SPECIAL

പന്തലായനിക്കാർക്ക് മേൽപ്പാലമോ അടിപ്പാതയോ വേണ്ടതുണ്ടോ? അതല്ല “ശരി നോക്കാം” എന്ന രാഷ്ട്രീയക്കാരുടെ പതിവ് മറുപടി മതിയാകുമോ?

എൻ വി ബാലകൃഷ്ണൻ, മാനേജിംഗ് എഡിറ്റർ കലിക്കറ്റ് പോസ്റ്റ്

മനുഷ്യരുടെ മൗലികാവകാശങ്ങളിൽ ഏറ്റവും പ്രധാനമാണ് സഞ്ചാര സ്വാതന്ത്ര്യം. അത് തടയപ്പെട്ട നിലയിൽ വർഷങ്ങളായി ജീവിക്കുന്ന പന്തലായനി നിവാസികളുടെ നിയമപരമായ സഞ്ചാരവഴിക്ക് വേണ്ടിയുള്ള മുറവിളികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്തെല്ലാമോ കാരണത്താൽ അത് ആരും ഇതുവരെ കാര്യമായി പരിഗണിച്ചതായി കാണുന്നില്ല. രണ്ടാഴ്ച മുമ്പ് ഏഴ് വയസ്സുകാരനായ ഒരു കുഞ്ഞ്, തീവണ്ടി കടന്നുപോകുമ്പോഴുള്ള കാറ്റിൽ കുടയോടൊപ്പം പറന്ന് വണ്ടിയിലിടിച്ച് മരണപ്പെട്ടു. അതോടെ ജനങ്ങൾ വീണ്ടുമുണർന്നു. മാധ്യമങ്ങളും. ജനപ്രതിനിധികളും നഗരസഭയുമൊക്കെ ഇനിയും ഉണർന്നതായി കാണുന്നില്ല. കലിക്കറ്റ് പോസ്റ്റ് അവരുടെയെല്ലാം പ്രതികരണം തേടുകയാണ്.

നേരാംവണ്ണം പാത മുറിച്ചു കടക്കാനുള്ള ഫുട്ഓവർ ബ്രിഡ്ജോ അടിപ്പാതയോ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഒഴിഞ്ഞ് പോകുമായിരുന്നതാണ് ആ ദുരന്തം. ഒരു ഹയർ സെക്കണ്ടറി സ്കൂളും യു പി സ്കൂളും പ്രീപ്രൈമറി സ്കൂളുമുണ്ട് പാളത്തിനിരുഭാഗങ്ങളിലുമായി. ഏതാണ്ട് നാലായിരം കുടുംബങ്ങൾക്ക് ഈ പാത മുറിച്ചു കടന്നോ, റെയിൽവേ പ്ലാറ്റ്ഫോമുൾപ്പെടെയുള്ള റെയിൽവേ ഭൂമിയിൽ ‘അതിക്രമിച്ചു’കടന്നോ വേണം നഗരത്തിലേക്കും ദേശീയപാതയിലേക്കും താലൂക്ക് ഭരണ കേന്ദ്രത്തിലേക്കുമൊക്കെ എത്താൻ. ഒരു പാട് മനുഷ്യക്കുരുതികൾ ഇവിടെ ഇതിനകം നടന്നു കഴിഞ്ഞു. ആനന്ദ് എന്ന ഏഴുവയസ്സുകാരന്റെ മരണം അവസാനത്തേതാകണം എന്നാഗ്രഹിക്കാത്ത മനുഷ്യരുണ്ടാവുമോ?

അത് കഴിയണമെങ്കിൽ പന്തലായനിക്കാർക്ക് സഞ്ചരിക്കാൻ ഒരു ആകാശ നടപ്പാതയോ അടിപ്പാതയോ പണിത് കിട്ടണം. ആനന്ദിന്റെ മരണം സംഭവിച്ച് രണ്ടാഴ്ച കഴിഞ്ഞതോടെ എല്ലാവരും മറവി രോഗത്തിന് കീഴടങ്ങുകയാണ്. റെയിൽവേയുടെ നിലപാട് ഞങ്ങൾക്കിതിലൊന്നും ഒരു ഉത്തരവാദിത്തമില്ല എന്ന കൈമലർത്തലാണ്. ആളുകളുടെ ഭൂമി നക്കാപ്പിച്ച നഷ്ടപരിഹാരം നൽകി ഏറ്റെടുത്തതാണ് റെയിൽവേയുടെ മുതലുകൾ. അത് എ ക്ലാസും ബി ക്ലാസും സിക്ലാസുമൊക്കെയായിത്തിരിച്ചാണ് ഇക്കണ്ട സംവിധാനങ്ങളൊക്കെ റെയിൽവേ ഉണ്ടാക്കിയത്. യാത്രയിലും ചരക്കു കടത്തിലുമായി കോടാനുകോടി രൂപയാണ് ഓരോ വർഷവും റെയിൽവേ ജനങ്ങളിൽ നിന്ന് സംഭരിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണവും അവരുടെ ഭൂമിയുമാണ് റെയിൽവേയുടെ സ്വത്ത് എന്നത് അവർ മറന്നു പോകുന്നു. അതാണവരിപ്പോൾ സ്വകാര്യ വ്യക്തികൾക്ക് മറിച്ചു വിൽക്കാൻ പോകുന്നത്. സ്വന്തം ഭൂമിയിലൂടെ ജനങ്ങൾക്ക് നടക്കാൻ കപ്പം കൊടുക്കേണ്ട ഗതികേടിലായ ജനതയോട്, ഞങ്ങളുടെ ഭൂമി തൊടരുത്, നിങ്ങളുടെ ചെലവിൽ അടിപ്പാതയോ മേൽപ്പാതയോ പണിത് സഞ്ചരിച്ചോളണം; അതിനുള്ള പണം നിങ്ങൾ തന്നെ കണ്ടെത്തിക്കോളണം എന്ന് പറയുന്നത് എന്തൊരു മര്യാദകേടാണ്? ഞങ്ങളുടെ പാളം മുറിച്ചു കടന്നാൽ, ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ കയറിയാൽ ഞങ്ങൾ പിടിച്ച് പിഴ ചുമത്തും, ജയിലിലടക്കും എന്നൊക്കെ പറയുന്നത് എന്തൊരു ധിക്കാരമാണ്? പക്ഷേ ഇതൊക്കെ പഞ്ചപുച്ചമടക്കി സഹിക്കുന്നവരാണല്ലോ നമ്മൾ.

