പാല്‍ വില വര്‍ധനയുടെ മുഴുവന്‍ പ്രയോജനം കര്‍ഷകര്‍ക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി
പാല്‍ വില വര്‍ധനയുടെ മുഴുവന്‍ പ്രയോജനം കര്‍ഷകര്‍ക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തില്‍ മായം കലര്‍ന്ന പാല്‍ എത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന വര്‍ധിപ്പിച്ചെന്നും മന്ത്രി പറഞ്ഞു. മായം കലര്‍ന്ന പാല്‍ കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.
കര്‍ഷകര്‍ ക്ഷീര മേഖലയില്‍ നിന്ന് പിന്‍മാറുന്നത് തുടരുന്ന സാഹചര്യത്തില്‍ കര്‍ഷകരെ ആകര്‍ഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് സർക്കാർ ആരംഭിക്കുന്നത്. പുല്‍കൃഷി വ്യാപകമാക്കാനും മുതലമടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ചോളകൃഷി കേരളത്തില്‍ വ്യാപകമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന കാലിത്തീറ്റ ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പാക്കുന്നതിനായി സെലക്ട് കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. കാല്‍സ്യക്കുറവ് മൂലം തളര്‍ന്ന് വീഴുന്ന പശുക്കള്‍ക്ക് ചികിത്സ നല്‍കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മില്‍മ പാലിന് ഡിസംബര്‍ ഒന്ന് മുതലാണ് വില കൂടുന്നത്. ലിറ്ററിന് ആറ് രൂപയാണ് കൂടുന്നത്. പാല്‍ വില 8.57 രൂപ കൂട്ടണമെന്നായിരുന്നു മില്‍മ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ. ക്ഷീര കര്‍ഷകരുടെ നഷ്ടം ചൂണ്ടിക്കാട്ടിയാണ് വില കൂട്ടുന്നതെന്നും വിദഗ്ധ സമിതി പറഞ്ഞിരുന്നു.