ബാലഭാസ്‌കറിന്റെ മരണത്തില്‍ വഴിത്തിരിവ്; അപകടസ്ഥലത്ത് സരിത്തിനെ കണ്ടു: സോബി

 

ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറ‍ഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തിൽ ഇല്ലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു. വയലിനിസ്റ്റ് ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്.

2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തിൽ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വച്ചൊരാൾ റോഡിന്റെ സൈഡിൽനിന്നത് സരിത്താണെന്നാണു സോബിയുടെ വാദം. സരിത് പോക്കറ്റിൽ കൈയ്യിട്ട് കൂട്ടത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ല. ഇതാണ് ആ രൂപം പെട്ടെന്ന് ഓർമിക്കാൻ കാരണമെന്നും സോബി പറയുന്നു.

Comments

COMMENTS

error: Content is protected !!