റെയിൽവേക്ക് വേണമെന്ന് തോന്നിയാൽ അവരെവിടേയും സ്വന്തം ചെലവിൽ ഫുട്ഓവർ ബ്രിഡ്ജോ അടിപ്പാതയോ ഒക്കെയുണ്ടാക്കും. കൊയിലാണ്ടി റെയിൽവേ മേൽപ്പാലം ഉദ്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. സ്വാഗത പ്രാസംഗികയായിരുന്ന അന്നത്തെ നഗരസഭാ അദ്ധ്യക്ഷ പൊതുവേദിയിൽ നടത്തിയ ഒരഭ്യർത്ഥനയുണ്ട്. “മേൽപ്പാലം ഉദ്ഘാടനം ചെയ്യുന്നതോടെ, മറ്റ് സഞ്ചാര മാർഗ്ഗങ്ങളൊക്കെ അടഞ്ഞ് പോകും. കൊയിലാണ്ടിയെ അത് ശ്വാസം മുട്ടിക്കും. അത് കൊണ്ട് പേരാമ്പ്ര റോഡിലോ ബപ്പൻകാട് റോഡിലോ അടിപ്പാത റെയിൽവേ തന്നെ പണിതു തരണം. തുടർന്ന് വേദിയിൽ വെച്ചുതന്നെ മുഖ്യമന്ത്രി അത് ഉയർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തി. അതേ വേദിയിൽ വെച്ചു തന്നെ റെയിൽവേ ചീഫ് എഞ്ചിനീയർ ബപ്പൻകാട് അടിപ്പാത നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചു. ഒരു നിവേദനത്തിന് പോലും കാത്ത് നിൽക്കാതെ, എംപി ഫണ്ടിനും മറ്റും ആവശ്യപ്പെടാതെ, മുഴുവൻ പണവും റെയിൽവേ മുതലിറക്കി ബപ്പൻകാട് അടിപ്പാത പണിതു. ഇന്നത്തെ അതിന്റെ അവസ്ഥ ശോചനീയമാണെങ്കിലും. വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നതിന്റെ ഉദാഹരണമായി നമുക്ക് ബപ്പൻകാട് അടിപ്പാതയെ കാണാം.

റെയിൽവേക്ക് പലതരത്തിൽ ഇത്തരം വർക്കുകൾ ഏറ്റെടുക്കാനുള്ള സംവിധാനങ്ങളുണ്ട്. റെയിൽവേ നേരിട്ട് പണം മുതലിറക്കി ചെയ്യുന്ന വർക്കുകൾ, ജനങ്ങൾ പണം ശേഖരിച്ച് റെയിൽവേക്ക് നൽകി ചെയ്യുന്ന ഡെപ്പോസിറ്റ് വർക്കുകൾ, എം പി ഫണ്ട് ഉപയോഗിച്ച് ചെയ്യുന്നവ, റെയിൽവേയും മറ്റ് സ്ഥാപനങ്ങളും തുക ഷെയർ ചെയ്തെടുത്ത് ചെയ്യുന്ന കോസ്റ്റ് ഷെയർ വർക്കുകൾ എന്നിങ്ങനെ പലതും. പക്ഷേ ഇതിലേതെങ്കിലും ഒന്നിൽ ഉൾപ്പെടുത്തി നമ്മുടെ ആവശ്യം നിറവേറ്റി കിട്ടണമെങ്കിൽ അതിന് വേണ്ടി ഇറങ്ങിത്തിരിക്കാൻ ശേഷിയുളള ഒരു നേതൃത്വം നമുക്കുണ്ടാവണം. നമുക്ക് എന്താണ് നടന്നു കിട്ടേണ്ടത് എന്ന് നാം ആദ്യം നിശ്ചയിക്കണം. അടിപ്പാതയാണോ? അതോ മേൽപ്പാതയോ? അടിപ്പാത ആ ഭാഗത്ത് സാദ്ധ്യമാവില്ല; അത്രക്ക് വെള്ളത്തിന്റെ ശല്യമുണ്ടാവും എന്നാണ് കൊയിലാണ്ടിയിലെ പെർമനന്റ് വേ എഞ്ചിനീയറുടെ അഭിപ്രായം. മേൽപ്പാത നിർമ്മിച്ച് ഇരുഭാഗത്തും മതിൽ കെട്ടി റെയിൽവേ ട്രാക്കിലേക്ക് പ്രവേശിക്കാൻ കഴിയാത്ത സ്ഥിതി ഉണ്ടാക്കിയാലേ ആളുകൾ ഫൂട് ഓവർ ബ്രിഡ്ജുകൾ ഉപയോഗിക്കൂ. പ്രായമായവർക്കും രോഗികൾക്കും വൈകല്ല്യമുള്ളവർക്കും ഒക്കെ ഉപയോഗിക്കാൻ ലിഫ്റ്റ് സൗകര്യവും ഏർപ്പെടുത്താനാവും. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് അടിപ്പാത നിർമ്മിച്ചാലും വെള്ളം കയറുന്നത് ഒഴിവാക്കാനാകും.

