പായ്ക്കറ്റ് ഭക്ഷണങ്ങൾ അഥവാ റെഡി ടു ഈറ്റ് ഫുഡിനു നമ്മുടെ നാട്ടിൽ വളരെ പ്രചാരമുണ്ട്. ആഹാരം പാകം ചെയ്യാനുള്ള സമയക്കുറവും മടിയും ഇത്തരം ഭക്ഷണങ്ങളുടെ രുചിയുമെല്ലാം ഇതിനു കാരണമാകുന്നുണ്ട്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പായ്ക്കറ്റ് ഭക്ഷണങ്ങൾ ഇഷ്ടപ്പെടുന്നു. ചെറിയ കടകളില്‍ പോലും ഇവ ലഭ്യമാണു താനും. പായ്ക്കറ്റ് ഭക്ഷണങ്ങളുടെ അമിതമായ, തുടർച്ചയായ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നു. ഇത്തരം ഭക്ഷണപായ്ക്കറ്റുകളിൽ ഒളിഞ്ഞിരിക്കുന്ന ചില ചേരുവകളും രാസപദാർഥങ്ങളുമാണ് അപകടകാരികൾ.
ചിപ്സ്, ഇൻസ്റ്റന്റ് ഉപ്പുമാവ്, ഇന്‍സ്റ്റന്റ് ബിരിയാണി, ബട്ടർ ചിക്കൻ മസാല, ചപ്പാത്തി, പറോട്ട എന്നിങ്ങനെ നീണ്ടു പോവുന്നു പായ്ക്കറ്റ് ഭക്ഷണങ്ങളുടെ പട്ടിക. ഇവയിലൊക്കെ ചെറിയ അളവിലാണെങ്കിലും അടങ്ങിയിരിക്കുന്ന പ്രിസർവേറ്റീവുകൾ, രുചിക്കും നിറത്തിനും വേണ്ടി ചേർക്കുന്ന രാസവസ്തുക്കൾ, കൊഴുപ്പ്, ഉപ്പ്, മധുരം എന്നിവയൊക്കെ പ്രശ്നങ്ങളുണ്ടാക്കുന്നു.
ആരോഗ്യപ്രശ്നങ്ങൾ
∙പ്രിസർവേറ്റീവ് ആയും മറ്റും ചേർക്കുന്ന രാസപദാർഥങ്ങൾ തുടർച്ചയായി ഉപയോഗിച്ചാൽ സന്ധിരോഗങ്ങൾ, യൂറിക് ആസിഡ് വർധന, കാൻസർ എന്നിവയ്ക്ക് കാരണമാവാം. ഇന്ന് ചെറുപ്പക്കാരിൽ പോലും ഈ രോഗങ്ങൾ മൂലം മരണമുണ്ടാവുന്നതിന്റെ പ്രധാന കാരണം ഇവയാണ്. ഈ രാസപദാർഥങ്ങളെ പൂർണമായി പുറംതള്ളാൻ വൃക്കകൾക്ക് കഴിയാതെ വരുന്നു.
∙ സോഡിയത്തിന്റെ അളവ് വളരെ കൂടിയിരിക്കുന്നത് ഉയർന്നരക്തസമ്മർദം, ഹൃദ്രോഗങ്ങൾ, കരൾ, വൃക്കരോഗങ്ങൾ എന്നിവയ്ക്കു കാരണമാവുന്നു. പായ്ക്കറ്റ് ഭക്ഷണങ്ങളിൽ രുചിക്കു വേണ്ടി ചേർക്കുന്ന അജിനാമോട്ടോ അല്ലെങ്കിൽ എംഎസ്ജി രുചിയ്ക്കൊപ്പം കൂടുതൽ സോഡിയവും ശരീരത്തിലെത്തിക്കുന്നു.
∙മിക്ക പായ്ക്കറ്റ് ഭക്ഷണങ്ങളിലും മധുരം ഒളിഞ്ഞു കിടപ്പുണ്ട്. ഫ്രക്ടോസ്, കോൺ സിറപ്പ്, പൊട്ടറ്റോ, സ്റ്റാർച്ച്, സൂക്രോസ്, മാൾട്ടോസ് തുടങ്ങിയ പേരുകൾ ഫുഡ് ലേബൽ നോക്കിയാൽ കാണാം. ഇത് അമിതവണ്ണം, ഫാറ്റിലിവർ, പ്രമേഹം എന്നിവയ്ക്കു കാരണമാവാം.
∙റെഡി ടു ഈറ്റ് ഭക്ഷണങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രശ്നം അതിലടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവും തരവും ആണ്. ഇവയിൽ പൂരിത കൊഴുപ്പു കൂടുതലായി അടങ്ങിയിരിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂട്ടുകയും രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാക്കി ഹൃദയാഘാത സാധ്യത വർധിപ്പിക്കുകയും ചെയ്യും. പൂരിത കൊഴുപ്പിനെക്കാൾ കൂടുതൽ അപകടം ഹൈഡ്രോജിനേറ്റഡ് വെജിറ്റബിൾ ഓയിൽ എന്നറിയപ്പെടുന്ന ഡാൽഡ, വനസ്പതി എന്നിവയാണ്. പ്രമേഹം, കുറഞ്ഞ രോഗപ്രതിരോധശക്തി, കാൻസർ, അമിതവണ്ണം എന്നിവയ്ക്കും ഇത് കാരണമാവുന്നു.
∙നാരുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, ആന്റി ഓക്സിഡന്റ്, ഫൈറ്റോ കെമിക്കൽസ് എന്നിവയുടെ അഭാവം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവാം. ഗുണനിലവാരം കുറഞ്ഞ പ്ലാസ്റ്റിക് കവറുകളിലാണ് ഇവ ലഭ്യമാക്കുന്നത് എന്നും പ്രശ്നമാവാം.
Comments