ലൈഫ് ഗുണഭോക്തൃ ജില്ലാസംഗമം 16 ന്;  13394 വീടുകളുടെ പ്രഖ്യാപനം നടത്തും 

സര്‍ക്കാറിന്റെ സ്വപ്‌നപദ്ധതിയായ ലൈഫ് മിഷന്‍ മുഖേന വീട് ലഭിച്ച ഗുണഭോക്താക്കളുടെ ജില്ലാ സംഗമം നാളെ (ജനുവരി 16)ടാഗോര്‍ സെന്റിനറി ഹാളില്‍ നടത്തും. രാവിലെ 10 ന് നടക്കുന്ന ചടങ്ങില്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ലൈഫ് ഒന്ന്, രണ്ട് ഘട്ടത്തിലും ലൈഫ് പി.എം.എ.വൈ(ഗ്രാമീണ്‍, അര്‍ബന്‍) ഭവന പദ്ധതികളിലും നിര്‍മാണം പൂര്‍ത്തീകരിച്ച 13394 ഭവനങ്ങളുടെ പ്രഖ്യാപനമാണ് നടക്കുക.
ലൈഫ് മിഷന്‍, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി പ്രകാരം സ്വന്തമായി വീടു ലഭിച്ച ഗുണഭോക്തക്കളുടെ സന്തോഷത്തില്‍ പങ്കുചേരുന്നതിനും മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്ഥാപനങ്ങളെ ആദരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനതലത്തില്‍ പൂര്‍ത്തീകരിച്ച രണ്ട് ലക്ഷം വീടുകളുടെ പ്രഖ്യാപനം 26 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ജില്ലാതല സംഗമം.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. എം.പിമാര്‍, ജില്ലയിലെ എം.എല്‍.എമാര്‍ മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയും മെമ്പര്‍, കൗണ്‍സിലര്‍മാരും ഓരോ വാര്‍ഡില്‍ നിന്നും തെരഞ്ഞടുക്കപ്പെട്ട ഓരോ ഗുണഭോക്താവും സംഗമത്തില്‍ പങ്കെടുക്കും. ലൈഫ് മിഷന്‍ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംഗമത്തില്‍ അനുമോദിക്കും.
Comments

COMMENTS

error: Content is protected !!