വിദഗ്ധരായ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ സഹായത്തോടെ കരട് പ്രൊജക്ട് റിപ്പോർട്ട് ആദ്യം തയാറാക്കണം. അതിന് നഗരസഭ തന്നെ മുൻ കൈ എടുക്കണം. കോസ്റ്റ് എസ്റ്റിമേറ്റും തയാറാക്കണം. സ്വാധീനം ചെലുത്താനായാൽ ചെലവുതുക റെയിൽവേയെ കൊണ്ട് തന്നെ ഏറ്റെടുപ്പിക്കാനാകും. അതിന് കഴിയുന്നില്ലങ്കിൽ സംയുക്ത വർക്കായി ചെയ്യാൻ കഴിയുമോ എന്നാരായണം. അതിനും സാദ്ധ്യതയില്ലെങ്കിൽ എം പി ഫണ്ട് എം എൽ എ ഫണ്ട് എന്നിവ വിനിയോഗിച്ച് നിർമ്മിക്കാം. നിവൃത്തിയില്ലങ്കിൽ പൊതുജനങ്ങളിൽ നിന്ന് ധനസമാഹരണമാകാം. റെയിൽവേയെ കൊണ്ട് പണം മുതലിറക്കി നിർമ്മിക്കാൻ കഴിയണമെങ്കിൽ ഒരു പ്രദേശത്തിന്റെ മൊത്തം ആവശ്യമായി ഇതുയർത്താനും ഉന്നതങ്ങളിൽ സ്വാധീനം ചെലുത്താനുമൊക്കെ നമുക്കാവണം. ഉടുമ്പു പിടിച്ചത് പോലെ വിടാതെ കൂടണം. സമരങ്ങളും പ്രക്ഷോഭങ്ങളുമൊക്കെ മറന്നുപോയ ഒരു ജനതക്ക് അതിനൊക്കെ അർഹതയുണ്ടോ എന്നതാണ് പ്രശ്നം.

എന്തു ചെയ്യണം എങ്ങിനെ ചെയ്യണമെന്നൊക്കെ തീരുമാനമെടുക്കേണ്ടത് പാലക്കാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിവിഷണൽ റെയിൽവേ മേനേജരാണ്. കാൽ പായക്കടലാസിലെ നിവേദനവുമായി ചെന്നാൽ അദ്ദേഹമത് ചവറ്റുകൊട്ടയിലെറിയുന്നതല്ലാതെ മറ്റൊന്നും നടക്കില്ല. നടന്നു കിട്ടേണ്ട പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ടിന്റെ കരട് തയാറാക്കണം. കോസ്റ്റ് എസ്റ്റിമേറ്റുണ്ടാവണം. എംപിമാരും എം എൽ എ മാരും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമൊക്കെ ഒരുമിച്ച് ചെല്ലണം. വിശദാംശങ്ങളൊക്കെ മണിമണിയായി പറയാൻ കഴിയുംവിധം പ്രശ്നം പഠിക്കണം. കൊയിലാണ്ടിയിലെ റെയിൽവേ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നും മറ്റും ഇതൊരു അത്യാവശ്യ വർക്കാണ് എന്ന് ബന്ധപ്പെട്ടവരെ അതിന് മുമ്പു തന്നെ അറിയിക്കാൻ കഴിയുമോ എന്ന് നോക്കണം. അങ്ങിനെയൊക്കെ ചെയ്യാനായാൽ ഫീസിബിലിറ്റി സ്റ്റഡി നടത്താൻ കോഴിക്കോട്ടെ എഞ്ചിനിയറിംഗ് വിഭാഗത്തെ ഡിവിഷണൽ എഞ്ചിനീയർ ചുമതലപ്പെടുത്തും. അവരെ കൊണ്ട് അംഗീകരിപ്പിച്ച് ശുപാർശ ചെയ്യിച്ചാൽ അടിപ്പാതയോ മേൽപ്പാതയോ അതെന്തായാലും അനുവദിക്കപ്പെടും. അതിനിടയിൽ റെയിൽവേ മന്ത്രാലയത്തിലൊക്കെ ബന്ധപ്പെട്ടാൽ റെയിൽവേയെ കൊണ്ട് തന്നെ നിർമ്മാണ ചെലവ് വഹിപ്പിക്കാനുമാകും. ഇതൊക്കെ നടക്കണമെങ്കിൽ “ശരി നോക്കാം ” എന്ന സ്ഥിരം വായ്ത്താരി കൊണ്ടാവില്ല. ജനപ്രതിനിധികളും ജനങ്ങളും വിയർത്ത് ജോലി ചെയ്യേണ്ടിവരും. ഓർക്കുക കരയുന്ന കുഞ്ഞിനേ പാലുള്ളൂ..

