പിഷാരികാവിലെ ആർപ്പുവിളിക്കാർ
പിഷാരികാവിലെ ആർപ്പുവിളി പ്രസിദ്ധമാണ്. മൂന്ന് തരത്തിലുള്ള ആർപ്പുവിളികളാണ് ആചാരപരമായി ഇവിടെ നടക്കുന്നത്. ഒന്ന് ക്ഷേത്ര ഊരാളന്മാരായ എട്ടു തറവാടുകളിലെ കാരണവന്മാരും അനന്തിരവന്മാരും സന്തതി പരമ്പരകളും ചേർന്ന് നടത്തുന്ന ആർപ്പുവിളിയാണ്. നടായ് നടോ… നട…. എന്നതാണ് ആർപ്പിന്റെ വായ്ത്താരി. കുരവയാർപ്പ് എന്നാണിതിനെ വിളിക്കുക. കൊച്ചുകുട്ടികളും ചെറുപ്പക്കാരും മുതിർന്ന വരുമൊക്കെ സംഘങ്ങളായി കൈകൾ കോർത്ത് പിടിച്ച് വിശാലമായ വട്ടങ്ങൾ തീർത്താണ് ആർപ്പുവിളിക്കുക. കുംഭം 10 ന് കാളിയാട്ടം കുറിച്ചു കഴിഞ്ഞാൽ കുരവയാർപ്പിന് അണിനിരക്കുന്നവർ വൃതാനുഷ്ടാനങ്ങളിൽ എർപ്പെടണം എന്നാണ് വിശ്വാസം. വലിയ വിളക്ക് ദിവസം അർദ്ധരാത്രിയിൽ നടക്കുന്ന പുറത്തെഴുന്നള്ളത്തിനും കാളിയാട്ട ദിവസം സന്ധ്യക്ക് നടക്കുന്ന പുറത്തെഴുന്നള്ളത്തിനും ഊരുചുറ്റലിനും ആർപ്പുവിളിയുണ്ടാകും. വലിയ വിളക്കു ദിവസം രാത്രി 12 മണിയോടെ ആരംഭിക്കുന്ന പുറത്തെഴുന്നള്ളത്തിന്റെ ആദ്യ രണ്ട് ചുറ്റുകൾക് ആർപ്പുവിളി സംഘങ്ങൾ മാത്രമാണ് നാന്തകത്തെ എതിരേറ്റ് മുന്നോട്ട് നയിക്കുക. അത് കഴിഞ്ഞ് മൂന്നാമത്തെ ചുറ്റിന് നാദസ്വരവും നാലാമത്തെ ചുറ്റിന് ഇരട്ടപ്പന്തിയിൽ പഞ്ചാരിമേളവും. പുലർചെ അഞ്ചു മണിയോടടുത്ത് വാളകം കൂടുന്നതിനു മുമ്പുള്ള അഞ്ചാമത്തെ ചുറ്റിന് പാണി (ഒറ്റ ചെണ്ട)യുമാണ് വാദ്യമായുണ്ടാകുക.
ആദ്യത്തെ രണ്ട് ചുറ്റുകൾക് ഒന്നിലധികം ആർപ്പുവിളി സംഘങ്ങളുണ്ടാകും. മുണ്ടും വേഷ്ടിയും കസവു പുതപ്പുമൊക്കെയായി ആഡ്യ വേഷത്തിലാണ് ഊരാളകുടുംബങ്ങളിലെ അംഗങ്ങൾ ആർപ്പിന് അണിനിരക്കുക. വലിയ വൃത്തങ്ങളിൽ കൈകൾ കോർത്ത് പിടിച്ച് ‘നടായ് നടോ നട, എന്ന് ഉച്ചത്തിൽ ആർത്ത് വിളിച്ച് വേഗത്തിൽ രണ്ട് തവണ അമ്പലം ചുറ്റി വടക്കേ നടയിൽ എത്തും. അവിടെ വെച്ച് ആർപ്പുകാർ മാറി, നാദസ്വരക്കാർ ഏറ്റെടുത്താണ് മൂന്നാമത്തെ ചുറ്റ് ആരംഭിക്കുക. നാദസ്വരത്തോട് കൂടിയ ചുറ്റ് അവസാനിച്ച ശേഷമാണ് പഞ്ചാരിമേളത്തിന്റെ ഇരട്ടപന്തി ആരംഭിക്കുക.
