പത്മനാഭസ്വാമിക്ഷേത്ര ട്രസ്റ്റിന്റെയും കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് സുപ്രീംകോടതി
പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍ മൂന്ന് മാസത്തിനകം ഓഡിറ്റ് ചെയ്യണം എന്ന് സുപ്രീംകോടതി ഉത്തരവ് നല്‍കി. പദ്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയുടെ നിയന്ത്രണത്തിലല്ല തങ്ങളെന്ന് നിര്‍ദ്ദേശിക്കണമെന്ന ട്രസ്റ്റിന്റെ ആവശ്യം ഓഡിറ്റിനുശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. പ്രത്യേക ഓഡിറ്റില്‍നിന്ന് ഒഴിവാക്കണമെന്ന പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രീം കോടതി തള്ളുകയും ചെയ്തു. ക്ഷേത്രത്തിന്റെയും ട്രസ്റ്റിന്റെയും പ്രത്യേക ഓഡിറ്റ് മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് 2020 സുപ്രീം കോടതി നിര്‍ദേശിച്ചു.
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ട്രസ്റ്റിന്റെയും കഴിഞ്ഞ 25 വര്‍ഷത്തെ വരവുചെലവ് കണക്കുകള്‍ വിശ്വാസയോഗ്യമായ സ്ഥാപനത്തെക്കൊണ്ട് ഓഡിറ്റ് ചെയ്യാന്‍ 2020 ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന ക്ഷേത്രത്തിന്റെ ഭരണസമിതിയും, ഉപദേശക സമിതിയും ഓഡിറ്റിങ്ങിനായി ഒരു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. വരവുചെലവ് കണക്ക് ഹാജരാക്കാന്‍ ഓഡിറ്റിങ് സ്ഥാപനം നിര്‍ദേശിച്ചിരുന്നു എങ്കിലും ട്രസ്റ്റ് അതിനോട് സഹകരിച്ചിരുന്നില്ല. ബുധനാഴ്ചത്തെ കോടതി ഉത്തരവോടെ ട്രസ്റ്റിന് പ്രത്യേക ഓഡിറ്റുമായി സഹകരിക്കേണ്ടി വരും.
1965 ല്‍ ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മയാണ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് രൂപവത്കരിച്ചത്. തിരുവിതാംകൂര്‍ രാജകുടുംബം ക്ഷേത്രത്തില്‍ നടത്തുന്ന മതപരമായ ആചാരങ്ങള്‍ നടത്തുന്നിന് വേണ്ടി ആയിരുന്നു ഇത്. ക്ഷേത്രത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളില്‍ തങ്ങള്‍ ഇടപെടാറില്ല എന്നും സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള ശ്രീ വൈകുണ്ഡം, അനന്തശയനം, ഭജനപുര, മഹാലക്ഷ്മി, സുദര്‍ശന്‍ എന്നീ മണ്ഡപങ്ങളും, ചിത്രാലയം ആര്‍ട്ട് ഗാലറി, കുതിര മാളിക എന്നിവയും പദ്മനാഭ സ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ നിയന്ത്രണത്തിലാണ്. ഇവിടെനിന്നുള്ള വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യുന്നില്ല എന്ന് അമിക്കസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും, നേരത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്ത വിനോദ് റായിയും സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ക്ഷേത്രത്തിന്റെ ദൈനംദിനം ചെലവുകള്‍ക്ക് പണം നല്‍കേണ്ട ട്രസ്റ്റിന്റെ കഴിഞ്ഞ 25 വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്യണമെന്ന് ഭരണസമിതി സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പദ്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റും സഹകരിച്ചാല്‍ മാത്രമേ കഴിയുകയുള്ളു എന്ന് ഭരണസമിതി അധ്യക്ഷന്‍ ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.