LOCAL NEWS
പത്മശ്രീ ഗുരു ചേമഞ്ചേരിയെ പൂക്കാട് കലാലയം വിവിധ പരിപാടികളോടെ അനുസ്മരിച്ചു.
കൊയിലാണ്ടി: കലാലയങ്കണത്തിൽ വൈകിട്ട് നടന്ന അനുസ്മരണ സമ്മേളനം പ്രശസ്ത ചിത്രകാരൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്തു. ഡോ. കോയ കാപ്പാട് അധ്യക്ഷത വഹിച്ചു. കലാലയത്തിന്റെ പ്രിയ ഗുരു എന്ന വിഷയത്തിൽ യു.കെ രാഘവൻ സംസാരിച്ചു. കേരള സർക്കാരിന്റെ ഫണ്ടുപയോഗിച്ച് സ്ഥാപിച്ച ജനറേറ്റർ, ദീപ ശബ്ദ സംവിധാനങ്ങൾ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗുരുവിന്റെ എണ്ണച്ചായാ ചിത്രം എം.വി.എസ് പൂക്കാട് അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ഷീബശ്രീധരൻ, കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ. എൻ വി സദാനന്ദൻ, കലാലയം പി.ടി.എ. പ്രസിഡണ്ട് കെ.സുധീഷ്, അശോകൻ കോട്ട്, സുനിൽ തിരുവങ്ങൂർ എന്നിവർ സംസാരിച്ചു.
കാലത്ത് ഗുരുവിന്റെ സഹപ്രവർത്തകരായി പ്രവർത്തിച്ചവരുടെ സംഗമം ഗുരുസാരം എഫ്.എഫ്. ഹാളിൽ നടന്നു. കെ.ടി. രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. മധുസൂദനൻ ഭരതാഞ്ജലി, പ്രഭാകരൻ പുന്നശ്ശേരി, നന്ദി പ്രകാശൻ, സത്യനാഥൻ മാടഞ്ചേരി, കോട്ടുപൊയിൽ സത്യൻ എന്നിവർ ഗുരുവുമൊത്തുള്ള അനുഭവങ്ങൾ പങ്കുവെച്ചു. പ്രഭാത കൂടിച്ചേരലിൽ കെ.കെ. ശങ്കരൻ കലാലയം വിദ്യാർത്ഥികളുമായി ഗുരുസ്മരണ പങ്കുവെച്ചു. യോഗത്തിൽ ശിവദാസ് കാരോളി, സുനിൽതിരുവങ്ങൂർ എന്നിവർ സംസാരിച്ചു. ആർ.എൽ. വി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന നൃത്ത പഠന ക്യാമ്പിൽ കെ. ശ്രീനിവാസൻ സ്വാഗതവും ലജ്ന നന്ദിയും പറഞ്ഞു. കെ.കെ. മാരാരുടെ നേതൃത്വത്തിൽ നടന്ന ചിത്ര പഠന ക്യാമ്പിൽ എ.കെ. രമേശൻ സ്വാഗതം പറഞ്ഞു.
Comments