കെ മുരളീധരൻ എം പി; വടകര പാർലമെന്റ് മണ്ഡലം

കൊയിലാണ്ടി പന്തലായനിയിലെ ജനങ്ങളുടെ യാത്രാപ്രശ്നം അടിയന്തര പരിഹാരം കാണേണ്ട വിഷയമാണ്. കുഞ്ഞുകുട്ടികൾ പഠിക്കുന്ന സ്കൂളുകൾ മുതൽ താലൂക്ക് ഭരണ കേന്ദ്രം വരെ പാളത്തിന് ഇരുഭാഗങ്ങളിലുമാണ്. നിത്യേന നൂറുകണക്കിനാളുകൾ പാളം മുറിച്ചു കടന്ന് സഞ്ചരിക്കേണ്ടി വരുന്നുണ്ട്. ദാരുണമായ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഏഴുവയസ്സുകാരന്റെ മരണം.
പ്രശ്നപരിഹാരത്തിന് മുൻകൈയ്യെടുക്കേണ്ടത് നഗരസഭ തന്നെയാണ്. മറ്റെല്ലാ ജനപ്രതിനിധികളേയും കൂട്ടി യോജിപ്പിച്ച് ജനകീയ പിന്തുണയോടെ പദ്ധതി പൂർത്തിയാക്കാനാവണം. മുല്ലപ്പള്ളി രാമചന്ദ്രൻ എം പിയായിരുന്ന കാലത്ത് 50 ലക്ഷം രൂപ ഈ കാര്യത്തിന് അനുവദിച്ചിരുന്നു. അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നറിയില്ല. നഗരസഭ മുൻകൈയ്യെടുത്ത് എം പി മാർക്കും എം എൽ എക്കുമൊക്കെ പറ്റിയ ദിവസം ജനപ്രതിനിധികളുടേയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടേയുമൊക്കെ യോഗം ചേർന്നാൽ വിശദമായ പരിപാടി തയാറാക്കാം. ഈ പദ്ധതി പൂർത്തിയാക്കാൻ നിങ്ങളോടൊപ്പം മുൻനിരയിൽ തന്നെ നിന്ന് പ്രവർത്തിക്കാൻ ഞാനുമുണ്ടാവും. ഫണ്ട് വിനിയോഗമുൾപ്പെടെ മന്ത്രാലയത്തിലോ ഉദ്യോഗസ്ഥ തലത്തിലോ ബന്ധപ്പെടുന്നതിന് വേണ്ട എല്ലാ കാര്യങ്ങളും നമുക്കൊരുമിച്ച് നിർവഹിക്കാം.

 

