പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാർ; വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു,സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്  കലക്ടർ

പാലക്കാട്: പറമ്പിക്കുളം ഡാമിന്റെ ഒരു ഷട്ടർ തകരാറിലായതിനെ തുടർന്ന് വെള്ളം അനിയന്ത്രിതമായി പുറത്തേക്കൊഴുകുന്നു. ചാലക്കുടി പുഴയിലെ ജലനിരപ്പ് 4.5 മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ സമീപത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.

സെക്യൂരിറ്റി വെയിറ്റിന്റെ ചങ്ങല പൊട്ടി കോൺക്രീറ്റ് റാഡ് ഡാമിലേക്ക് പതിക്കുകയായിരുന്നു. ഇതോടുകൂടി ഒരു ഷട്ടർ തനിയെ ഉയർന്നു. പിന്നാലെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മറ്റ് രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.

പറമ്പിക്കുളം വന്യജീവി സങ്കേതത്തിന് അകത്താണ് പറമ്പിക്കുളം ഡാം സ്ഥിതിചെയ്യുന്നത്. ഇവിടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണ് അപകടവിവരം അധികൃതരെ അറിയിച്ചത്. പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ തൃശൂരിലെ പെരങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയരും. അതിനാൽ ഇവിടെയും ഡാമിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും. പറമ്പിക്കുളം ഡാമിന്റെ ഷട്ടറുകൾ സർവീസ് ചെയ്യണമെങ്കിൽ 27 അടിയെങ്കിലും ജലനിരപ്പ് താഴണമെന്നാണ് അധികൃതർ നൽകുന്ന വിവരം.
Comments

COMMENTS

error: Content is protected !!