പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മദനി ഇന്ന് കേരളത്തിലെത്തും
പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മദനി ഇന്ന് കേരളത്തിലെത്തും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്കുശേഷമാണ് പുറപ്പെടുക. നെടുമ്പാശേരിയിലെത്തുന്ന മദനിയെ പ്രവർത്തകർ ചേർന്ന് സ്വീകരിക്കും. തുടർന്ന് ആംബുലൻസിൽ കൊല്ലം അൻവാർശേരിയിലേക്ക് പോകും.
ചികിത്സയിൽ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീം കോടതി അനുമതി നൽകിയത്. 12 ദിവസത്തേക്കാണ് യാത്രാനുമതി നല്‍കിയിരിക്കുന്നത്. ബെംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കർണാടക പോലീസ് അറസ്‌റ്റ് ചെയ്‌ത മഅദനി ജാമ്യവ്യവസ്ഥ അനുസരിച്ച് അവിടെത്തന്നെ തുടരുകയായിരുന്നു.
നേരത്തെ മദനിയുടെ കേരളത്തിലേക്കുള്ള യാത്ര ബുദ്ധിമുട്ടിലായിരുന്നു. യാത്രയ്ക്ക് മുന്നോടിയായി മഅദനി 60 ലക്ഷം രൂപ അടയ്ക്കണമെന്ന് കാണിച്ച് കർണാടക പോലീസ് കത്ത് നൽകിയതോടെയാണ് യാത്ര അനിശ്ചിതത്വത്തിലായത്.
അനുഗമിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം, താമസം, വിമാനയാത്രാച്ചെലവ്, വിമാനയാത്രയ്ക്കുള്ള പ്രത്യേക അനുമതി ഇവയെല്ലാം ചേർത്താണ് ഇത്ര വലിയ തുക നിശ്ചയിച്ചത്. ഇതോടെ ഇത്രയും തുക നൽകാൻ നിലവിൽ നിർവാഹമില്ലെന്ന് മദനിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.