കാനത്തിൽ ജമീല എം എൽ എ; കൊയിലാണ്ടി അസംബ്ലി മണ്ഡലം

പന്തലായനി നിവാസികളുടെ യാത്രാപ്രശ്നം അടിയന്തരമായി പരിഹാരം കാണേണ്ട ഒന്നാണ് എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല. റെയിൽവേ പാളം ഇരട്ടിപ്പിക്കൽ, ഫ്ലൈ ഓവർ നിർമ്മിക്കൽ, സ്റ്റേഷൻ വികസിപ്പിക്കൽ എന്നിവ നടത്തിയതോടെയാണ് പന്തലായനിക്കാർ പരമ്പരാഗതമായി ഉപയോഗിച്ച യാത്രാ സംവിധാനങ്ങളൊക്കെ അടഞ്ഞുപോയത്. പന്തലായനി എന്ന വിപുലമായ ഒരു മേഖലയ്ക്കാണ് നഗര കേന്ദ്രവുമായുള്ള ബന്ധം അറ്റുപോയത്. നിയമവിരുദ്ധമായി റെയിൽ മുറിച്ചു കടന്നു കൊണ്ടല്ലാതെ ഈ പ്രദേശത്തെ ജനങ്ങൾക്ക് നഗരത്തിലേക്ക് എത്തിച്ചേരാനാവില്ല. വിരലിലെണ്ണാവുന്ന വണ്ടികൾ മാത്രം കടന്നു പോയിരുന്ന സ്ഥാനത്ത് ഇപ്പോൾ മിനിട്ടുകളുടെ ഇടവേളകളിൽ വണ്ടികൾ കടന്നുപോകുന്നു. അപകടങ്ങൾ ഇവിടെ നിത്യസംഭവമാണ്. കഴിഞ്ഞ ദിവസമുണ്ടായ ഏഴ് വയസ്സുകാരന്റെ ദാരുണാന്ത്യമുണ്ടാക്കിയ വേദന ആ അമ്മ എങ്ങിനെ സഹിക്കുമെന്നറിയില്ല.
ഞാൻ എം എൽ എ യായി ചുമതല ഏറ്റെടുത്ത ഉടനെ തന്നെ ശ്രദ്ധയിലേക്ക് വന്ന ഒരു പ്രശ്നമാണിത്. ഇവിടെ ഫൂട് ഓവർ ബ്രിഡ്ജ് പണിയണമെന്നാവശ്യപ്പെട്ട് റെയിൽവേക്ക് നിവേദനവും നൽകിയിരുന്നു. തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. റെയിൽവേ ഇത്തരം കാര്യങ്ങളിൽ സ്വീകരിക്കുന്ന നിലപാട് എല്ലാവർക്കും അറിയാവുന്നതാണ്. പണം കണ്ടെത്തുന്നതിന്നുള്ള മാർഗ്ഗങ്ങളും ആലോചിക്കേണ്ടിവരും. എല്ലാവരും ഒത്തൊരുമിച്ചു നിന്ന് പ്രവർത്തിച്ചാലേ ഫലം ഉണ്ടാകൂ എന്നാണ് എന്റെ അഭിപ്രായം. നഗരസഭാ അധികൃതരുമായി ഇതേക്കുറിച്ച് വിശദമായി ചർച്ച ചെയ്യേണ്ടതുണ്ട്. പരിഹാര നടപടികൾക്കായി എം എൽ എ എന്ന നിലയിൽ മുൻകൈ എടുത്ത് പ്രവർത്തിക്കും.

നഗരസഭാ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട്

പന്തലായനി യു പി സ്കൂളിലെ ആനന്ദ് എന്ന കുട്ടി തീവണ്ടി തട്ടി മരിക്കാനിടയായതോടെ പന്തലായനി നിവാസികൾക്ക് യാത്രാസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന പ്രശ്നം അടിയന്തര പരിഗണനാവിഷയമായി നഗരസഭക്ക് മുമ്പിൽ വന്നിട്ടുണ്ട്. ഞാനും പന്തലായനി സ്വദേശിയാണ്. ഇവിടെ അടിപ്പാതയോ മേൽപ്പാതയോ അനുവദിക്കണമെന്ന് റെയിൽവേയോട് ആവശ്യപ്പെടുന്ന ഒരു പ്രമേയം നഗരസഭ പാസ്സാക്കി വെച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ റെയിൽവേ എഞ്ചിനീയറോടും സംസാരിച്ചിട്ടുണ്ട്. അടിപ്പാത അനുവദിക്കില്ലന്നും ഫുട് ഓവർ ബ്രിഡ്ജിന് മാത്രമേ സാദ്ധ്യതയുള്ളൂ എന്നുമാണറിയുന്നത്. പാലക്കാടോ മദ്രാസിലോ ചെന്ന് ഉന്നത ഉദ്യേഗസ്ഥരുടെ മുമ്പിൽ പ്രശ്നം കൊണ്ടുവരാനുള്ള നീക്കമൊന്നും ഇതുവരെ നടന്നിട്ടില്ല. ആവശ്യമെങ്കിൽ നഗരസഭ അത്തരം കാര്യങ്ങൾ ആലോചിക്കും. പണം കണ്ടെത്തുന്നതെങ്ങിനേയെന്നത് പ്രശ്നമാണ്. മുല്ലപ്പള്ളി രാമചന്ദൻ എം പിയായിരുന്ന കാലത്ത് അൻപത് ലക്ഷം അനുവദിച്ചതിന്റെ ഇപ്പോഴത്തെ നിലയെന്തന്നറിയില്ല. അത് ഇപ്പോൾ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. വേണ്ടി വന്നാൽ കൊയിലാണ്ടിയിലെ സർവ്വകക്ഷി പ്രതിനിധികളുടേയും ആലോചനായോഗം നഗരസഭയുടെ നേതൃത്വത്തിൽ വിളിച്ചു ചേർക്കാം.

