പിഷാരികാവ് ക്ഷേത്രോത്സവം നിയന്ത്രണങ്ങളും മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു.

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രോല്‍സവുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി, നഗരസഭാ ചെയര്‍ പേഴ്സൺ കെ പി സുധയുടെ അദ്ധ്യക്ഷതയില്‍ കൊയിലാണ്ടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. കോവിഡ് പശ്ചാത്തലത്തിൽ, മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അന്നദാനം , കലാപരിപാടികള്‍ എന്നിവ ഒഴിവാക്കി, ക്ഷേത്ര ചടങ്ങുകള്‍ക്ക് പ്രാധാന്യം നൽകിയായിരിക്കും ഉത്സവാഘോഷങ്ങളെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ വേണു അറിയിച്ചു.

ക്ഷേത്ര പരിസര പ്രദേശങ്ങളില്‍ മദ്യം,ലഹരി വസ്തുക്കള്‍ എന്നിവയുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതിനെതിരെ റവന്യൂ ,പോലിസ് ,എക്സൈസ് എന്നിവരുടെ സംയുക്ത പരിശോധന നടത്തുന്നതിനും ഉത്സവ ദിവസങ്ങളില്‍ കൊയിലാണ്ടി മേഖലയില്‍ മദ്യ നിരോധനം ഏര്‍പ്പെടുത്തുന്നതിനും ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഉത്സവത്തോടനുബന്ധിച്ച് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ക്ഷേത്ര പരിസരത്തും ഊടുവഴികളിലും നല്ല നിലയിൽ വെളിച്ചം ഒരുക്കുന്നതിനും സംവിധാനമുണ്ടാകും. തിരക്ക് നിയന്ത്രണം , ഗതാഗത നിയന്ത്രണം എന്നിവയ്ക്കായി പ്രത്യേക വളണ്ടിയര്‍മാരെ ചുമതലപ്പെടുത്തും. മനുഷ്യർക്ക് ഹാനികരമായ ഭക്ഷ്യ വസ്തുക്കളുടെ വില്പന തടയുന്നതിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും.

രാഷ്ട്രീയ സംഘര്‍ഷം ഒഴിവാക്കുന്നതിന് ക്ഷേത്ര പരിസരത്തെ പോസ്റ്റുകളിലും ചുമരുകളിലും സ്ഥാപിച്ചിട്ടുളള ഫ്ലക്സുകളും ചുവരെഴുത്തുകളും എടുത്തു മാറ്റും. പുതിയവ പതിക്കുന്നത് കര്‍ശനമായി തടയും. തഹസില്‍ദാര്‍ സി പി മണി ആവശ്യമായ നിര്‍ദ്ദേശം നല്‍കി.ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന വെടിക്കെട്ട്, ലൈസന്‍സ് എടുത്തതിനു ശേഷം ക‍ൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടു കൂടി മാത്രം നടത്താന്‍ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് തഹസില്‍ദാര്‍
നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ കൊയിലാണ്ടി സി ഐ, കെ സുനില്‍കുമാര്‍, വനം, ഫയര്‍ ആന്റ് റസ്ക്യൂ, മോട്ടോര്‍ വെഹിക്കിള്‍, എക്സൈസ്, സോഷ്യല്‍ ഫോറസ്ട്രി, ആരോഗ്യം തുടങ്ങിയ വിവിധ സര്‍ക്കാര്‍ വകുപ്പ് പ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ക്ഷേത്ര ഭാരവാഹികളും പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!