KERALASPECIAL

“പിന്നീട് അവള്‍ ഒരു തീരുമാനത്തിലെത്തി. ഒരു തെറ്റും ചെയ്യാത്ത ഞാനെന്തിന് ജീവിതം അവസാനിപ്പിക്കണം.” : ഓണ്‍ലൈന്‍ ഗെയിമിന്റെ മറവില്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്ത യുവാവിനെ കേരളാ പൊലീസ് പിടികൂടി

ഓണ്‍ലൈന്‍ ഗെയിമായ ഫ്രീഫയറിന്റെ മറവില്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്ത യുവാവിനെ  കേരളാ പൊലീസ് കുടുക്കി. തൃശൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈബര്‍ പൊലീസ് സഹായത്തോടെയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. സംഘം പെണ്‍കുട്ടികളെ കുടുക്കുന്ന രീതികളെക്കുറിച്ച് വിവരിച്ച് കൊണ്ടാണ് ഒരു പെണ്‍കുട്ടി നേരിട്ട അനുഭവം പൊലീസ് പറയുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ഫ്രീഫയര്‍ ഗെയിമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ച്, ഫോട്ടോകള്‍ കൈക്കലാക്കുകയും ഫോട്ടോ മോര്‍ഫ് ചെയ്ത് നഗ്‌നഫോട്ടോയാക്കി വീഡിയോ കോളിന് ക്ഷണിക്കുകയും, പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുകയുമാണ് ഇത്തരത്തിലുള്ള കുറ്റവാളികളുടെ രീതിയെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. അറസ്റ്റിലായ പ്രതിയുടെ ചതിയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

അമ്മയുടെ കണ്ണുവെട്ടിച്ച് അവള്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഫ്രീ ഫയര്‍ ഗെയിമില്‍ മുഴുകി. രാത്രിയും പകലുമെന്നില്ലാതെ അവള്‍ ഗെയിം കളിക്കുന്നത് തുടര്‍ന്നു. ഇക്കാര്യം വീട്ടിലെ മറ്റ് അംഗങ്ങള്‍ക്കൊന്നും അറിയുമായിരുന്നില്ല. ഒരു ദിവസം അമ്മ പുറത്തു പോയ സമയത്ത് അവള്‍ ഫ്രീ ഫയര്‍ ഗെയിമില്‍ കളി തുടങ്ങി. പെട്ടെന്ന് ഒരു മെസേജ് വന്നു. ഹായ്… എന്നു തുടങ്ങിയ സന്ദേശത്തില്‍ അവള്‍ക്ക് ഒരു സുഹൃത്തിനെ ലഭിച്ചു. നല്ല കൂട്ടുകാനാണെന്നു കരുതി അവര്‍ പരസ്പരം ചാറ്റ് ചെയ്തു. കാണാമറയത്തിരുന്ന് അയാള്‍ കുട്ടിയുടെ വിവരങ്ങളും ഫോട്ടോയും വാങ്ങിച്ചെടുത്തു. അത് തന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്‌നമാകുമെന്ന് അവള്‍ അവള്‍ ഒരിക്കലും ചിന്തിച്ചതേയില്ല.

ഗെയിമിനിടയില്‍ ചാറ്റിങ്ങും അവള്‍ തുടര്‍ന്നു. അങ്ങിനെയിരിക്കെ ഒരു വീഡിയോകോള്‍ വന്നു. വീഡിയോകോള്‍ അറ്റന്റു ചെയ്യാതിരുന്ന അവള്‍ക്ക് അപ്പോള്‍തന്നെ ഒരു മെസേജ് വരികയുണ്ടായി. മെസേജ് തുറന്നപ്പോള്‍ അവള്‍ ഞെട്ടി. പൂര്‍ണ്ണ നഗ്‌നമായ തന്റെ ശരീരം. അവള്‍ ആകെ തകര്‍ന്നു. താന്‍ ആര്‍ക്കും ഇത്തരം ഫോട്ടോ ഒരിക്കലും അയച്ചു കൊടുത്തിട്ടില്ല. ആരുടേയോ ഫോട്ടോയില്‍ തന്റെ തല വെട്ടിവച്ചതാണെന്ന സത്യം അവള്‍ക്കു മനസ്സിലായി. പക്ഷേ തന്റെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആരും വിശ്വസിക്കണമെന്നില്ല. അവള്‍ ആരോടും പറയാതെ വീര്‍പ്പുമുട്ടി. അതിനിടയിലാണ് വീണ്ടും ഒരു പുതിയ മെസേജ് എത്തിയത്.

