പാളത്തിൽ കുന്നിടിഞ്ഞ് വീണു. തീവണ്ടിയോട്ടം നിലച്ചു
പാളത്തിലേക്കു മണ്ണിടിഞ്ഞുവീണ് കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മംഗളൂരു-കൊങ്കണ്‍ പാതയില്‍ മംഗളൂരു ജംങ്ഷനും തോക്കൂറിനുമിടയില്‍ കുലശേഖര തുരങ്കത്തിനു സമീപമാണു മണ്ണിടിഞ്ഞത്. കനത്ത മഴയ്ക്ക് തുടർച്ചയായി വെള്ളിയാഴ്ച രാവിലെയാണു സംഭവം.
ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷനില്‍ പെട്ടതാണ് മണ്ണിടഞ്ഞ ഭാഗം. പാളത്തില്‍ മീറ്ററുകളോളം മണ്ണും കല്ലും നിറഞ്ഞുകിടക്കുകയാണ്. റെയില്‍വേ വൈദ്യുത ലൈനിനും കേബിളുകള്‍ക്കും കേടുപറ്റി. സമീപത്തെ സുരക്ഷാ ഭിത്തിക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്.
പാളത്തിലെ മണ്ണ് നീക്കിയശേഷം തകരാറുകള്‍ പരിഹരിച്ചാല്‍ മാത്രമേ ഗതാഗതം പുനസ്ഥാപിക്കാന്‍ കഴിയൂ. എന്നാല്‍ കനത്ത മഴ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനത്തിനു തിരിച്ചടിയാകുന്നുണ്ട്. മേഖലയില്‍ രണ്ടു ദിവസമായി കനത്ത മഴ തുടരുകയാണ്. നാളെയോടെ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷയിലാണ് റെയില്‍വേ അധികൃതര്‍.