പിഷാരികാവിലെ ഏറ്റവും ആകർഷകമായ മേളവും ഒരു പക്ഷേ ഇതായിരിക്കും. സംസ്ഥാനമാകെ അറിയപ്പെടുന്ന 150 ലധികം വാദ്യകലാകരന്മാരാണ് രണ്ട് പന്തികളിലായി പഞ്ചാരിക്ക് അണിനിരക്കുക. മേളപ്രിയന്മാരായ ധാരാളം ആളുകൾ പഞ്ചാരിമേളം ആസ്വദികുന്നതിനായി മാത്രം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അന്ന് പിഷാരികാവിലെത്തും. പുലർച്ച വരെ നീണ്ടു നിൽക്കുന്ന പഞ്ചാരി ഒരു ചുറ്റ് പൂർത്തിയാക്കി വടക്കേ നടയിലെത്തി മേളം പൂർത്തിയാക്കും. അപ്പോഴേക്കും ക്ഷേത്രത്തിലെ അന്തരീക്ഷമാകെ മാറും. വൈദ്യുതി ദീപാലങ്കാരങ്ങളെല്ലാം അണയും. നാന്തകം ഏറ്റിയ ആനയൊഴികെ മറ്റെല്ലാ ആനകളും പിൻവാങ്ങും. വാദ്യക്കാരെല്ലാം പിൻവാങ്ങും. പാണി മുഴക്കി കുത്തുവിളക്കിന്റെ വെളിച്ചത്തിൽ അവസാനത്തെ ചുറ്റ് ഓട്ട പ്രദീക്ഷണമായി പൂർത്തിയാക്കും. കുത്തുവിളക്ക് പിടിച്ച അമ്പലവാസികൾക്കും തെയ്യമ്പാടി കുറുപ്പിനും നാന്തകത്തിനും നാന്തകം പിടിച്ച മൂസ്സദിനുമൊക്കെ വിറച്ചു തുടങ്ങും. ഭക്തർ ഭയഭക്തി ബഹുമാനത്തോടെ ദേവിയെ വിളിച്ച് കൈകൂപ്പി പ്രാർത്ഥനാനിരതരാകും. വടക്കേ നടയിലെത്തി വാളകം കൂടും.
ചെറിയ വിളക്കിനും കാളിയാട്ടത്തിനും പാണ്ടിയും വലിയ വിളക്കിന് പഞ്ചാരിയുമാണ് പിഷാരികാവിൽ പതിവ്. പിഷാരികാവിലെ അവകാശ ശ്രേണിയനുസരിച്ച് മൂസ്സദിന് മാത്രമാണ് നാന്തകം സ്പർശിക്കാനവകാശം. അത്കൊണ്ട് തന്നെ പിടിയാനപ്പുറത്ത് നാന്തകം പിടിച്ചിരിക്കുക മൂസ്സദ്മാരായിരിക്കും. തൊട്ടു മുമ്പിൽ തെയ്യമ്പാടിക്കുറുപ്പ്, അതിനും മുമ്പിലായി നാന്തകം വഹിക്കുന്ന പിടിയാനക്കിരുവശവുമായി രണ്ട് അമ്പല വാസ്സികൾ കുത്തുവിളക്കു പിടിക്കും. അവർക്ക് മുമ്പിൽ അകമ്പടിചെട്ടികൾ.
(ഇവരെക്കുറിച്ച് വിശദമായി നാളെ) വശങ്ങളിൽ ഊരാളകുടുംബങ്ങളിലെ കാരണവന്മാർ. അവർകു മുമ്പിലായാണ് ആർപ്പുവിളി സംഘങ്ങൾ അണിനിരക്കുക.
കാളിയാട്ട ദിവസം സന്ധ്യയോടെയാണ് പുറത്തെഴുന്നള്ളത്തും തുടർന്ന് ഊരുചുറ്റലും. വടക്കേ നടയിൽ നിന്ന് കിഴക്കേ നടയിലൂടെ, പടിഞ്ഞാറെ നടയിലൂടെ, കാളിയാട്ടപറമ്പിലൂടെ പാലച്ചുവട്ടിലെത്തും. ഇവരോടെപ്പം പാണിയും നാദസ്വരവും അകമ്പടി സേവിക്കും. വടക്കേ നടയിൽ നിന്ന് പാലച്ചുവട്ടിലേക്കുള്ള വഴിയിലാകെ ആർപ്പു സംഘം ,നടായ് നടോ നട, എന്ന ആർപ്പുവിളിയുമായി ഏറ്റവും മുന്നിലുണ്ടാകും. പാലച്ചുവട്ടിൽ പാണ്ടിമേളമാണ് പതിവ്. മേളം മുറുകുന്നതിനിടയിൽ കരിമരുന്ന് പ്രയോഗം വർണ്ണ പ്രപഞ്ചം തീർക്കും. തണ്ടാസ്ത്രീകൾ (തിയ്യസ്ത്രീകൾ) ആയിരത്തിരിയുമായെത്തി അരിക്കളത്തിൽ ചൊരിയും. പലച്ചുവട്ടിൽ നിന്ന് മടക്കെഴുന്നള്ളത്ത് വടക്കേ നടയിലൂടെ പ്രവേശിച്ച് കിഴക്കേ നടയിലൂടെ പുറത്തേക്കിറങ്ങി, ഊരുചുറ്റ് വഴിയിലെത്തും. കൊണ്ടാട്ടുംപടി ക്ഷേത്രം ഊരാളത്തറവാട്ടുവഴികൾ എന്നിവടങ്ങളിലൂടെയാണ് ഊരു ചുറ്റുക. അപ്പോഴും ആർപ്പുസംഘം ഏറ്റവും മുന്നിലായുണ്ടാകും.