വീഡിയോകോള്‍ അറ്റന്റു ചെയ്തില്ലെങ്കില്‍ ഈ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ കൂടി പ്രചരിപ്പിക്കും. അവന്റെ ഭീഷണി കൂടിയായപ്പോള്‍ അവള്‍ ജീവിതം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നീട് അവള്‍ ഒരു തീരുമാനത്തിലെത്തി. ഒരു തെറ്റും ചെയ്യാത്ത ഞാനെന്തിന് ജീവിതം അവസാനിപ്പിക്കണം. ആരോടെങ്കിലും തുറന്നു പറയണം. ഇതിന്റെ പിറകില്‍ ആരാണെന്ന് കണ്ടെത്തുകതന്നെ വേണം. ഇനിയാരും ഇത്തരം കെണികളില്‍ വീഴരുതെന്ന ഉറച്ച തീരുമാനമെടുത്ത് ധൈര്യപൂര്‍വ്വം അമ്മയോട് എല്ലാം തുറന്നു പറഞ്ഞു.

വിവരങ്ങളെല്ലാം അറിഞ്ഞ അമ്മ ആദ്യം ഏറെ വിഷമിച്ചെങ്കിലും മകളുടെ ഇച്ഛാശക്തിയും ആത്മവിശ്വാസവും കണ്ട് കൂടുതല്‍ ധൈര്യം വീണ്ടെടുത്ത് മകളോടൊപ്പം തൃശ്ശൂര്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. സോഷ്യല്‍ മീഡിയകള്‍ വഴി നിരവധി മോര്‍ഫിങ്ങ് തട്ടിപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും ഗെയിമിലൂടെ പരിചയപ്പെട്ട് ഇത്തരത്തിലൊരു തട്ടിപ്പ് അപൂര്‍വ്വമാണെന്ന് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അവര്‍ക്കു മനസ്സിലായി. 

വീട്ടുകാരില്ലാത്ത സമയത്തുമാത്രം പെണ്‍കുട്ടിയെ വീഡിയോ കോളിന് ക്ഷണിച്ച്, അപകടത്തില്‍ പെടുത്താനുള്ള അവന്റെ തന്ത്രവും പിടിക്കപ്പെടാതിരിക്കുവാനുള്ള അയാളുടെ നീക്കങ്ങളും തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം വിഭാഗം കണ്ടെത്തി. മികച്ച അന്വേഷണത്തിലൂടെ അയാളറിയാതെ മുഴുവന്‍ വിവരങ്ങളും കണ്ടെത്തി തൃശ്ശൂര്‍ സിറ്റി പോലീസ് സൈബര്‍ വിഭാഗം അറസ്റ്റ് രേഖപ്പെടുത്തി.

ഇയാള്‍ വെര്‍ച്വല്‍ മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് കൃത്രിമ വാട്‌സ് ആപ്പ് എക്കൌണ്ടുകള്‍ സൃഷ്ടിച്ചിരുന്നതായും ഇതുപയോഗിച്ച് മറ്റ് പെണ്‍കുട്ടികളുമായും ബന്ധപ്പെട്ടിരുന്നയായും ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഓണ്‍ലൈന്‍ ഗെയിം കളിക്കുമ്പോള്‍ ജാഗ്രത പാലിക്കുക. അപരിചിതരുമായി ബന്ധം സ്ഥാപിക്കരുത്. അസ്വാഭാവികമായ എന്തെങ്കിലും സംഭവം ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകുന്നു.

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button