CRIMEUncategorized

പത്തനംതിട്ടയില്‍ ഭര്‍ത്താവ് വെട്ടിമാറ്റിയ വിദ്യയുടെ കൈകള്‍ തുന്നിച്ചേര്‍ത്തു; ആരോഗ്യനില ഗുരുതരമായി തുടരുന്നു.

 

പത്തനംതിട്ട: പത്തനംതിട്ടയില്‍ ഭര്‍ത്താവ് വെട്ടിമാറ്റിയ വിദ്യയുടെ കൈകള്‍ തുന്നിച്ചേര്‍ത്തു. തിരുവനനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള വിദ്യയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

ഭര്‍ത്താവ് വിദ്യയുടെ വീട്ടിലെത്തിയത് കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വടിവാളമായി അടുക്കള വഴി വീട്ടിലെത്തിയ അഞ്ചുവയസുകാരനായ മകന്റെ മുന്നിലിട്ടാണ് വിദ്യായെ വെട്ടിയത്. വിദ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ അച്ഛനെയും സന്തോഷ് വടിവാള്‍ കൊണ്ടുവെട്ടി. നേരത്തെ വിദ്യയുടെ വായ് സന്തോഷ് കുത്തിക്കീറി പരിക്കേല്‍പ്പിച്ചിരുന്നു. സന്തോഷ് സംശയ രോഗിയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.

രണ്ടുദിവസമായി വീടിന് സമീപത്തെത്തി കൃത്യമായി നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ആസിഡ് നിറച്ച കന്നാസുമായി പ്രതി വീട്ടിലെത്തിയത്. വെട്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യയുടെ കൈകള്‍ക്ക് സാരമായി പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. കൊല്ലുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്  വീട്ടിലെത്തിയതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

സംഭവവവുമായി ബന്ധപ്പെട്ട് ഞായറാഴ്ച പുലര്‍ച്ചെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സന്തോഷ് ഭാര്യ വിദ്യയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. കലഞ്ഞൂരിലെ വീട്ടില്‍ താമസിക്കുകയായിരുന്ന വിദ്യയുടെ രണ്ട് കൈകളും ഇയാള്‍ വടിവാള്‍ കൊണ്ട് വെട്ടിമാറ്റി. തലമുടിയും മുറിച്ചെടുത്തു. തലയിലും വെട്ടിപരിക്കേല്‍പ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് വിദ്യയുടെ പിതാവ് വിജയനെയും ആക്രമിച്ചു. വിജയന്റെ പുറത്താണ് വെട്ടേറ്റത്. 

സംഭവത്തിനുശേഷം രക്ഷപ്പെട്ട സന്തോഷിനെ ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് കൂടല്‍ പൊലീസ് അടൂരില്‍നിന്ന് പിടികൂടിയത്. വിവിധ സ്‌റ്റേഷനുകളിലെ പൊലീസിന്റെ സഹായത്തോടെയും മൊബൈല്‍ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലുമാണ് ഇയാള്‍ പിടിയിലായത്.

ഏഴംകുളം സ്വദേശിയായ സന്തോഷും കലഞ്ഞൂര്‍ സ്വദേശിയായ വിദ്യയും ആറുവര്‍ഷം മുമ്പാണ് വിവാഹിതരായത്. ഒരുവര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് താമസിച്ചത്. ദാമ്പത്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് രണ്ടുപേരും അകന്നുതാമസിച്ചുവരികയായിരുന്നു. ഇതിനിടെ കുടുംബകോടതിയില്‍ വിവാഹമോചന കേസും ഫയല്‍ചെയ്തു. ഈ കേസ് നടന്നുവരുന്നതിനിടെയാണ് സന്തോഷ് കലഞ്ഞൂരിലെ വീട്ടിലെത്തി വിദ്യയെ ആക്രമിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button