പിണറായിക്ക് മാത്രമല്ല ഞങ്ങൾക്കുമുണ്ട് സ്വപ്നങ്ങൾ” കെ റെയിൽ വിരുദ്ധ സമരം വൈകാരിക പിരിമുറുക്കങ്ങളിലേക്ക്
കോട്ടയം: കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടൽ തടഞ്ഞ നാട്ടുകാർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നടത്തിയ സ്റ്റേഷൻ ഉപരോധം അവസാനിപ്പിച്ചു. അറസ്റ്റിലായ മൂന്ന് പേരെയും വിട്ടയച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. കല്ലിടലിനെതിരായ പ്രതിഷേധം സംഘർഷത്തിലേക്ക് എത്തിയതോടെയാണ് പൊലീസ് സ്ത്രീകളടക്കമുള്ള സമരക്കാരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ 23 പേരിൽ മൂന്ന് പേരെ പൊലീസ് വിട്ടയക്കാതെ കസ്റ്റഡിയിൽ വെച്ചതോടെയാണ് കര്യങ്ങൾ സംഘർഷത്തിലേക്ക് നീങ്ങിയത്. ഇതോടെ പ്രതിഷേധം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിലേക്കെത്തി. കെ റെയിൽ വിരുദ്ധ സമര സമിതിക്ക് ഒപ്പം നാട്ടുകാരും യുഡിഎഫ്, ബിജെപി പ്രവർത്തകരും പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. ഇതേത്തുടർന്നാണ് മൂന്നുപേരെയും പൊലീസ് വിട്ടയക്കാൻ തീരുമാനിച്ചത്.
ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകരല്ലെന്നും ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ വീടും സ്ഥലവും സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയ സമരക്കാർ പറഞ്ഞു. പിണറായിക്ക് മാത്രമല്ല ഞങ്ങൾക്കുമുണ്ട് സ്വപ്നങ്ങൾ സമരക്കാർ പറയുന്നു. കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം വലിയ സംഘർഷത്തിലേക്കാണ് വഴിവെച്ചത്. കാലങ്ങളോളം കഷ്ടപ്പെട്ടുണ്ടാക്കിയ കിടപ്പാടം സംരക്ഷിക്കാനാണ് സമരത്തിനിറങ്ങിയതെന്നും ഇനിയും സമരം തുടരുമെന്നും പ്രതിഷേധക്കാർ പറയുന്നു. സമരത്തിൽ അറസ്റ്റിലായ ജിജി ഫിലിപ്പിന്റെ വാക്കുകൾ..
ആദ്യം മറ്റൊരു സ്ഥലത്താണ് കെ റെയിൽ കല്ലിടലെന്നാണ് അറിയിച്ചിരുന്നത്. ഞങ്ങളെ കബളിപ്പിച്ചാണ് ഇവിടേക്ക് (മാടപ്പള്ളി) കല്ലിടാൻ ഉദ്യോഗസ്ഥരെത്തിയത്. ഭർത്താവിനും കുഞ്ഞിനുമൊപ്പമാണ് പ്രതിഷേധത്തിനെത്തിയത്. മണ്ണെണ്ണ കയ്യിലുണ്ടായിരുന്നു. പക്ഷേ പൊലീസ് ആരോപിക്കുന്നത് പോലെ മണ്ണെണ്ണ ഒഴിച്ചിട്ടില്ല. പക്ഷേ എന്റെ വീട്ടിൽ കല്ലിടുകയാണെങ്കിൽ മണ്ണെണ്ണ ഒഴിക്കുമെന്ന് ഞാൻ പറഞ്ഞിരുന്നു.
”സമരത്തിനിടെ നിലത്തിവീണ എന്നെ കാലിനും കയ്യിലും പിടിച്ച് വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. ദേഹത്ത് പരിക്കുകളുണ്ട്. കെ റെയിൽ വന്നാൽ എന്റെ രണ്ട് വീടുകളാണ് നഷ്ടമാകുക. ലോണെടുത്തുണ്ടാക്കിയ കടയും നഷ്ടമാകും. എനിക്കെന്റെ വീട് വേണം, പിണറായിക്ക് സ്വപ്നമുണ്ടെങ്കിൽ എനിക്കുമുണ്ട് സ്വപ്നം. പിണറായിയുടെ സ്വപ്നം പോലെ തന്നെ എനിക്കെന്റെ സ്വപ്നവും സാക്ഷാത്കരിക്കണം. വീടും സ്ഥലവും നഷ്ടമാകുന്നവർക്കുള്ള കോംമ്പൻസേഷൻ എനിക്ക് വേണ്ട”. ഇനിയും ഉദ്യോഗസ്ഥർ കല്ലിടലിനെത്തിയാൽ തടയാൻ തന്നെയാണ് തീരുമാനമെന്നും ജിജി പറയുന്നു.