പി രത്നവല്ലി; പ്രതിപക്ഷ നേതാവ്. കൊയിലാണ്ടി നഗരസഭ

പന്തലായനി പ്രദേശത്തുകാരുടെ യാത്രാപ്രശ്നം പരിഹരിക്കുന്നതിന് ഒരു റെയിൽവേ മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണ്. കൊയിലാണ്ടി ഈസ്റ്റ് റോഡിൽ സ്ഥാപിച്ചിട്ടുള്ള അടിപ്പാതയുടെ അനുഭവം വെച്ച് മേൽപ്പാലം തന്നെയാണ് അഭികാമ്യം. ഗവ: ഗേൾസ് സ്കൂളിലേക്ക് എത്തുന്ന ബഹുഭൂരിപക്ഷം കുട്ടികളും ഇരട്ട റെയിൽവേ ലൈൻ മുറിച്ചു കടന്നാണ് എത്തുന്നത്. റെയിൽവേ സ്റ്റേഷനു സമീപം മുത്താമ്പി റോഡിലെ ഗേറ്റ് കൂടി ഇല്ലാതായതോടെ ഒരു വലിയ പ്രദേശം മുഴുവൻ ദുരിതമനുഭവിക്കേണ്ട സ്ഥിതിയിലാണുള്ളത്. എന്നാൽ മേൽവിഷയം റെയിൽവേയുടേയോ തീവണ്ടി യാത്രക്കാരുടേയോ പ്രശ്നമല്ല. അതിനാൽ റെയിൽവേ സ്വന്തം നിലയിൽ പരിഹാരമുണ്ടാക്കും എന്ന് പ്രതീക്ഷിക്കാനുമാവില്ല. ആയതിനാൽ പൊതുജന താല്പര്യം മുൻ നിർത്തി കൊയിലാണ്ടി നഗരസഭ മുൻ കൈയ്യെടുത്ത് ഒരു മേൽപ്പാലം അനുവദിച്ചു കിട്ടുന്നതിനുള്ള നടപടികൾ ആരംഭിക്കണം. റെയിൽവേയുടെ നിബന്ധനകൾക്ക് വിധേയമായി ഫണ്ട് കണ്ടെത്തുന്നതിന് എം എൽ എയുടേയും എം പിയുടേയും സഹായം തേടാവുന്നതുമാണ്. ഇപ്പോൾ രാജ്യസഭ അംഗമായ പി ടി ഉഷയുടെ സഹായവും ആവശ്യപ്പെടാം. കഴിഞ്ഞ ദിവസം കാൺസിലിൽ ഈ പ്രമേയം അവതരിപ്പിച്ച് പാസ്സാക്കിയിട്ടുണ്ട്. എനിയും ഒരുപാട് ജീവനുകൾ പൊലിയുന്നതിന് മുൻപ് മേലധികാരികളെ കണ്ട് വേണ്ടത് ചെയ്യണമെന്നും പ്രമേയ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ആ പ്രമേയം ഇതുവരെ അധികാരികൾക്ക് അയച്ചതായി അറിവില്ല.

 

ഇ കെ അജിത്ത്; നഗരസഭാ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മററി ചെയർമാൻ

പന്തലായനിയിലേക്കുള്ള യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്നുള്ളത് നിരവധി വർഷങ്ങളായുള്ള ആവശ്യമാണ്. റെയിൽവെ പാളം മുറിച്ചു കടക്കുമ്പോളുണ്ടാകന്ന അപകടമരണങ്ങളിൽ നാടു വിറങ്ങലിച്ചു നിൽക്കുകയാണ്. ഇതിനുള്ള അടിയന്തിര പരിഹാരം റെയിൽവെയുടെ ഭാഗത്ത് നിന്നുണ്ടാകണം. എം പിയും എം എൽ എ യും നഗരസഭയും ചേർന്നുകൊണ്ട് നീങ്ങിയാൽ പരിഹാരം കാണാനാകുമെന്നു കരുതുന്നു. ഇത്തരം ആലോചനകൾ അടിയന്തരമായി നടക്കേണ്ടതുണ്ട്. നഗരസഭക്ക് ഇത്തരം കാര്യങ്ങൾക്ക് ഫണ്ട് ചെലവഴിക്കുന്നതിന് പരിമിതികളുണ്ട്. എം പിമാരോ എം എൽ എ മാരോ മുൻകൈയ്യെടുത്താലേ ഫണ്ട് കണ്ടെത്താൻ കഴിയുകയുള്ളൂ. പി ടി ഉഷ ഇപ്പോൾ രാജ്യസഭാ എം പിയായി നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. അവർക്കും ഫണ്ട് അനുവദിച്ചു കിട്ടും. എല്ലാവരും കൂട്ടായി പരിശ്രമിക്കുകയാണ് ഇക്കാര്യത്തിൽ വേണ്ടത്.

