പാലാരിവട്ടം പാലം: വിജിലൻസ‌് സംഘം പാലത്തിൽനിന്ന‌് സാമ്പിൾ ശേഖരിച്ചു

കൊച്ചി> പാലാരിവട്ടം മേൽപ്പാല നിർമാണത്തിലെ അഴിമതി അന്വേഷിക്കുന്ന വിജിലൻസ‌് സംഘം പാലത്തിൽനിന്ന‌് സാമ്പിൾ ശേഖരിച്ചു. ശനിയാഴ‌്ച പാലം സന്ദർശിച്ച ഇന്ത്യൻ റോഡ‌്സ‌് കോൺഗ്രസ‌് പ്രതിനിധി ഭൂപീന്ദർസിങ‌് അടയാളപ്പെടുത്തിയ ഭാഗങ്ങളിൽനിന്നുള്ള കോൺക്രീറ്റ‌് സാമ്പിളാണ‌് ചൊവ്വാഴ‌്ച ശേഖരിച്ചത‌്. ഇവ കോയമ്പത്തൂരിലെയോ ഹൈദരാബാദിലെയോ കേന്ദ്ര ലാബിൽ പരിശോധനയ‌്ക്ക‌് അയക്കുമെന്ന‌് വിജിലൻസ‌് സംഘം വ്യക്തമാക്കി.

 

സാമ്പിളുകളുടെ വിശദമായ പരിശോധന നടത്തുമെന്ന‌് വിജിലൻസ് ഐജി എച്ച‌് വെങ്കിടേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിദഗ‌്ധരിൽനിന്ന‌് വിശദമായ അഭിപ്രായം ശേഖരിക്കും. അതിനുശേഷം സംശയിക്കുന്നവരുടെ പട്ടികയിലുള്ള ഉദ്യോഗസ്ഥരെ ചോദ്യംചെയ്യുമെന്നും ഐജി വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ‌്പി ആർ അശോക‌്കുമാറും വിജിലൻസ‌് രൂപീകരിച്ച വിദഗ‌്ധസംഘത്തിലെ അംഗങ്ങളും സാമ്പിൾ ശേഖരിക്കാനെത്തിയിരുന്നു.

 

പാലം നിർമാണത്തിൽ ഗുതരമായ ക്രമക്കേടും അപാകവും നടന്നതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതോടെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ പ്രഥമ വിവര റിപ്പോർട്ട‌് സമർപ്പിച്ചിരുന്നു. നിർമാണത്തിന് മേൽനോട്ടം വഹിച്ച റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ, കിറ്റ്കോ, കരാർ കമ്പനിയായ ആർഡിഎസ‌്, രൂപരേഖ തയ്യാറാക്കിയ നാഗേഷ‌് കൺസൾട്ടൻസി എന്നീ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരെയാണ‌് അന്വേഷണം. ആർഡിഎസ‌് എംഡി സുമിത‌് ഗോയലാണ‌് ഒന്നാംപ്രതി. 17 ഉദ്യോഗസ്ഥരുടെ പങ്ക‌് അന്വേഷിക്കണമെന്നും എഫ‌്ഐആറിലുണ്ട‌്.

 

പാലത്തിന്റെ രൂപരേഖമുതൽ മേൽനോട്ടത്തിലെ പിഴവുവരെ ബലക്ഷയത്തിന് കാരണമായിട്ടുണ്ടെന്നാണ‌് വിലയിരുത്തൽ. സാങ്കേതികപ്പിഴവാണ് ഉപരിതലത്തിൽ ടാറിങ് ഇളകിപ്പോകാനും തൂണുകളിൽ വിള്ളലുണ്ടാക്കാനും ഇടയാക്കിയതെന്ന് മദ്രാസ‌് ഐഐടിയുടെ റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് സർക്കാരിന്റെ ആവശ്യപ്രകാരം ഡിഎംആർസി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ നേതൃത്വത്തിൽ പാലത്തിൽ വിദഗ‌്ധ സംഘം പരിശോധന നടത്തി മുഖ്യമന്ത്രിക്ക് റിപ്പോർട്ട‌് സമർപ്പിച്ചിരുന്നു. പാലം പുനരുദ്ധരിക്കണമെന്നും ഇതിന‌് 10 മാസം സമയവും 18.71 കോടി രൂപ ചെലവും വരുമെന്ന‌് ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട‌ിലുണ്ട‌്.
Comments

COMMENTS

error: Content is protected !!