വാഹനങ്ങളില്‍ കുട്ടികളും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍

വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോൾ കുട്ടികളും നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ്  ഉപയോഗിക്കണമെന്ന് ബാലാവകാശ കമ്മിഷന്‍. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ വാഹനങ്ങളില്‍ ചൈല്‍ഡ് ഓണ്‍ ബോര്‍ഡ് എന്ന അറിയിപ്പ് പതിപ്പിക്കണം. 13 വയസില്‍ താഴെയുള്ള കുട്ടികളെ നിര്‍ബന്ധമായും പിന്‍സീറ്റിലിരുത്തുകയും വേണം. രണ്ടു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് ബേബി സീറ്റ് ഘടിപ്പിക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ കമ്മിഷന്‍ വ്യക്തമാക്കി.

കുട്ടികളുടെ പിന്‍സീറ്റ് യാത്ര, രണ്ടു വയസിനു താഴെയുള്ളവര്‍ക്കു ബേബി സീറ്റ് എന്നീ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ ഭേദഗതികള്‍ മോട്ടോർവാഹന നിയമത്തിലും ചട്ടങ്ങളിലും ഉള്‍പ്പെടുത്തണം. കുട്ടികളുമായി യാത്ര ചെയ്യുന്നവര്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം ഡ്രൈവ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഡ്രൈവിങ് ലൈസന്‍സ് കൈപ്പറ്റുന്ന വേളയില്‍ ട്രാഫിക് അവബോധം കര്‍ശന നിര്‍ദേശം വഴി നടപ്പാക്കാന്‍ കഴിയുമോയെന്ന കാര്യം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ പരിശോധിക്കണം. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കും സംസ്ഥാന പൊലീസ് മേധാവിക്കും കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments
error: Content is protected !!