പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നു; തിയ്യതി അത്താഴപൂജക്ക് ശേഷം
കൊയിലാണ്ടി: വടക്കെ മലബാറിലെ പ്രസിദ്ധ ക്ഷേത്രമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ കാളിയാട്ടം കുറിക്കല്‍ ചടങ്ങ് ഇന്ന് രാവിലെ നടന്നു. പ്രഭാത പൂജയ്ക്ക് ശേഷം പൊറ്റമല്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. ചടങ്ങിൽ നിരവധി ഭക്തജനങ്ങളും, ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു.
ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിദ്ധ്യത്തില്‍ പ്രശ്‌നം വെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിയ്ക്കുന്നത്. ഇന്നു ‘ രാത്രി അത്താഴപൂജയ്ക്ക് ശേഷം നട തുറക്കുമ്പോള്‍ ഷാരടി കുടുംബത്തിലെ ഒരംഗം കാളിയാട്ട മുഹൂര്‍ത്തം ഉച്ചത്തില്‍ വിളിച്ചറിയിക്കുന്നതാണ് ചടങ്ങ്.
പിഷാരികാവിലെ ഉത്സവം കാളിയാട്ടം എന്ന പേരിൽ മലബാറിൽ പ്രസിദ്ധമാണ്. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന ക്ഷേത്രോത്സവമാണ് പിഷാരികാവിലെ കാളിയാട്ട മഹോത്സവം.
കളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത് കുംഭ മാസത്തിലും കാളിയാട്ടം മീനമാസത്തിലായിരിക്കും നടത്തുക. ചേമഞ്ചേരിയിലുള്ള പൊറ്റമ്മല് കുടുംബത്തിലെ കാരണവരായ നമ്പീശനാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടത്തുന്നത്.