പ്രശസ്ത നർത്തകി മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാൻസലറായി നിയമിച്ചു

പ്രശസ്ത നര്‍ത്തകി മല്ലികാ സാരാഭായിയെ സർക്കാർ കലാമണ്ഡലം കല്പിത സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിച്ചു. അഞ്ചുവര്‍ഷത്തേക്കാണ് നിയമനം. സര്‍വകലാശാലകളുടെ ചാന്‍സലറായി വിഷയത്തില്‍ പ്രഗത്ഭരായവരെ നിയമിക്കണമെന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് മല്ലികാ സാരാഭായിയെ കലാമണ്ഡലം ചാന്‍സലറായി നിയമിക്കാന്‍ തീരുമാനിച്ചതെന്ന് സാംസ്‌കാരിക മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു. 

നേരത്തെ പ്രത്യേക ഉത്തരവിലൂടെ സര്‍വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ സര്‍ക്കാര്‍ നീക്കിയിരുന്നു. ചാന്‍സലറുടെ കാര്യത്തില്‍ കല്പിത സര്‍വകലാശാലയുടെ സ്‌പോണ്‍സറിങ് ഏജന്‍സിക്ക് തീരുമാനമെടുക്കാമെന്നാണ് യു ജിസിയുടെ വ്യവസ്ഥ. കലാമണ്ഡലത്തിന്റെ സ്‌പോണ്‍സറിങ് ഏജന്‍സി സര്‍ക്കാരായതിനാലാണ് ഗവര്‍ണറെ നീക്കാന്‍ പ്രത്യേക ഉത്തരവിറക്കാന്‍ സാധിച്ചത്.

കലാ-സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വമായിരിക്കും ചാന്‍സലറായി നിയമിക്കപ്പെടുകയെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായിയുടേയും ബഹിരാകാശ ശാസ്ത്രജ്ഞന്‍ വിക്രം സാരാഭായിയുടേയും മകളായി ജനിച്ച മല്ലിക സാരാഭായി ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും ലോകം അംഗീകരിച്ച നര്‍ത്തകിയാണ്. നാടകം, സിനിമ, ടെലിവിഷന്‍, സാഹിത്യം, പ്രസാധനം, സംവിധാനം എന്നീ മേഖലകളിലും അവര്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

Comments

COMMENTS

error: Content is protected !!