പാനൂരിനടുത്ത പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളിലെ ശുചി മുറിയില്‍ പീഡിപ്പിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയായി.കുറ്റപത്രം അടുത്ത ദിവസം തലശേരി പോക്‌സോ കോടതിയില്‍ സമര്‍പ്പിക്കും. സ്‌കൂളിലെ ശുചിമുറിയിലെ ടൈല്‍സില്‍ നിന്ന് ലഭിച്ച രക്തപരിശോധന റിപ്പോര്‍ട്ടടക്കം കുറ്റപത്രത്തിനൊപ്പമുണ്ടാവും.
കോസ്റ്റല്‍ എഡിജിപി ഇ ജെ ജയരാജന്‍, ഡി വൈ എസ് പി രത്‌നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. ഒമ്പതുവയസുള്ള കുട്ടിയെ അധ്യാപകനും പ്രാദേശിക ബി ജെ പി നേതാവുമായ പത്മരാജന്‍ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്.
വിദ്യാലയത്തിലെ രണ്ട് ശുചി മുറികളിലേയും ടൈല്‍സ് പൊട്ടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയിരുന്നു. ടൈല്‍സില്‍ രക്തക്കറയുള്ളതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയതാണ് കേസില്‍ നിര്‍ണായകമായത്. പെണ്‍കുട്ടിയുടെ കൂട്ടുകാരികളില്‍ നിന്നും അന്വഷണ സംഘം മൊഴിയെടുത്തിരുന്നു. പൊലീസ് അന്വേഷണത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ലോക്കല്‍ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അന്വേഷണം തൃപ്തികരമല്ലെന്ന ബന്ധുക്കളും പരാതി ഉന്നയിച്ചു. തുടര്‍ന്നാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.