മണി ശങ്കർ, എഴുത്തുകാരൻ, പുസ്തകപ്രസാധകൻ

നിയമവിരുദ്ധമായി റെയിൽ മുറിച്ചു കടക്കാതെ പട്ടണത്തിലേക്കും സർക്കാർ ഓഫീസുകളിലേക്കുമൊക്കെ പോകാനുള്ള വഴി, ഇന്ത്യൻ പൗരന്മാർ എന്ന നിലയിൽ ഞങ്ങൾ, പന്തലായനിക്കാരുടേയും മൗലികാവകാശമാണ്. അത് തടയുന്ന നടപടി പ്രാകൃതമാണ്. ഇവിടെയുള്ളവർ ശാന്തസ്വഭാവക്കാരാണ് എന്നത് കൊണ്ട് ഞങ്ങൾ വകക്ക് കൊള്ളാത്തവരാണ് എന്ന് ജനപ്രതിനിധികളും അധികാരികളും കരുതരുത്. ഞങ്ങൾക്ക് അർഹതപ്പെട്ട സഞ്ചാര സ്വാതന്ത്ര്യം നേടിത്തരാൻ അവർക്ക് ബാധ്യതയുണ്ട്. അവർ ഏത് പാർട്ടിക്കാരായാലും പ്രശ്നമല്ല. ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയാൻ ആർക്കും അവകാശമില്ല. റെയിൽവേയുടെ മുമ്പിൽ വിട്ടുവീഴ്ചയില്ലാതെ കാര്യങ്ങൾ അവതരിപ്പിക്കാനും അതിന്റെ പിന്നാലെ പിടിവിടാതെ പിന്തുടരാനുമായാൽ, റെയിൽ തന്നെ അടിപ്പാതയോ മേൽപ്പാലമോ നിർമ്മിക്കും. എത്ര സ്ഥലത്ത് അവർ പാത പണിതിട്ടുണ്ട്? ഇനി അതിന് തടസ്സമുണ്ടെങ്കിൽ നഗരസഭ മുൻകൈ എടുത്ത് മറ്റ് ജനപ്രതിനിധികളേയും പ്രാദേശിക ഭരണകൂടങ്ങളേയും സർക്കാരിനേയുമൊക്കെ ബന്ധപ്പെട്ട് ഫണ്ട് കണ്ടെത്തണം. ഇതൊന്നും അസാദ്ധ്യമല്ല. ജനകീയ പിരിവിലൂടെ പോലും പണം കണ്ടെത്താൻ കഴിയും.

കോമപ്പൻ ചെട്ട്യാരുടെ വീടിൻ്റെ മുന്നിലെ ഇടവഴി മാതരംവള്ളി പറമ്പിൻ്റെ അറ്റത്ത് അവസാനിക്കുമ്പോൾ റെയിൽപ്പാലത്തിൻ്റെ അടിയിലൂടെയാണ് കുട്ടിക്കാലത്ത് ഞങ്ങളൊക്കെ റെയിൽപ്പാത മുറിച്ചു കടന്നിരുന്നത്. അടിപ്പാത എന്ന് പറഞ്ഞാൽ കോൺക്രീറ്റ് ചെയ്ത് സംഭവമാക്കിയതൊന്നുമായിരുന്നില്ല. മരത്തിൻ്റെ സ്ലീപ്പറുകളില്ലേ? അത് പാകിയതിൻ്റെ അടിയിലൂടെ നടന്നു പോകുന്നു എന്ന് മാത്രം. ഓടുന്ന വണ്ടിയിൽ നിന്ന് മലവും മൂത്രവും താഴൊട്ട് പതിക്കും. അതു കൊണ്ട് വണ്ടി പോകുമ്പോൾ ഞങ്ങൾ കാത്തു നില്ക്കും. ഞങ്ങളൊക്കെ വളർന്നു വലുതായപ്പോൾ ഞങ്ങളറിയാതെ ഈ പാലം ഇല്ലാതാവുകയായിരുന്നു.
എപ്പോഴാണ് ഇവിടുത്തെ പാലം മാഞ്ഞ് പോയത് എന്നത് പന്തലായിനിയിലെ എൻ്റെ തലമുറയിൽ പെട്ട ആർക്കുമറിയില്ല. പാത ഇരട്ടിപ്പിച്ചപ്പോഴോ? റെയിലിന് അപ്പുറത്തും ഇപ്പുറത്തും റോഡ് വന്നപ്പോഴോ?

 

ഇപ്പോൾ പന്തലായിനിയിലേക്ക് ഒരു നടപ്പാത വേണമെന്ന ആവശ്യം മുറുകുമ്പോൾ നമുക്ക് നഷ്ടപ്പെട്ട് പോയ അടിപ്പാത വീണ്ടെടുക്കുന്നതല്ലേ നല്ലത് എന്ന ചോദ്യം ഉയരുന്നുണ്ട്. ഗൃഹാതുരത്വം മാത്രമല്ല, മറ്റൊരു കാരണം കൂടിയുണ്ട്. ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും പ്രയോജനപ്പെടുക ഫൂട്ട് ഓവർ ബ്രിഡ്ജ് അല്ല, അടിപ്പാതയാണ്. വെള്ളം ഒഴുകി പോകാൻ സൗകര്യമുള്ളതിനാൽ ബപ്പൻകാടിലേത് പോലെ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ മാതരം വള്ളി പറമ്പിനടുത്ത് അടിപ്പാത പുനഃസ്ഥാപിച്ചാൽ ഉണ്ടാവില്ല.

