENTS

error: Content is protected !!