മാർച്ച് അവസാനത്തിലെ തുടർച്ചയായ അവധികൾ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റിക്കും

കൊയിലാണ്ടി: മാർച്ച് അവസാന ആഴ്ചയിൽ തുടർച്ചയായി അവധി വരുന്നത് ധനകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റാനിടയാക്കുമെന്ന് ആശങ്ക. നാലാമത്തെ ശനിയാഴ്ച ബാങ്കുകൾക്ക് സാധാരണയായി അവധിയാണ്. തൊട്ടടുത്ത ദിവസം ഞായറാഴ്ച പൊതു അവധിയും തിങ്കൾ,ചൊവ്വ ദിവസങ്ങളിൽ പൊതുപണിമുടക്കുമാണ്. പിന്നീടുള്ള രണ്ടു ദിവസവും ഏപ്രിൽ ഒന്നാം തിയ്യതിയും സാമ്പത്തിക വർഷത്തിന്റെ അവസാനവും പുതിയ വർഷത്തിന്റെ ആരംഭവുമായതിനാൽ ക്ലോസിംഗ്, ഓപ്പണിംഗ് ദിവസങ്ങളാണ്. ആ ദിവസങ്ങളിൽ സാധാരണ പണമിടപാടുകൾക്ക് അവസരം കുറവായിരിക്കും. സാധരണക്കാർക്കും ബാങ്കുകൾ,ട്രഷറി ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾക്കും ഇത് മൂലം വലിയ പ്രതിസന്ധി നേരിടേണ്ടിവരും. പ്രധാന പ്രശ്നം ബേങ്കുകൾക്കും മറ്റും കുടിശ്ശിക പിരിക്കാൻ കഴിയാതെ വരും എന്നതാണ്. വായ്പാത്തുകയും കുടിശ്ശികയുമൊക്കെ മാർച്ച് അവസാനത്തെ ശക്തമായ ഇടപെടലിലൂടെയാണ് ബാങ്കുകാർ വസ്സൂലാക്കുക. ഇത്തവണ അവസാന ദിവസങ്ങളിൽ ബാങ്ക് അടഞ്ഞുകിടക്കുന്നത് കുടിശ്ശിക പിരിവിനെ വളരെ പ്രതികൂലമായി ബാധിക്കുമെന്നുറപ്പാണ്.

കോവിഡ് മൊറാട്ടോറിയത്തെത്തുടർന്നു വൻതുകയാണ് ബാങ്കുകൾക്ക് പിരിഞ്ഞു കിട്ടാനുള്ളത്. വായ്പയെടുത്തവർക്കാകട്ടെ കോവിഡ് മൂലമുള്ള തൊഴിൽ നഷ്ടം നിമിത്തം തിരിച്ചടവ് ശേഷി വൻതോതിൽ കുറവുമാണ്. കോവിഡ് കാലത്ത് വായ്പകൾക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചതല്ലാതെ പലിശയിളവുകളൊന്നും നൽകിയിരുന്നില്ല. നീട്ടിക്കിട്ടിയ കാലത്തേതുൾപ്പെടെ പലിശ അടക്കാനുള്ള ബാദ്ധ്യതയും സാധാരണക്കാരുടെ തലയിലാണ്. അവരെ വൻതോതിൽ സമ്മർദ്ദത്തിലാക്കി തുകയടപ്പിക്കാനുള്ള നീക്കങ്ങൾ മാർച്ച് ആദ്യം മുതൽ ബാങ്കുകൾ നടത്തിവരുന്നുണ്ട്. എന്നാൽ തുടർച്ചയായി അവധി വന്നതോടെ കുടിശ്ശിക പിരിവ് അവതാളത്തിലാകും എന്നാണ് ബാങ്കുകാർ ഭയപ്പെടുന്നത്. കുടിശ്ശികയായ ബില്ലുകൾ കോൺട്രാക്ടർമാരും മറ്റും മാറ്റിയെടുക്കുന്നത് പ്രധാനമായും മാർച്ച് അവസാന ആഴ്ചകളിലാണ്. തുടർച്ചയായ അവധി വന്നതോടെ ട്രഷറിയിൽ നിന്ന് ബില്ല് മാറിക്കിട്ടുമോ എന്ന ആശങ്കയും ശക്തിപ്പെട്ടിട്ടുണ്ട്.

പലവിധത്തിലുള്ള കുടിശ്ശികകളും ലഭിക്കാനുള്ള സർക്കാർ ജീവനക്കാർക്കും ഇത്തരം ആശങ്കകളുണ്ട്. ട്രഷറികൾ അടഞ്ഞുകിടക്കാനിടയായാൽ സർക്കാരിന് പല ബാധ്യതകളിൽ നിന്നും താൽക്കാലികമായി തടിയൂരാം എന്ന് കരുതുന്നവരുമുണ്ട്. വലിയ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട സർക്കാരിന് ഇതൊരു പക്ഷേ താൽകാലികാശ്വാസം നൽകിയേക്കും. എങ്കിലും സാമ്പത്തിക വർഷാവസാനത്തെ ബാദ്ധ്യതകൾ തീർക്കാൻ 5000 കോടി രൂപ കൂടി സർക്കാർ അധിമായി കടമെടുത്തിട്ടുണ്ട്. വർഷാവസാനത്തെ ബാദ്ധ്യതകൾ തീർക്കാൻ ഇത്രയും തുക വേണ്ടി വരും എന്ന് കണക്കാക്കിയാണ് കടമെടുത്തത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സർക്കാർ മുന്നോട്ടു പോകുന്നത്.

ഈ വർഷം പൊതുവിപണിയിൽ നിന്ന് മാത്രം നിത്യനിധാന ച്‌ചെലവുകൾക്കായി 28000 കോടി സർക്കാർ കടമെടുത്തു കഴിഞ്ഞു. കടുത്ത പ്രതിസന്ധിയായതിനാൽ കേന്ദ്രം അനുവദിച്ച മുഴുവൻ തുകയും ഇതിനകം എടുത്ത് ചെലവാക്കിക്കഴിഞ്ഞു. ഈ മാസം മാത്രം 7000 കോടി രൂപ കടമെടുത്തു. ഇപ്പോൾ വാങ്ങിയ 5000 കോടിക്ക് പുറമേയാണിത്. ഏപ്രിൽ മാസത്തെ ആദ്യ രണ്ടാഴ്ചകളിലും സർക്കാരിന് ബാദ്ധ്യതകൾ കൂടാനാണ് സാദ്ധ്യത. വിഷു ഉൾപ്പെടെയുളള വിശേഷ ദിവസങ്ങളിലെ ബാദ്ധ്യത സർക്കാരിന് ഏറ്റെടുക്കേണ്ടതുണ്ട്. ബാങ്കുകളുടെ കുടിശ്ശിക പിരിവും മറ്റും അവതാളത്തിലായാൽ ഏപ്രിൽ മാസത്തെ വായ്പകളും മറ്റും നൽകാൻ കഴിയാതെ ബാങ്കുകൾ പ്രയാസത്തിലാകും. കാർഷിക- ജലസേചന – വായ്പകളേയെല്ലാം അത് പ്രതികൂലമായി ബാധിക്കാം.

Comments

COMMENTS

error: Content is protected !!