KERALA
പിരിച്ചുവിട്ടവരെ സംസ്ഥാനത്ത് തിരിച്ചെടുക്കാനാകില്ലെന്ന് മുത്തൂറ്റ് മാനേജ്‌മെന്റ്
കൊച്ചി > മുത്തൂറ്റ് ഫിനാൻസിൽനിന്ന് പിരിച്ചുവിട്ട 166 തൊഴിലാളികളെ സംസ്ഥാനത്തെ ശാഖകളിലേക്ക് തിരിച്ചെടുക്കാനാകില്ലെന്ന് മാനേജ്‌മെന്റ്. അടച്ചുപൂട്ടിയ ശാഖകൾ ഇപ്പോഴത്തെ നിലയിൽ തുറക്കാനാകില്ലെന്നും കൊച്ചിയിൽ ചേർന്ന അനുരഞ്ജനചർച്ചയിൽ മാനേജ്‌മെന്റ് പ്രതിനിധികൾ നിലപാടെടുത്തു. പിരിച്ചുവിട്ട എല്ലാവരെയും അതേനിലയിൽ തിരിച്ചെടുക്കാതെ പണിമുടക്കുസമരം പിൻവലിക്കില്ലെന്ന നിലപാടിൽ ജീവനക്കാരുടെ സംഘടനയും ഉറച്ചുനിന്നു. ചർച്ച 29ന് വീണ്ടും നടക്കും.
ഹൈക്കോടതി നിയോഗിച്ച മധ്യസ്ഥന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. പണിമുടക്ക് ഒത്തുതീർക്കാൻ മാനേജ്മെന്റുതന്നെ മുൻകൈ എടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. പ്രശ്നപരിഹാരത്തിന് പുതിയ നിർദേശം സമർപ്പിക്കാൻ അഡീഷണൽ ലേബർ കമീഷണറും മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു. പിരിച്ചുവിട്ടവരെ ആരെയും തിരിച്ചെടുക്കില്ലെന്ന നിലപാടിലായിരുന്നു ഇതുവരെ മാനേജ്‌മെന്റ്. തിരിച്ചെടുക്കാതെ സമരം തീരില്ലെന്ന് യൂണിയൻ അറിയിച്ചപ്പോഴാണ് സംസ്ഥാനത്തിനകത്ത് തിരിച്ചെടുക്കാനാകില്ലെന്ന നിലപാടിലേക്ക് മാനേജ്‌മെന്റ് മാറിയത്.
പത്തൊമ്പതു ദിവസമായി നടക്കുന്ന അനിശ്ചിതകാല പണിമുടക്ക് തുടരും. പ്രശ്നം പരിഹരിക്കാതെ സ്ഥാപനത്തിന് സുഗമമായി പ്രവർത്തിക്കാനാകില്ലെന്നും നോൺബാങ്കിങ് ആൻഡ് പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷന്റെ (സിഐടിയു) അറിയിച്ചു. ചർച്ചയിൽ യൂണിയനെ പ്രതിനിധാനംചെയ്‌ത് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി, അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ്, മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് സംസ്ഥാന പ്രസിഡന്റ് എം സ്വരാജ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്തു.
Comments