പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് ശമ്പള വര്‍ധന
കരാര്‍ ദിവസവേതന- അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് 6,130 രൂപയുടെ ശമ്പളവര്‍ധന. നിലവിലെ 18,390 രൂപ 24,520 രൂപയായി വര്‍ധിക്കും. സംസ്ഥാനത്തെ 1,200 പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് ആശ്വാസമാകുന്നതാണ് തീരുമാനം. മറ്റു കരാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ഓണം ഉത്സവബത്ത തദ്ദേശസ്ഥാപനങ്ങളിലെ പാലിയേറ്റീവ് നഴ്സുമാര്‍ക്കും അനുവദിക്കാന്‍ ധനവകുപ്പിനോട് ആവശ്യപ്പെടും.
ഓരോ തദ്ദേശസ്ഥാപനത്തിലും ശരാശരി 300 കിടപ്പുരോഗികളുണ്ടെന്നാണ് കണക്ക്. മാസത്തില്‍ ചുരുങ്ങിയത് 20 ദിവസമെങ്കിലും കിടപ്പുരോഗികള്‍ക്ക് സേവനം ലഭിക്കണമെന്നും വ്യവസ്ഥയുണ്ട്. മന്ത്രി എം ബി രാജേഷിന്റെ നിര്‍ദേശപ്രകാരം വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ശമ്പള വര്‍ധന അംഗീകരിച്ചത്.
ആവശ്യമുന്നയിച്ച് പാലിയേറ്റീവ് കെയര്‍ നഴ്‌സസ് ഫെഡറേഷന്‍ (സിഐടിയു) മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. നഴ്‌സുമാരുടെ ശമ്പളം 18,390 രൂപയിലെത്തിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. സമ്പൂര്‍ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനം എന്നതാണ് ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ലക്ഷ്യങ്ങളിലൊന്ന്.