യു കെ ചന്ദ്രൻ; സി പി എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി അംഗം

ഞങ്ങൾ പന്തലായനി നിവാസികൾക്കൾക്കുള്ള യാത്രാപ്രശ്നം ഗുരുതരമാണ്. പ്രത്യേകിച്ച് കുട്ടികളുടെ സ്കൂളുകളിലേക്കുള്ള പോക്കും വരവും ദുഷ്ക്കരമായത് സംബന്ധിച്ച, അഭിപ്രായങ്ങളും ചർച്ചകളുമാണ് ഇപ്പോൾ നടന്നു വരുന്നത്. എന്റെ അഭിപ്രായത്തിൽ ഞങ്ങളുടെ ചെറുപ്പകാലത്ത്, പന്തലായനി യു പി സ്കൂളിൽ പോയിരുന്ന കാലത്ത് ഞങ്ങളും മറ്റ് നാട്ടുകാരും ഒരു അടിപ്പാത ഉപയോഗിച്ചിരുന്നു. മാതരം വള്ളിപ്പുറത്ത് ശശിയുടെയും പുതിയപുരയിൽ സുകുമാരൻ മാഷിന്റേയും വീടുകളുടെ മുൻഭാഗത്തുള്ളതായിരുന്നു അത്. റെയിൽപാതകൾ ക്രോസ്സ് ചെയ്ത് പോയിരുന്ന ഒരു അടിപ്പാത അവിടെ ഉണ്ടായിരുന്നു. അതിന്റെ അവശിഷ്ടം ഇപ്പോഴും അവിടെ കാണാം. നേരത്തെ മരത്തിന്റെ സ്ലിപ്പറുകളായിരുന്നു. അവിടെ ഇപ്പോൾ കോൺക്രീറ്റ് പാലമാണ് ഉള്ളത്. അതിനടയിൽ ആഴം കൂട്ടി ഓവ്ചാൽ കൂടി ഉണ്ടാക്കിയാൽ പേടിയില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇനി അതല്ലെങ്കിൽ തെരുവത്ത് പീടികയിലോ ഗേൾസ് സ്കൂളിന് മുൻവശത്തോ അടിപ്പാത നിർമ്മിക്കണം. മേൽപ്പാലത്തിന്റെ പ്രായോഗികതയിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. പ്രായമാവർക്കും സ്ത്രീകൾക്കും കയറി ഇറങ്ങാനുള്ള പ്രയാസം പരിഗണിക്കണം.

പി വി വേണുഗോപാൽ; പ്രസിഡണ്ട് സേവാദൾ നിയോജക മണ്ഡലം കമ്മറ്റി

പന്തലായനിയിൽ റെയിൽവേ മേൽപ്പാലം യാഥാർത്ഥ്യമാക്കുന്നതിന് കൊയിലാണ്ടി നഗരസഭയാണ് മുൻകയ്യെടുക്കേണ്ടത്. റെയിൽവേ നിർദ്ദേശിക്കുന്നതിനനുസരിച്ച് ആവശ്യമായ തുക കണ്ടെത്തുന്നതിന് നഗരസഭാ ഫണ്ട്, എം എൽ എ, എം പി ഫണ്ടുകൾ എന്നീ സാദ്ധ്യതകൾ ഉപയോഗപ്പെടുത്താവുന്നതാണ്. ഇതൊക്കെ കൂട്ടി യോജിപ്പിച്ച് കാര്യങ്ങൾ മുന്നോട്ടു നീക്കേണ്ട നഗരസഭാ അധികൃതർ, ഇതുവരെ ഒരു പരിഗണനയും ഈ പ്രശ്നത്തിന് നൽകിയിട്ടില്ല. വർഷങ്ങൾക്ക് മുമ്പേ യാഥാർത്ഥ്യമാകുമായിരുന്ന പദ്ധതി സി പി എം നേതൃത്വത്തിൻ്റെ നിഷേധാത്മക നിലപാടുകൊണ്ടു മാത്രമാണ് ഇത്രയും കാലമായിട്ടും നടപ്പിലാക്കാൻ കഴിയാതെ പോയത്. വർഷങ്ങൾക്ക് മുമ്പ് റെയിൽവേ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം ഒരു കോടി ഇരുപത് ലക്ഷം രൂപയാണ് പദ്ധതി ചെലവ്. ഇതിൽ റെയിൽവേ വിഹിതമായ മുപ്പത് ശതമാനം അവർ കണ്ടെത്തുമെന്ന് അറിയിച്ചിരുന്നു. ബാക്കി 86 ലക്ഷം രൂപ കെട്ടിവെക്കാൻ റെയിൽവേ നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു. അതിൽ 50 ലക്ഷം രൂപ അന്നത്തെ എം പിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിക്കാമെന്ന്  ഉറപ്പു നൽകി. ബാക്കിയുള്ള 34 ലക്ഷം രൂപ കണ്ടെത്തുന്നതിൽ നിന്ന് നഗരസഭയും അന്നത്തെ എം എൽ എയും സങ്കുചിത രാഷ്ട്രീയ താല്പര്യത്തിന്റെ പേരിൽ മുഖം തിരിഞ്ഞു നില്ക്കുകയാണ് ചെയ്തത്. ഇനിയും ഈ നില തുടരാനാവില്ല. നഗരസഭ ഉറക്കം മതിയാക്കി ഉണർന്ന് പ്രവർത്തിക്കണം. ഇന്ത്യൻ നേഷണൽ കോൺസ്സിന്റെ എല്ലാ സഹകരണവും ഇക്കാര്യത്തിലുണ്ടാവും. നഗരസഭ ഉണർന്നെണീറ്റ് അടിയന്തിര കടമയായി കണ്ട് നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി കോൺഗ്രസ്സ് രംഗത്ത് വരും.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button