പുറത്തെഴുന്നള്ളത്ത് സമയങ്ങളിലൊക്കെ ക്ഷേത്രമതിൽ കെട്ടിനകത്ത് പ്രവേശിക്കാതെ കിഴക്കേ നടയിലും വടക്കേ നടയിലും കൂടി നിന്ന് ആർപ്പുവിളിക്കുന്ന തണ്ടാൻമാരുടെ (തിയ്യന്മാർ) സംഘം ആർപ്പുവിളിക്കും. ഇവർ പക്ഷേ കൂകിയാർക്കുകയാണ് ചെയ്യുക. ആർപ്പർപ്പോ….. കൂയ് …. കൂയ് …. കൂയ് … എന്നാണിവർ ആർത്തുവിളിക്കുക. കീഴാള വിഭാഗങ്ങളായത് കൊണ്ടാവാം ക്ഷേത്രമതിൽ കെട്ടിനകത്ത് ആർപ്പുവിളികളുമായി പ്രവേശിക്കാൻ ഇവർക്ക് അവകാശങ്ങളില്ല. മറ്റൊരു ആർപ്പുകാർ അവകാശ വരവുകളിലും ആഘോഷ വരവുകളിലും വരവു സംഘങ്ങളോടൊപ്പം വിവിധ ദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലെത്തുന്ന ആർപ്പു സംഘങ്ങളാണ്. ഇവരും ആർപ്പാർപ്പോ….കൂയ് ….കൂയ് ….കൂയ് … എന്ന് ആർത്തുവിളിച്ചു കൊണ്ടാണെത്തുക
അതാത് ജാതിക്കാരുടേയും ദേശക്കാരുടേയും അവകാശ വരവുകളിൽ അതത് ദേശക്കാരുടേയും ജാതിക്കാരുടയും കളികളുമുണ്ടാകും. അതിനനുസരിച്ച് ആർപ്പിന്റെ ആരവങ്ങളും വ്യത്യസ്ഥമായിരിക്കും മലക്കളി, ആശാരിക്കളി, അഴകോൽകളി, കോൽക്കളി, തുടങ്ങി നാനാ ജാതിക്കാർക്കും നാനാവിധ കളികളുണ്ട്. എല്ലാ ജാതിക്കാർക്കും ക്ഷേത്രത്തിൽ അവകാശങ്ങളുമുണ്ട്. അപ്പോഴും ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട അവകാശങ്ങളൊക്കെ വ്യപാരി നായന്മാർ എന്നറിയപ്പെടുന്ന സവർണ്ണർക്കാണ്.
ഇവർ ചാതുർവർണ്ണ്യവിധി പ്രകാരം വൈശ്യ വിഭാഗത്തിൽപെട്ടവരാണ് എന്നവകാശപ്പെടാറുണ്ട്. എന്നാൽ കേരളത്തിൽ ബ്രാഹ്മണരും ശൂദ്രരും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ക്ഷത്രിയരും വൈശ്യരും ഉണ്ടായിരുന്നില്ലന്നും പഠനങ്ങളുണ്ട്. ബ്രാഹ്മണ സമുദായത്തിന്റെ താൽപ്പര്യാർത്ഥം, ശൂദ്രവിഭാഗത്തിലെ നായന്മാരിൽ നിന്ന്, കർമ്മം കൊണ്ട്, ക്ഷത്രിയവൽകരികപ്പെട്ടതും വൈശ്യവൽക്കരിക്കപ്പെട്ടതുമായ വിഭാഗങ്ങളെ സൃഷ്ടിച്ചതായി ചില ചരിത്ര പണ്ഡിതന്മാർ പറയുന്നു. അവരിൽപ്പെട്ടവരാകാം പിഷാരികാവ് ക്ഷേത്രത്തിലെ ഊരാളന്മാരായ വ്യാപാരി നായന്മാർ.
ചിത്രങ്ങൾ പകർത്തിയത് ജോണി എംപീസ് (ഗിരീഷ് ജോണി)
നാളെ അകമ്പടി ചെട്ടിമാർ……