പരിസ്ഥിതി ദിനത്തില്‍ നടുന്ന തൈകളുടെ പരിപാലനം തൊഴിലുറപ്പ് പദ്ധിതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയില്‍ :മന്ത്രി എ.കെ.ശശീന്ദ്രന്‍

പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി വര്‍ഷംതോറും നിരവധി തൈകള്‍ സംസ്ഥാനത്തുടനീളം  വെച്ചുപിടിപ്പിക്കാറുണ്ടെങ്കിലും അവയുടെ തുടര്‍ പരിപാലനം സാധ്യമാകാറില്ല. വനം വകുപ്പിനു പുറമേ കൃഷി-തദ്ദേശ സ്വയംഭരണ-വിദ്യാഭ്യാസ വകുപ്പുകളും വിവിധ സര്‍ക്കാരിതര സംഘടനകളും പരിസ്ഥിതി ദിനത്തില്‍ തൈകള്‍ നടാറുണ്ട്.  ഇവയില്‍ വളരെ ചെറിയ ശതമാനം ചെടികള്‍ മാത്രമേ പരിപാലിക്കപ്പെടുന്നുള്ളൂ. ഇവയുടെ പരിപാലനം തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും ഇതുവഴി
കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.ലോക പരിസ്ഥിതി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് സര്‍ക്കാര്‍ ത്വക്ക് രോഗ ആശുപത്രി പരിസരത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായരുന്നു അദ്ദേഹം.
ഇതു സംബന്ധിച്ച് കൃഷി- തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി കൂടിയാലോചിച്ച് കേന്ദ്രസര്‍ക്കാരിനെ ബോധ്യപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി മന്ത്രി വ്യക്തമാക്കി. വനം സംരക്ഷിക്കുന്നതിന് വനം വന്യജീവി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി ‘വനം സംരക്ഷിക്കുന്ന ജനങ്ങള്‍, ജനങ്ങളെ സംരക്ഷിക്കുന്ന വനം’ എന്ന ആശയം അടിസ്ഥാനമാക്കി പദ്ധതി ആവിഷ്‌കരിക്കുകയും ശുദ്ധമായ ജലം, വായു, മണ്ണ് എന്നിവ ഉറപ്പാക്കുകയും ചെയ്യും.

Comments

COMMENTS

error: Content is protected !!