പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി
പാലക്കാട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ചാലിശ്ശേരിയിൽ വെച്ച് കരിങ്കൊടിയുമായി പ്രതിഷേധിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി പാലക്കാട് തൃത്താലയിൽ പൊലീസ് കർശന നിയന്ത്രണങ്ങളേർപ്പെടുത്തുകയും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിൻ അടക്കമുള്ള നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കിയത്. ചാലിശ്ശേരി പൊലീസ് രാവിലെ ആറ് മണിക്ക് വീട്ടിൽ എത്തിയാണ് എകെ ഷാനിബിനെ കൂട്ടികൊണ്ടുപോയത്.
മുഖ്യമന്ത്രിക്കായി പൊലീസ് ഒരുക്കുന്ന അമിത സുരക്ഷക്കെതിരെ വ്യാപക ആക്ഷേപമുയർന്നെങ്കിലും സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലാണ് പൊലീസ്. കുഞ്ഞിന് മരുന്ന് വാങ്ങാൻ പോയ പിതാവിനെ തടഞ്ഞതും കെ എസ് യു പ്രവർത്തകക്കെതിരായ നടപടിയും അകമ്പടി വാഹനത്തിന്റെ അമിതവേഗവും സുരക്ഷക്കായി വാഹനങ്ങൾ തടഞ്ഞതുമെല്ലാം കോടതിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു.
അതേസമയം മുഖ്യമന്ത്രിയുടെ ഭീഷണി നേരിടുന്ന വ്യക്തിയാണെന്നും സംസ്ഥാനത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുൾപ്പെടെ കണക്കിലെടുത്ത് കർശന സുരക്ഷ ഉറപ്പുവരുത്തിയേ മതിയാകൂവെന്നുമാണ് പൊലീസ് തീരുമാനം.