പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കം; യെച്ചൂരി ഉദ്ഘാടനം ചെയ്യും
സിപിഎം 23ാം പാർട്ടി കോൺഗ്രസിന്റെ പ്രതിനിധി സമ്മേളനത്തിനു തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള പതാക ഉയർത്തി. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. തുടര്‍ന്ന് സംഘടനാ പ്രമേയവും വൈകുന്നേരം രാഷ്ടീയ പ്രമേയവും അവതരിപ്പിക്കും.
ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയാകുക. ബിജെപിക്ക് എതിരെ ദേശീയ ബദല്‍ രൂപികരിക്കാനുള്ള ചര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ്സില്‍ തുടക്കമിടും. കോണ്‍ഗ്രസ് ഒഴികെ പ്രാദേശിക പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ നിര്‍ത്താനാണ് സിപിഐഎം ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സ് ദേശീയ തലത്തില്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിയുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
17 പൊളിറ്റ്ബ്യൂറോ അംഗങ്ങളും 78 കേന്ദ്ര കമ്മിറ്റി അംഗങ്ങളും 640 പ്രതിനിധികളും 77 നിരീക്ഷകരുമടക്കം 812 പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍നിന്ന് 178 പേരും പശ്ചിമബംഗാളില്‍നിന്ന് 163 പേരും ത്രിപുരയില്‍നിന്ന് 42 പേരുമുണ്ട്. ഗോവ, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍നിന്ന് ഓരോ പ്രതിനിധികളും കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നുണ്ട്. പശ്ചിമ ബംഗാളിലും ത്രിപുരയിലും നഷ്ടമായ അധികാരം തിരിച്ച് പിടിക്കാനുള്ള പദ്ധതികള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ആസൂത്രണം ചെയ്യും. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് തിരിച്ചു വരവിന്റെ വേദിയാക്കി മാറ്റാനാണ് പാര്‍ട്ടി നേതൃത്വത്തിന്റ ശ്രമം.