പാലക്കാട് നഗരത്തിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
പാലക്കാട് നഗരത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. സുൽത്താൻപേട്ട ജംഗ്ഷനിൽ മുഖ്യമന്ത്രിയുടെ വാഹനം എത്തിയപ്പോയായിരുന്നു കരിങ്കൊടി കാണിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് ഇന്ന് രാവിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയിരുന്നു. ജില്ലയിലെ ഇന്നത്തെ മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി. പാലക്കാട് സൗത്ത് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു തീരുമാനം.
ഏഴ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരുതൽ തടങ്കലിലുളളത്. ജില്ലയിൽ രണ്ട് ഏരിയ കമ്മിറ്റി ഓഫീസുകളുടെ ഉദ്ഘാടനമടക്കം മൂന്ന് പരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക. കഴിഞ്ഞദിവസം കൊച്ചിയിലടക്കമുള്ള ജില്ലകളിൽ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വലിയ പ്രതിഷേധം നടന്നിരുന്നു. അങ്കമാലിയിലും പെരുമ്പാവൂരിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.