പഠനവൈകല്യ നിര്‍ണയം : പ്രധാനാധ്യാപക പരിശീലനം തുടങ്ങി
കോഴിക്കോട് : ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠനവൈകല്യമുള്ളവരെ കണ്ടെത്തുകയും മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുകയും ചെയ്യുന്നതിന്‍റെ ആദ്യപടിയായി ജില്ലയിലെ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍ക്കും റിസോഴ്സ് അധ്യാപകര്‍ക്കുമുള്ള നാല് ദിവസത്തെ പരിശീലനം ആരംഭിച്ചു. അയ്യായിരത്തോളം കുട്ടികള്‍ പഠനവൈകല്യ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ്, സ്കൂള്‍തല സ്ക്രീനിംഗിനുള്ള പരിശീലനം നല്‍കുന്നത്. ആരോഗ്യ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
ആരോഗ്യവകുപ്പ് തയ്യാറാക്കിയ പരിശോധനാ മാനദണ്ഡം ഉപയോഗിച്ച് സ്കൂള്‍തല സ്ക്രീനിംഗ് നടത്തുകയാണ് ആദ്യം ചെയ്യുക. റിസോഴ്സ് അധ്യാപകരുടെ സഹായത്തോടെയുള്ള പരിശോധനയിലൂടെ കണ്ടെത്തുന്ന കുട്ടികളെ കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ്, സി ആര്‍ സി എന്നീ കേന്ദ്രങ്ങളുടെ സഹായത്തോടെ വിദഗ്ദ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ ഇനി മുതല്‍ പരീക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളൂ.
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ വെച്ച് നടക്കുന്ന പരിശീലനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി ജയശ്രീ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. രമേശന്‍റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ സി ആര്‍ സി ഡയറക്ടര്‍ ഡോ. റോഷന്‍ ബിജിലി മുഖ്യ പ്രഭാഷണം നടത്തി. സമഗ്ര ശിക്ഷാ പ്രോഗ്രാം ഓഫീസര്‍ എ കെ അബ്ദുള്‍ ഹക്കീം സ്വാഗതവും ഡോ സന്ദീഷ് പി ടി നന്ദിയും പറഞ്ഞു.
ഡോ രാധിക എം കെ, ഡോ സുനീഷ് ടി വി, ഡോ സന്ദീഷ് പി ടി, സൗമ്യ കെ സുകുമാരന്‍ എന്നിവരാണ് പരിശീനത്തിന് നേതൃത്വം നല്‍കുന്നത്.
