CALICUTDISTRICT NEWS

പങ്കുവെക്കലിന്റെ മഹത്വം പറഞ്ഞു കളക്ഷന്‍ സെന്റര്‍ 

പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് നേരെ കലക്ഷന്‍ സെന്ററില്‍ സേവനത്തിനെത്തിയ ഉമ്മുഹബീബ, ബിസ്‌ക്കറ്റും കുടിവെള്ളവും നല്‍കാനെത്തിയപ്പോള്‍ വളണ്ടിയറായി മാറിയ നഴ്സിങ് വിദ്യാര്‍ഥിയായ അര്‍ജുന്‍, കോളജില്‍ തയ്യാറാക്കിയ ഫിനോയില്‍ കൊടുക്കാനെത്തി കലക്ഷന്‍ സെന്ററില്‍ സജീവമായ കക്കോടിക്കാരന്‍ അഷ്ബിന്‍….ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത നിസ്വാര്‍ത്ഥമായ സേവനത്തിന്റെ നേര്‍ചിത്രമാണ് കലക്ട്രേറ്റിലെ കലക്ഷന്‍ സെന്ററിലെ ഓരോ ദിവസവും. വിവിധ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന സാധനങ്ങള്‍ രാവെന്നും പകലെന്നും ഭേദമില്ലാതെ കൃത്യമായി ഇറക്കുകയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന്റെയും തിരക്കാണിവിടെ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെന്ററില്‍ എന്‍എന്‍എസ് വളണ്ടിയര്‍മാര്‍, വിവിധ സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങി ശരാശരി 300-ലധികം പേരാണ് ഒരു ദിവസം സേവനമനുഷ്ഠിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഒരു സീനിയര്‍ സൂപ്രണ്ട്, രണ്ട് ജൂനിയര്‍ സൂപ്രണ്ട്, ഒരു ഹെഡ് ക്ലാര്‍ക്ക് എന്നിവരുടെ നേതൃത്വത്തില്‍ 20 പേരടങ്ങുന്ന ഉദ്യോഗസ്ഥരുമുണ്ട്.
ഓഗസ്റ്റ് 9നാണ് ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ്ഹാളില്‍ കലക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. സാധനങ്ങളെത്തി തുടങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അയയ്ക്കാനായി ഇവ പാക്കുചെയ്യാനും കയറ്റി അയക്കാനും തുടങ്ങി. അരി, പയര്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, വസ്ത്രങ്ങള്‍, പായ, പുതപ്പ്, ബെഡ്ഷീറ്റുകള്‍, ശുചീകരണ വസ്തുക്കള്‍, സാനിറ്ററി നാപ്കിന്‍ തുടങ്ങി ഓരോ ക്യാമ്പില്‍ നിന്നും ആവശ്യപ്പെടുന്നതനുസരിച്ചുള്ള സാധനങ്ങള്‍ മിനുട്ടുകള്‍ക്കകം വാഹനത്തില്‍ കയറ്റി അയക്കുകയാണ്. ഓരോ ക്യാമ്പിന്റെയും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ മുഖാന്തിരമാണ് സാധനങ്ങള്‍ കൈമാറുന്നത്. സാധനങ്ങള്‍ ഏറ്റുവാങ്ങുന്ന ഉദ്യോഗസ്ഥന്റെ പേര്, തിരിച്ചറിയല്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തിയ ഫയലില്‍ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് കൈമാറുന്നത്.
ഗുണമേന്മയുള്ള സാധനങ്ങളാണ് എത്തുന്നതില്‍ ഭൂരിഭാഗമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പായ, പുതപ്പ്, ബെഡ്ഷീറ്റ് എന്നിവയാണ് ആദ്യഘട്ടത്തില്‍ കൂടുതലായി ക്യാമ്പുകളിലേക്ക് കൈമാറിയത്. സെന്ററില്‍ എത്തിക്കുന്ന സാധനങ്ങളുടെ കണക്ക് സുതാര്യമാക്കുന്നതിന് 3 രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലോഡ് ഇറക്കുന്നത്, സ്റ്റോക്ക് ചെയ്യുന്നത്, പുറത്തേക്ക് അയക്കുന്നത് എന്നിങ്ങനെയാണ് 3 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. സെന്ററില്‍ നിന്ന് പുറത്തേക്ക് നല്‍കുമ്പോഴും വാഹനത്തില്‍ കയറ്റുമ്പോഴും രണ്ടു തവണ പരിശോധിക്കും. കൂടാതെ സെന്റ്റില്‍ സിസിടിവി സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, എറണാകുളം, പത്തനംതിട്ട തുടങ്ങിയ ജില്ലകളില്‍ നിന്ന് സാധനങ്ങള്‍ കയറ്റിയെത്തുന്ന വാഹനങ്ങള്‍ മിക്കതും സെന്ററില്‍ എത്തുന്നത് രാത്രിയിലാണ്. കൊല്ലത്ത് നിന്ന് കുടിവെള്ള കുപ്പികളുമായി ലോറിയെത്തിയത് ബുധനാഴ്ച പുലര്‍ച്ചെയാണ്. എന്നാല്‍ ഒരു പ്രയാസവുമില്ലാതെ ഇവയെല്ലാം ഇറക്കിവെക്കാന്‍ കഴിഞ്ഞെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നേതൃത്വം നല്‍കുന്ന കിഴിശേരി സ്വദേശിയായ ബിലാല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം സെന്ററില്‍ മുഴുവന്‍ ദിവസവും പ്രവര്‍ത്തിച്ചയാളാണ് ബിലാല്‍. ഇത്തവണയും ക്യാമ്പ് തുടങ്ങിയതു മുതല്‍ സെന്ററിലുണ്ട്.
ക്‌ളീനിംഗ് സാമഗ്രികള്‍, ബ്‌ളാങ്കറ്റുകള്‍, പായ (mat)  എന്നിവ ഇനിയും ആവശ്യമുണ്ടെന്ന് സബ്കളക്ടര്‍ വിഘ്‌നേശ്വരി പറഞ്ഞു. സ്‌കൂള്‍ ബാഗുകളും ലഭിക്കേണ്ടതുണ്ട്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button