പകർച്ചവ്യാധികൾ പടരാതിരിക്കാൻ ജാഗ്രത വേണം- പുരുഷൻ കടലുണ്ടി എം.എൽ.എ
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുമ്പോൾ തന്നെ ഡെങ്കിപനി, മഞ്ഞപിത്തം തുടങ്ങിയ അസുഖങ്ങൾ പകരാതിരിക്കാൻ ജാഗ്രത കാണിക്കണമെന്ന് പുരുഷൻ കടലുണ്ടി എം.എൽ.എ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും, ഡെങ്കിപനി പോലുള്ള പകർച്ചവ്യാധികൾ പകരുന്നത് പ്രതിരോധിക്കന്നതിനുമായി എം.എൽ എ യുടെ നിർദ്ദേശപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർ വിളിച്ചു ചേർത്ത ബാലുശ്ശേരി മണ്ഡലത്തിലെ ആരോഗ്യ പ്രവർത്തകരുടെയും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്മാരുടെയും യോഗത്തിലാണ് എം.എൽ.എ. നിർദ്ദേശം നൽകിയത്.
കൊതുക് നശീകരണം ഉൾപ്പെടെയുള്ള ശുചീകരപ്രവർത്തനങ്ങൾ നടത്തുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്ന പ്രാധാന്യത്തോടെ മഴക്കാലത്തിനു മുന്നോടിയായി ശുചീകരണ പ്രവർത്തനങ്ങളും നടത്തണം.
കോവിഡ് – 19 സമ്പർക്ക വിലക്ക് നിലനിൽക്കുന്നതിനാൽ സൂം അപ്ലിക്കേഷൻ ഉപയോഗിച്ചാണ് യോഗം നടന്നത്. യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ വി.ജയശ്രീ, ഗ്രാമ – ബ്ലോക്ക് പ്രസിഡണ്ട് മാർ, മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്പെകർമാർ എന്നിവർ പങ്കെടുത്തു.