KERALAMAIN HEADLINES

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി

പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. നയപ്രഖ്യാപനത്തിന് എത്തിയ ഗവര്‍ണറെ സ്‍പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്നാണ് സ്വീകരിച്ചത്. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിലെ കേന്ദ്രവിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു.

സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിന്‍റെ വളര്‍ച്ചയെ ഗവര്‍ണര്‍ പുകഴ്ത്തി. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ്  സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.

സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കും. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസത്തിന്‍റെ മികച്ച കേന്ദ്രമാക്കും. ആരോഗ്യമേഖലയില്‍ ഉണ്ടായത് വന്‍ നേട്ടങ്ങളാണ്. ആര്‍ദ്രം മിഷന്‍ അടിസ്ഥാന ചികിത്സാ മേഖലയില്‍ പുരോഗതി ഉണ്ടാക്കി. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ മികച്ചതും ചെലവ് കുറഞ്ഞതുമായി. ലിംഗ സമത്വ ബോധവത്കരണത്തിനായി പദ്ധതി രൂപീകരിക്കും. ന്യൂനപക്ഷ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും ഡിപിആര്‍ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണെന്നും കാര്യക്ഷമവും വേഗതയുമുള്ള യാത്രയ്ക്ക് സില്‍വര്‍ലൈന്‍ വേണമെന്നും ഗവര്‍ണര്‍ പറഞ്ഞു. 
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button