പയ്യോളിയില്‍ കാര്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി
കോഴിക്കോട് പയ്യോളിയില്‍ കാര്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയതായി പരാതി. കാര്‍ തടഞ്ഞുനിര്‍ത്തുകയും ചില്ല് തകര്‍ക്കുകയും ചെയ്തതായും അക്രമത്തിനിരയായവർ പറയുന്നു. കാറിലുണ്ടായിരുന്ന മലപ്പുറം വേങ്ങര സ്വദേശി വിഷ്ണുവിനെ തോക്ക് കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചു. കാർ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചെന്നും പരാതിക്കാർ പറയുന്നു. ആളുമാറിയുണ്ടായ ആക്രമണമാണെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ കേസെടുത്തു.
ഇന്നലെ അർധരാത്രിയോടെ ദേശീയപാതയിൽ ക്രിസ്ത്യൻ പള്ളിക്ക് സമീപം ഇന്നോവ യാത്രക്കാരെ തടഞ്ഞുനിർത്തി കാറിൽ എത്തിയ മറ്റൊരു സംഘം ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇന്നോവ കാർ ഓടിച്ചിരുന്ന മലപ്പുറം വേങ്ങര സ്വദേശി പുളിക്കൽ വീട്ടിൽ വേണുഗോപാലന്റെ മകൻ വിഷ്ണു (27) നെ തോക്ക് കൊണ്ട് തലക്ക് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
പിന്നീട് രണ്ടു വാഹനങ്ങളും മുചുകുന്ന് ഭാഗത്തെത്തിയ ശേഷം ഇന്നോവ വാഹനം പൂർണമായി പരിശോധിച്ച ശേഷം സംഘം സ്ഥലം വിട്ടു. ഇന്നോവ വാഹനത്തിന് ചില്ലും അക്രമിസംഘം തകർത്തതായി പറയുന്നു. ആളുമാറി അക്രമിച്ചു എന്നാണ് ഇന്നോവ യാത്രക്കാർ പോലീസിൽ നൽകുന്ന വിവരം. എന്നാൽ സംഭവത്തിൽ ദുരൂഹത ഉള്ളതായാണ് പോലീസിന്റെ നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ഡി വൈ എസ് പി ഹരിപ്രസാദ് സ്ഥലത്ത് എത്തിയിട്ടുണ്ട്.