കീഴരിയൂർ ഊരുത്സവം നാളെ തുടങ്ങും

കൊയിലാണ്ടി:കീഴരിയൂരിന്റെ സാംസ്കാരികോൽസവമായ ഊരുൽസവം ഫിബ്രവരി ഒന്ന് ,രണ്ട് തീയതികളിൽ കീഴരിയൂർ പഞ്ചായത്തോഫീസിനു സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കും. കവിയും സിനിമാ ഗാന രചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഊരുൽസവം ഉദ്ഘാടനം ചെയ്യും. ഫിബ്രവരി ഒന്നിന് വൈകീട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം സാമൂഹ്യ നിരൂപകനും പ്രഭാഷകനും എഴുത്തുകാരനുമായ സണ്ണി.എം.കപിക്കാട് ഉദ്ഘാടനം ചെയ്യും. സിനിമാ ഗാന രചയിതാവും കവിയുമായ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥി ആയി പങ്കെടുക്കും ദേശാഭിമാനി വാരിക എഡിറ്റർ പ്രഫ.സി.പി. അബൂബക്കർ പ്രഭാഷണം നടത്തും. തുടർന്ന് റാന്തൽ തിയേറ്റർ വില്ലേജിന്റെ ‘ദൈവവും മനുഷ്യനും’ എന്ന നാടകം അരങ്ങേറും. ഒന്നിനു നടക്കുന്ന ഫോക്ലോർ രാവിൽ കണ്ണൂർ താവം ഫോക് ലോർ സംഘത്തിന്റെ തെയ്യം അവതരണം, നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്കാരം, നാടോടി നൃത്തം, നാട്ടറിവു പാട്ടുകൾ എന്നിവ അവതരിപ്പിക്കപ്പെടും. അന്നു നടക്കുന്ന ചിത്ര മേളം പരിപാടിയിൽ ജില്ലയിലെ പ്രധാന ചിത്രകാരന്മാർ പങ്കെടുക്കും.
       ഫിബ്രവരി രണ്ടിന് വൈകീട്ട് ആറുമണിക്ക് ഊരുൽസവ ഉദ്ഘാടനത്തിനോടൊപ്പം നടക്കുന്ന അവാർഡ് നിശയിൽ റാന്തൽ തിയേറ്റേഴ്സ് നടത്തിയ ജില്ലാതല ചെറുകഥാ മൽസരത്തിലെ വിജയിക്ക് മാലത്ത് നാരായണൻ സ്മാരക പുരസ്കാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഗോപാലൻ നായർ സമർപ്പിക്കും. തുടർന്ന് ‘കോഴി’ എന്ന സോളോ ഡ്രാമയും മലപ്പുറം സ്കൂൾ ഓഫ് തിയേറ്റർ അവതരിപ്പിക്കുന്ന ‘ബൊളീവിയൻ സ്റ്റാർസ്’ എന്ന നാടകവും അവതരിപ്പിക്കപ്പെടും. പുസ്തകോൽസവം, വിപണനമേള, ഭിന്നശേഷിക്കാരുടെ ഉൽപന്ന പ്രദർശനം എന്നിവയും ഊരുൽസവത്തിന്റെ ഭാഗമായി നടക്കും.
    പത്രസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ മാലത്ത് സുരേഷ്, എം.ജി.ബൽരാജ്, പ്രകാശൻ കണ്ണോത്ത്, പ്രീജിത്ത് ജി.പി, ലെനീഷ് ബേബി, സി.എം.കുഞ്ഞിമൊയ്തി, പി.കെ.പ്രകാശൻ എന്നിവർ പങ്കെടുത്തു.
Comments

COMMENTS

error: Content is protected !!